വി.കെ. ഇബ്രാഹിംകുഞ്ഞ് -പൊതുപ്രവർത്തനത്തിലെ ജനകീയമുഖം
text_fieldsകൊച്ചി: അനിതരസാധാരണ നേതൃപാടവവും സാധാരണക്കാരുമായുള്ള ഹൃദയബന്ധവുംകൊണ്ട് തെക്കൻ കേരളത്തിൽ മുസ്ലിംലീഗിന് സ്വാധീനം നേടിക്കൊടുത്ത നേതാവായിരുന്നു വി.കെ. ഇബ്രാഹിംകുഞ്ഞ്. ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിലെ ചടുലതയും കൃത്യതയും വിശ്വസ്തതയുമാണ് പാർട്ടിക്കുള്ളിലും നേതാക്കളുടെ മനസ്സിലും അദ്ദേഹത്തിന്‍റെ ഇരിപ്പിടം ഉറപ്പിച്ചത്. സാധാരണക്കാർക്ക് ഏതാവശ്യത്തിനും സമീപിക്കാവുന്ന നേതാവ് എന്നത് അദ്ദേഹം പൊതുപ്രവർത്തനത്തിലൂടെ സമ്പാദിച്ച പേരാണ്.
എടയാറിലെ ബിനാനി സിങ്ക് എന്ന വ്യവസായ സ്ഥാപനത്തിലെ സാധാരണ ജോലിക്കാരനിൽനിന്ന് കേരളത്തിന്‍റെ വ്യവസായ മന്ത്രിയുടെവരെ കസേരയിലേക്കുള്ള വളർച്ചക്ക് അവിശ്വസനീയ വേഗമുണ്ടായിരുന്നു. നാലുതവണ എം.എൽ.എയും രണ്ടുതവണ മന്ത്രിയുമായ ഇബ്രാഹിംകുഞ്ഞ് ആരോപണങ്ങൾക്കും വിവാദങ്ങൾക്കും മുന്നിൽ സ്വന്തം ശരികളിലും ജനപിന്തുണയിലും വിശ്വാസമർപ്പിച്ച് ജനകീയതയുടെ മുഖമുദ്രയുമായി ഉറച്ചുനിന്നു. 2001ൽ 12,183 വോട്ടിന്‍റെയും 2006ൽ 15,523 വോട്ടിന്‍റെയും ഭൂരിപക്ഷത്തിൽ മട്ടാഞ്ചേരിയിൽനിന്നും 2011ൽ 7789 വോട്ടിന്‍റെയും 2016ൽ 12,118 വോട്ടിന്‍റെയും ഭൂരിപക്ഷത്തിൽ കളമശ്ശേരിയിൽനിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട വിവാദങ്ങളും ആരോഗ്യപ്രശ്നങ്ങളും മൂലം പിന്നീട് അദ്ദേഹം സജീവരാഷ്ട്രീയത്തിൽനിന്ന് ഏറക്കുറെ വിട്ടുനിൽക്കുകയായിരുന്നു.
2006ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വീശിയടിച്ച ഇടതുതരംഗത്തിലും എറണാകുളം ജില്ലയിൽ യു.ഡി.എഫിന്‍റെ മാനംകാത്തത് ഇബ്രാഹിംകുഞ്ഞായിരുന്നു. രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ ഐസ്ക്രീം വിവാദത്തെത്തുടർന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി രാജിവെച്ചൊഴിഞ്ഞ വ്യവസായമന്ത്രിപദം ഏറ്റെടുക്കുമ്പോൾ ഇബ്രാഹിംകുഞ്ഞിന് 52 വയസ്സ്. കുഞ്ഞാലിക്കുട്ടിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെട്ടിരുന്ന അദ്ദേഹത്തെ മുതിർന്ന എം.എൽ.എമാരെയെല്ലാം തഴഞ്ഞ് മന്ത്രിസഭയിലേക്ക് നിർദേശിക്കാൻ ലീഗ് നേതൃത്വത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.
ലീഗിലെ സൗമ്യ മുഖം
കൊച്ചി: മുസ്‍ലിം ലീഗിലെ സൗമ്യ മുഖങ്ങളിലൊന്നായ ഇബ്രാഹിംകുഞ്ഞ് എക്കാലവും പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഏറ്റവും വിശ്വസ്തനായ നേതാവായാണ് അറിയപ്പെട്ടിരുന്നത്. 1993 മുതൽ 96 വരെ സംസ്ഥാന സർക്കാറിന് കീഴിലെ ഫോറസ്റ്റ് ഇൻഡസ്ട്രീസ് (ട്രാവൻകൂർ) ലിമിറ്റഡ് ചെയർമാനായിരുന്നു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടർ, എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ്, കെ.എം.ഇ.എ സംസ്ഥാന വൈസ് പ്രസിഡന്‍റ്, എടത്തല സി.എച്ച് മുഹമ്മദ് കോയ കോളജ് ഓഫ് എൻജിനീയറിങ് ചെയർമാൻ, അങ്കമാലി ടെൽക് ടെക്നിക്കൽ എംപ്ലോയീസ് അസോസിയേഷൻ, ഇരുമ്പനം ട്രാക്കോ കേബിൾ സ്റ്റാഫ് ആന്‍റ് വർക്കേഴ്സ് ഓർഗനൈസേഷൻ, ചവറ മിനറൽ ആന്‍റ് മെറ്റൽ എംപ്ലോയീസ് അസോസിയേഷൻ, ഉദ്യോഗമണ്ഡൽ ടി.സി.സി എംപ്ലോയീസ് യൂനിയൻ, തിരുവല്ല ഷുഗേഴ്സ് യൂനിയൻ തുടങ്ങിയവയുടെ പ്രസിഡന്‍റ്, കൊച്ചി സർവകലാശാല സിൻഡിക്കേറ്റംഗം, ഗ്രന്ഥശാല സംഘം ജില്ല ബോർഡംഗം, അൽമനാർ പബ്ലിക് സ്‌കൂൾ സെക്രട്ടറി, ‘ചന്ദ്രിക’ ദിനപ്പത്രത്തിന്‍റെ ഡയറക്ടർ ബോർഡംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ഡെക്കാന്‍ ക്രോണിക്കിൾ പത്രം ഏർപ്പെടുത്തിയ 2012ലെ മികച്ച മന്ത്രിക്കുള്ള അംഗീകാരം ലഭിച്ചു.
2012ൽ കേരളരത്‌ന പുരസ്‌കാരം, ബെസ്റ്റ് മിനിസ്റ്റര്‍ ഓഫ് 2013 കേളീ കേരള പുരസ്‌കാരം, യു.എസ്.എ ഇന്റര്‍നാഷനല്‍ റോഡ് ഫെഡറേഷന്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. പാലാരിവട്ടം മേൽപാലം നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ഇബ്രാഹിംകുഞ്ഞിനെ 2020 മാർച്ചിൽ അഞ്ചാം പ്രതിയാക്കി വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. നവംബർ 18ന് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു.
ലീഗ് പൊതുപരിപാടികൾ മാറ്റിവെച്ചു
കോഴിക്കോട്: അന്തരിച്ച മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ വി.കെ. ഇബ്രാഹിം കുഞ്ഞിനോടുള്ള ആദരസൂചകമായി പാർട്ടിയുടെയും പോഷക സംഘടനകളുടെയും വ്യാഴാഴ്ച വരെയുള്ള പൊതുപരിപാടികൾ മാറ്റിവെച്ചതായി സംസ്ഥാന ജന. സെക്രട്ടറി അഡ്വ. പി.എം.എ. സലാം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

