വി.കെ. കുട്ടു: അർബുദത്തിൽ തളരാത്ത ദൃഢനിശ്ചയം; ഓർമയാകുന്നത് മലബാറിന്റെ ചരിത്ര പണ്ഡിതൻ
text_fieldsവി.കെ. കുട്ടു
ഇരിട്ടി: സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും മലബാർ ചരിത്രം സ്വന്തം ജീവിതാനുഭവങ്ങളുമായി ചേർത്തുവെച്ച് എഴുതിയ ചരിത്ര പണ്ഡിതനെയാണ് വി.കെ. കുട്ടുസാഹിബിന്റെ വിയോഗത്തോടെ നഷ്ടമാകുന്നത്. തമസ്കരിക്കപ്പെട്ട തലശ്ശേരിയുടെ ചരിത്രരചനയിലൂടെയാണ് കുട്ടുസാഹിബ് ഗ്രന്ഥരചനക്ക് തുടക്കം കുറിക്കുന്നത്.
സമ്പൽസമൃദ്ധമായ തലശ്ശേരിയുടെ പഴയ കാലത്തെ സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും കഥ പുതു തലമുറക്ക് പകർന്നുനൽകേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവാണ് കോട്ടയത്തങ്ങാടിയുടെ പ്രതാപകാലത്തെ അറിയപ്പെടാത്ത അഥവാ അവഗണിച്ച ചരിത്രം വസ്തുതപരമായി അദ്ദേഹം വരച്ചുകാട്ടിയത്. അർബുദ രോഗിയായപ്പോഴും രോഗം വകവെക്കാതെ പ്രാദേശിക ചരിത്ര രചനയിലായിരുന്നു വി.കെ. കുട്ടു.
തലശ്ശേരി മുസ്ലിം ചരിത്രത്തിലൂടെ ഒരു യാത്ര, യുദ്ധ നിഴലിലെ ബാല്യ കൗമാരങ്ങൾ, കുരുമുളക് നാട്ടിലൂടെ തീർഥയാത്ര, വടക്കൻ മലബാറും അറക്കൽ ബീവിയും, അടയാളങ്ങൾ തുടങ്ങി അഞ്ചു പുസ്തകങ്ങൾ അദ്ദേഹം ഇതിനകം രചിച്ചിട്ടുണ്ട്. 1934 ൽ തലശ്ശേരിയിൽ ജനിച്ച അദ്ദേഹം മദ്രാസ് വിദ്യാഭ്യാസ ബോഡിന്റെ പതിനൊന്നാം ക്ലാസ് പാസായി. പിന്നിട് കർണാടകയിലെ ഹുസൂർ ലൈവ് സ്റ്റോക് ഫാമിലും തുടർന്ന് മദ്രാസ് വെറ്ററിനറി കോളജിൽ മൃഗ സംരക്ഷണത്തിൽ ഡിപ്ലോമയുമെടുത്തു. 1955 മുതൽ 1960 വരെ കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ മൃഗസംരക്ഷണ വകുപ്പിൽ ജോലി ചെയ്തു.
1989ൽ സൗദിയിലെ മദീന മർകസുൽ ഉലൂം സ്ഥാപനത്തിലും പ്രവർത്തിച്ചിട്ടുണ്ട്. ഉളിയിൽ ടൗൺ ജുമാമസ്ജിദ് രക്ഷാധികാരി, നരയംപാറ ഐഡിയൽ ട്രസ്റ്റ് സ്ഥാപക അംഗം, ജമാഅത്തെ ഇസ്ലാമി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
ഭാര്യ: പരേതയായ ടി.പി. റംല. മക്കൾ: സൗദ, ബുഖാരി (ഖത്തർ), റഹ്മത്ത്, സിദ്ദീഖ്, ഹൈറുന്നിസ, ഫാറൂഖ് (സൗദി). മരുമക്കൾ: ഹാറൂൺ, ബഷീർ, ആയിഷ, അമീന, കദീജ, പരേതനായ അനസ്. ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ഉളിയിൽ പഴയ പള്ളി ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

