വിഴിഞ്ഞം ഉമ്മൻ ചാണ്ടിയുടെ ചോരയും വിയർപ്പും; ചെയ്ത തെറ്റുകൾക്ക് കാലത്തോടും ആ മനുഷ്യനോടും മാപ്പ് ചോദിക്കണം -കെ.സി. വേണുഗോപാൽ
text_fieldsതിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ ചോരയും വിയർപ്പുമാണ് വിഴിഞ്ഞം തുറമുഖമെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. വിഴിഞ്ഞം തുറമുഖത്തിന്റെ നാൾവഴികളിലെ ഓരോ പ്രതിസന്ധിഘട്ടങ്ങളിലും ഊർജവും നേതൃത്വവും കൊണ്ട് ആ പദ്ധതിയെ മുന്നോട്ടുനയിച്ച ഉമ്മൻ ചാണ്ടിയെന്ന ഭരണാധികാരിയെ ഓർക്കാതെ ഒരുനിമിഷം പോലും മുന്നോട്ടുപോകാൻ കഴിയില്ല. ആ മനുഷ്യൻ ഒഴുക്കിയ ചോരയും വിയർപ്പും ആത്മസമർപ്പണവും ഓർക്കാതെ ഈ ചരിത്രനിമിഷം പൂർണവുമാവില്ല. അതുകൊണ്ടുതന്നെ ഈ ചരിത്ര പദ്ധതി പൂർത്തിയാവുമ്പോൾ അതിന് ഉമ്മൻ ചാണ്ടിയുടെ പേര് തന്നെയായിരിക്കണം ഉണ്ടാവേണ്ടത്. ചെയ്ത തെറ്റുകൾക്ക് കാലത്തോടും ആ മനുഷ്യനോടും മാപ്പ് ചോദിക്കാനും അദ്ദേഹത്തിന്റെ ഓർമകളോടെങ്കിലും നീതി കാണിക്കാനും സർക്കാർ തയ്യാറാകണം -കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
‘കേരളത്തിന്റെ ഭാവിക്ക് അനന്തമായ സാധ്യതകൾ തുറന്നുനൽകുന്നതാണ് വിഴിഞ്ഞം തുറമുഖം. സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് തന്നെ വിഴിഞ്ഞം പുതിയൊരു ഏടായി മാറുമെന്നതിൽ സംശയമില്ല. വിഴിഞ്ഞം തുറമുഖം കമ്മീഷനിങ്ങിനോടടുക്കുമ്പോൾ, ചരിത്രത്തോട് നീതി പുലർത്തേണ്ടുന്ന ബാധ്യതയും കടമയും സർക്കാരിനുണ്ട് എന്ന് ഓർമ്മിപ്പിക്കുന്നു.
ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ വിഴിഞ്ഞം പദ്ധതി യുഡിഎഫ് കൊണ്ടുവന്ന കാലത്ത് അതിനെ നഖശിഖാന്തം എതിർത്തത് ഇന്ന് കേരളം ഭരിക്കുന്ന സി.പി.എമ്മും അന്നത്തെ പാർട്ടി സെക്രട്ടറിയുമായ പിണറായി വിജയനാണ് എന്നതും കേരളം ഓർക്കേണ്ടതുണ്ട്. 5000 കോടി രൂപയുടെ പദ്ധതിയിൽ 6000 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് അഴിമതിയുണ്ടെന്നായിരുന്നു അന്ന് എതിർക്കുന്നവരുടെ സിദ്ധാന്തം. ഒടുവിൽ ഭരണത്തിൽ എത്തിയശേഷം വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ അന്വേഷണ കമ്മീഷനെ നിയമിച്ചു. കമ്മീഷൻ നൽകിയതോ ക്ലീൻ ചിറ്റും.
ഇങ്ങനെ ഒരു രാഷ്ട്രീയ ജീവിതകാലം മുഴുവൻ വേട്ടയാടപ്പെട്ടിട്ടും കേരളത്തിന്റെ വികസന സ്വപ്നങ്ങളെ നെഞ്ചിലേറ്റിയ ഭരണാധികാരിയോട് നീതി പുലർത്തേണ്ട കാലമാണിത്. ഉമ്മൻ ചാണ്ടി ഒരു ചരിത്രമാണ്. ആ ചരിത്രത്തെ തമസ്കരിച്ചോ തിരസ്കരിച്ചോ കടന്നുപോകാൻ കഴിയില്ല. വിഴിഞ്ഞം യാഥാർഥ്യമാകുമ്പോൾ, അതിനുണ്ടാവേണ്ടത് ആ പദ്ധതിയുടെ ശിൽപ്പിയുടെ പേരാണ്, ഉമ്മൻ ചാണ്ടി. ചെയ്ത തെറ്റുകൾക്ക് കാലത്തോടും ആ മനുഷ്യനോടും മാപ്പ് ചോദിക്കാനും അദ്ദേഹത്തിന്റെ ഓർമകളോടെങ്കിലും നീതി കാണിക്കാനും സർക്കാർ തയ്യാറാകണം’ -കെ.സി. വേണുഗോപാൽ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

