‘ഓഹരി കൈമാറ്റത്തില്‍ അഴിമതിയുണ്ടെന്ന് പറയാൻ താനില്ല’; വിഴിഞ്ഞം: പാര്‍ട്ടി നിലപാട് തള്ളി ഇ.പി. ജയരാജൻ
text_fieldsകണ്ണൂര്‍: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദത്തിൽ സി.പി.എം നിലപാടിനെ തള്ളി കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ. വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ അഴിമതിയുണ്ടെന്ന് പറയാൻ താനില്ലെന്നും കരാർ ഭേദഗതിയൊന്നും അത്ര എളുപ്പമല്ലെന്നും ഇ.പി. ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ഓഹരി കൈമാറ്റത്തിൽ സംസ്ഥാന സര്‍ക്കാറിനും മുഖ്യമന്ത്രി വി.ഡി. സതീശനുമെതിരെ അഴിമതിയാരോപിച്ച് സി.പി.എം ശക്തമായി നിലകൊള്ളുന്നതിനിടെയാണ് ഇ.പിയുടെ വേറിട്ട നിലപാട്.
വിഴിഞ്ഞം വിഷയത്തില്‍ വിവാദമുണ്ടാക്കുന്നത് കേരളത്തിന് ഒട്ടും ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും അഴിമതി ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കില്‍ അവര്‍ തന്നെ അത് വിശദീകരിക്കട്ടെ. ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ആരുവേണമെങ്കിലും അന്വേഷിക്കട്ടെയെന്നും ഇ.പി പറഞ്ഞു. ഓഹരി കൈമാറ്റത്തില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ.കെ. രാഗേഷ് മുഖ്യമന്ത്രിയോട് അഞ്ചുചോദ്യങ്ങള്‍ ഉന്നയിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ‘അത് ആക്ഷേപമുന്നയിച്ചവരോട് ചോദിക്കണം’ എന്നായിരുന്നു മറുപടി.
‘വിഴിഞ്ഞം തുറമുഖത്തിന്റെ പേരില്‍ വിവാദത്തിലേക്ക് പോയി അതിന്റെ പ്രവര്‍ത്തനങ്ങളെ നിര്‍ജീവമാക്കുന്നത് ഗുണകരമല്ല. നിലവിലുള്ള കരാര്‍ വ്യവസ്ഥയില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അനുമതി നിര്‍ബന്ധമാണ്. ഏതെങ്കിലും ഒരുകരാറുകാരന് മാത്രമായി ഭേദഗതി വരുത്താനോ പുറംകരാര്‍ ഉണ്ടാക്കാനോ ആരെയെങ്കിലും പുതുതായി ഓഹരി ഉടമയാക്കി ചേര്‍ക്കാനോ കഴിയില്ല. ഇക്കാര്യങ്ങള്‍ അദാനി ഗ്രൂപ് തന്നെ വിശദീകരിച്ചിട്ടുള്ളതാണ്. ഇപ്പോള്‍ ഇതില്‍ തര്‍ക്കമുണ്ടെന്ന് കരുതുന്നില്ല’ -ഇ.പി. ജയരാജൻ വിശദീകരിച്ചു. വി.ഡി. സതീശൻ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നതിന് മുമ്പ് പ്രത്യേക വിമാനത്തിൽ മംഗളൂരുവിൽ പോയി അദാനി അധികൃതരെ കണ്ടാണ് 49 ശതമാനം ഓഹരികൈമാറ്റ നീക്കം നടത്തിയതെന്നും ഇതിൽ വൻ അഴിമതി നടന്നുവെന്നുമാണ് സി.പി.എം ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

