മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു
text_fieldsകൊച്ചി: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.40നാണ് അന്ത്യം. വൈകീട്ട് ആറ് മുതൽ കളമശ്ശേരി ഞാലകം കൺവെൻഷൻ സെന്ററിൽ പൊതുദർശനത്തിന് വെച്ചശേഷം മൃതദേഹം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഖബറടക്കം ബുധനാഴ്ച രാവിലെ 9.30ന് ആലങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
നദീറയാണ് ഭാര്യ. മക്കൾ: അഡ്വ. വി.ഇ. അബ്ദുൽ ഗഫൂർ (മുസ്ലിം ലീഗ് എറണാകുളം ജില്ല ജനറൽ സെക്രട്ടറി), വി.ഇ. അബ്ബാസ്, വി.ഇ. അനൂബ് (ഇരുവരും വ്യവസായികൾ). മരുമക്കൾ: ദിലാറ, നദിയ, നൗഫിയ. മുൻ അഡീഷനൽ അഡ്വക്കറ്റ് ജനറൽ വി.കെ. ബീരാൻ സഹോദരനും രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാന് സഹോദരപുത്രനുമാണ്. മലബാറിന് പുറത്തേക്ക് മധ്യകേരളത്തിൽ ലീഗിനെ വളർത്തിയ നേതാക്കളിൽ പ്രമുഖനായിരുന്നു ഇബ്രാഹിംകുഞ്ഞ്. 1952 മേയ് 20ന് ആലുവക്കടുത്ത് ആലങ്ങാട് പഞ്ചായത്തിലെ കൊങ്ങോർപ്പിള്ളിയിൽ വി.യു. ഖാദർ -ചിത്തുമ്മ ദമ്പതികളുടെ മകനായാണ് ജനനം.
എം.എസ്.എഫിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനത്തിന്റെ തുടക്കം. ആലുവ ബിനാനി സിങ്കിലെ ജീവനക്കാരനായിരുന്നു. പിന്നീട് എസ്.ടി.യു ജില്ല പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റും യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹിയുമായി. രണ്ട് പതിറ്റാണ്ടോളം മുസ്ലിം ലീഗ് ജില്ല സെക്രട്ടറിയും പിന്നീട് ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായിരുന്ന അദ്ദേഹം, സംസ്ഥാന പ്രവർത്തകസമിതിയിലും എത്തി.
മുൻ ഡെപ്യൂട്ടി സ്പീക്കർ കെ.എം. ഹംസക്കുഞ്ഞിന്റെ പേഴ്സനൽ സ്റ്റാഫ് അംഗമായിരുന്നു. എറണാകുളം ജില്ലയിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായ പങ്ക് വഹിച്ചു. 2001ൽ മട്ടാഞ്ചേരിയിൽനിന്നാണ് നിയമസഭയിലേക്ക് കന്നി മത്സരം. സിറ്റിങ് എം.എൽ.എ എം.എ. തോമസിനെ 12,000ത്തിലധികം വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി.
2005 ജനുവരിയിൽ ഐസ്ക്രീം കേസ് വിവാദത്തെത്തുടർന്ന് കുഞ്ഞാലിക്കുട്ടി സ്ഥാനമൊഴിഞ്ഞപ്പോൾ ഒന്നര വർഷത്തോളം വ്യവസായ-സാമൂഹികക്ഷേമ മന്ത്രിയായി. 2011ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായി.
2006ൽ 15,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.സി. ജോസഫൈനെ പരാജയപ്പെടുത്തി മട്ടാഞ്ചേരിയിൽനിന്ന് വീണ്ടും നിയമസഭാംഗമായി. ഈ മണ്ഡലം ഇല്ലാതായതോടെ 2011ലും 2016ലും കളമശ്ശേരിയിൽനിന്നാണ് നിയമസഭയിലെത്തിയത്. മട്ടാഞ്ചേരി മണ്ഡലത്തിന്റെ അവസാന എം.എല്.എയും കളമശ്ശേരി മണ്ഡലത്തിന്റെ ആദ്യ എം.എൽ.എയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

