വിഴിഞ്ഞം തുറമുഖം: റോഡ് മാർഗമുള്ള ചരക്കുനീക്കം ഉടൻ -മുഖ്യമന്ത്രി
text_fieldsവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രണ്ടാംഘട്ട നിർമാണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു. കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ, മന്ത്രിമാരായ വി. ശിവൻകുട്ടി, കെ.എൻ. ബാലഗോപാൽ, ജി.ആർ. അനിൽ, വി.എൻ. വാസവൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ, മേയര്‍ വി.വി. രാജേഷ് സമീപം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തുനിന്നും ഏറ്റവും അടുത്ത ദിവസങ്ങളിൽ റോഡുവഴിയുള്ള ചരക്കുനീക്കം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയുടെ ലോജിസ്റ്റിക് മേഖലയിൽ കേരളം പ്രധാന ശക്തിയായി മാറുകയാണ്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ നിർമാണ പ്രവർത്തനങ്ങളുടെയും പോർട്ട് ദേശീയപാത റോഡിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രതിമാസം 50ലേറെ കപ്പലുകൾ ഈ തുറമുഖത്ത് വന്നുപോകുന്നു. ചുരുങ്ങിയ സമയംകൊണ്ട് 1,000 കപ്പലുകൾ എന്ന നേട്ടം കയ്യെത്തും ദൂരത്തുണ്ട്.
ഒന്നാംഘട്ടത്തിനായി 5,500 കോടിയോളം രൂപയാണ് സംസ്ഥാന സർക്കാർ മുടക്കിയത്. മറ്റൊരു സർക്കാരും തുറമുഖ നിർമാണത്തിനായി ഇത്രയും വലിയൊരു നിക്ഷേപം നടത്തിയിട്ടില്ല. ആദ്യ വർഷം തന്നെ 615 കപ്പലുകളും 1.32 ദശലക്ഷം കണ്ടെയ്‌നറുകളും വിഴിഞ്ഞം കൈകാര്യം ചെയ്തു. 2025 ഡിസംബറിൽ മാത്രം 1.21 ലക്ഷം ടി.ഇ.യു കൈകാര്യം ചെയ്തു. ഏറ്റവും വലുതും ഏറ്റവും ഡ്രാഫ്റ്റ് കൂടിയതുമായ കപ്പലുകൾ വിഴിഞ്ഞത്ത് നങ്കൂരമിട്ടു.
അതുവഴി ഈ തുറമുഖത്തിന്റെ കരുത്ത് ലോകം തിരിച്ചറിഞ്ഞു. വിഴിഞ്ഞത്തിന് മുമ്പ് പ്രവർത്തനം തുടങ്ങിയ പല തുറമുഖങ്ങളെയും പിന്നിലാക്കിയാണ് ഈ കുതിപ്പ്. തുറമുഖം, പൂർണ വികസനം കൈവരിക്കുന്നതോടെ രാജ്യാന്തര ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബായി ഉയരും. കടൽവാണിജ്യ ഭൂപടത്തിൽ അതിപ്രധാന കേന്ദ്രമായി വിഴിഞ്ഞം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വി.എൻ. വാസവൻ അധ്യക്ഷ വഹിച്ചു. കേന്ദ്ര ഷിപ്പിങ് ആൻഡ് വാട്ടര്‍വേയ്സ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യതിഥിയായിരുന്നു. മന്ത്രിമാരായ വി. ശിവന്‍കുട്ടി, കെ.എന്‍. ബാലഗോപാല്‍, ജി.ആര്‍. അനില്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മേയര്‍ അഡ്വ. വി.വി. രാജേഷ്, അഡ്വ. എ.എ. റഹിം എം.പി, അഡ്വ. എം. വിന്‍സന്‍റ് എം.എൽ.എ, കരണ്‍ അദാനി, ഡോ. എ. കൗശികന്‍, ഡോ. ദിവ്യ എസ്. അയ്യര്‍ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

