വിഴിഞ്ഞം സമരം: ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന് പള്ളികളിൽ സർക്കുലർ
text_fieldsതിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടേതു നിലനിൽപ്പിന് വേണ്ടിയുള്ള സമരമാണെന്നും തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് പലരും വിഭജിക്കാനും പിന്തിരിപ്പിക്കാനും ശ്രമിക്കുന്നുണ്ടെന്നും പ്രലോഭനങ്ങളിൽ അകപ്പെടാതെ ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും പള്ളികളിൽ ആഹ്വാനം. വിഴിഞ്ഞത്ത് സമരം ശക്തമായി തുടരുന്നതിനിടെയാണ് ലത്തീൻ അതിരൂപതയുടെ പള്ളികളിൽ പ്രത്യേക സർക്കുലർ വായിച്ചത്.
പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടെങ്കിലും ചില കാര്യങ്ങൾ നടത്താം എന്നു പറഞ്ഞതല്ലാതെ മുഖ്യകാര്യങ്ങളിൽ തീരുമാനം കൈക്കൊള്ളാൻ മടിക്കുന്ന സാഹചര്യത്തിൽ സമരപരിപാടികളുമായി മുന്നോട്ടു പോകും. കടൽത്തീരത്ത് ജീവിക്കാനും മത്സ്യബന്ധനം നടത്താനുമുള്ള അവകാശം ഭരണഘടനാപരമാണ്.
വിഴിഞ്ഞം തുറമുഖ നിർമാണവും കടൽ നികത്തലും കടലിന്‍റെ അടിത്തട്ടിളക്കിയുള്ള ഡ്രഡ്ജിങ്ങും മത്സ്യത്തൊഴിലാളികളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാണ്. വലിയവേളിവരെ വലിയ തീരശോഷണമുണ്ടായി. വീടുകൾ തകർന്നതിനാൽ മുന്നൂറിലേറെ കുടുംബങ്ങൾ മനുഷ്യോചിതമല്ലാത്ത ക്യാമ്പുകളിൽ കഴിയുകയാണ്. വിഴിഞ്ഞത്ത് നിലവിലുള്ള മത്സ്യബന്ധന തുറമുഖം തകർച്ചയുടെ വക്കിലാണ്. ഇതിനകം തിരയിളക്കത്തിൽ വള്ളം മറിഞ്ഞ് അഞ്ചു പേർ മരിച്ചു. ധാരാളം മത്സ്യബന്ധന ബോട്ടുകളും അപകടത്തിൽപ്പെട്ടു.
വിഴിഞ്ഞം ഇടവകയിലെ ജനങ്ങളെപ്പോലും വിശ്വാസത്തിലെടുക്കാതെ റെയിൽപ്പാത നിർമിക്കാൻ വീടുകളിൽ കയറി കുറ്റിയടിച്ചു. വലിയ കടപ്പുറം മുതൽ പൂവാർ വരെ കപ്പൽചാനലിന്‍റെ പേരിൽ പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിച്ച് മത്സ്യബന്ധനം തടസ്സപ്പെടുത്താനുള്ള ഗൂഢ നീക്കം ആരംഭിച്ചിരിക്കുന്നു. കൊല്ലങ്കോട്, പരുത്തിയൂർ ഇടവകകളിൽ തീരശോഷണം കാരണം അനേകം വീടുകൾ കടലെടുത്തു. മുതലപ്പൊഴിയിൽ അശാസ്ത്രീയമായി നിർമിച്ച പുലിമുട്ട് കാരണം 50 ൽ ഏറെ മത്സ്യത്തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെട്ടു. താഴംപള്ളി, പൂത്തുറ, അഞ്ചുതെങ്ങ്, മാമ്പള്ളി ഇടവകകളിൽ വീടുകൾ കടലെടുത്തു.
പുലിമുട്ട് നിർമാണവും ഡ്രഡ്ജിങ്ങും കാരണം കടലിന്റെ ആവാസ വ്യവസ്ഥയും മത്സ്യസമ്പത്തും ഇല്ലാതാവുകയാണെന്നും സർക്കുലറിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

