വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാർ നീക്കത്തിൽ ദുരൂഹത, അദാനിയുടേത് വഴിവിട്ട നീക്കം -പിണറായി
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ 49 ശതമാനം ഓഹരികൾ എം.എസ്.സിയുടെ സബ്സിഡിയറി കമ്പനിയായ മുണ്ടി ലിമിറ്റഡിന് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിൽ വൻ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ ആരോപിച്ചു. വിഷയത്തെ സർക്കാർ ഗൗരവകരമായല്ല കാണുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിഴിഞ്ഞം പദ്ധതിയുടെ കൺസഷൻ എഗ്രിമെന്റിലെ ക്ലോസ് 5.3 പ്രകാരം, ഓഹരി കൈമാറ്റത്തിന് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. ഈ അനുമതി വാങ്ങാതെയാണ് അദാനി ഗ്രൂപ്പ് ഓഹരി കൈമാറ്റത്തിനായി സെബിക്ക് അപേക്ഷ നൽകിയത്. ഇത് കേവലമൊരു സാങ്കേതികതയല്ല, മറിച്ച് പദ്ധതിയുടെ സുരക്ഷയും ആവശ്യകതയും പരിശോധിക്കാൻ സർക്കാരിനുള്ള അവകാശമാണ്.
2015ലെ സെബി ലിസ്റ്റിംഗ് ഒബ്ലിഗേഷൻ ഡിസ്ക്ലോഷർ റെഗുലേഷൻ 30ലെ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ അദാനി ഗ്രൂപ്പ് പരാജയപ്പെട്ടു. കൃത്യവും സുതാര്യവുമായ വെളിപ്പെടുത്തലുകൾ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
നിയമസഭയിൽ ഈ വിഷയം ഉന്നയിച്ചപ്പോൾ തങ്ങൾക്ക് യാതൊരു അറിവുമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാൽ, തുറമുഖം, നിയമം, ധനകാര്യം എന്നീ പ്രധാന വകുപ്പുകളെല്ലാം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെ ഈ വിഷയത്തിൽ പുലർത്തുന്ന നിസ്സംഗത ദുരൂഹമാണ്. സർക്കാരിനെ മറികടന്ന് മുന്നോട്ടുപോകാൻ അദാനി ഗ്രൂപ്പിന് ലഭിച്ച ധൈര്യം എവിടെനിന്നാണെന്ന് സർക്കാർ വ്യക്തമാക്കണം. നിയമസഭയിൽ വിഷയം ഉന്നയിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ വിശദീകരണം ഏറെ ലാഘവമുള്ളതായിരുന്നു.
ഗുരുതരമായ കരാർ ലംഘനം നടന്നിട്ടും, നിയമോപദേശം തേടുമെന്നോ സെബിക്ക് പരാതി നൽകുമെന്നോ സർക്കാർ ഉറപ്പിച്ചു പറയുന്നില്ല. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയും സെബി ചട്ടങ്ങൾ പാലിക്കാതെയും നൽകിയ ഓഹരി കൈമാറ്റ അപേക്ഷയിൽ അദാനി ഗ്രൂപ്പിനോട് സർക്കാർ അടിയന്തരമായി വിശദീകരണം തേടണം.
ദേശീയ സുരക്ഷയും പൊതുതാല്പര്യവും കണക്കിലെടുത്ത്, ഈ കരാർ ലംഘനത്തിനെതിരെ സെബി, സ്റ്റോക്ക് എക്സ്ചേഞ്ച് അധികാരികൾ എന്നിവർക്ക് പരാതി നൽകി ശക്തമായ മേൽനടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. സർക്കാർ അദാനി ഗ്രൂപ്പിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന സംശയം ബലപ്പെടുത്തുന്നതാണ് നിലവിലെ സാഹചര്യങ്ങൾ. ഇത് ഒഴിവാക്കാൻ സർക്കാർ കാര്യക്ഷമമായി ഇടപെടടണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

