വിഴിഞ്ഞം: എംപവേഡ് കമ്മിറ്റി പരിശോധിക്കും;സംസ്ഥാന താൽപര്യത്തിനെതിരായി തീരുമാനമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള എംപവേഡ് കമ്മിറ്റിയുടെ വിശദ പരിശോധനക്ക് സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. കരാര്‍ വ്യവസ്ഥകള്‍, നിയമപരമായ കാര്യങ്ങള്‍, സംസ്ഥാന താൽപര്യം എന്നീ കാര്യങ്ങളാണ് സമിതി പരിശോധിക്കുകയെന്നും സംസ്ഥാന താൽപര്യങ്ങൾക്ക് വിരുദ്ധമായ ഒരു തീരുമാനവും ഉണ്ടാകില്ലെന്നും മന്ത്രിസഭ യോഗശേഷം വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് തങ്ങളുടെ 49 ശതമാനം ഓഹരി എം.എസ്.സി കമ്പനിക്ക് നല്‍കുന്നത് സംബന്ധിച്ച തുറമുഖ നടത്തിപ്പുകാരായ അദാനി പോർട്ടിന്റെ കത്ത് മന്ത്രിസഭ ചര്‍ച്ച ചെയ്താണ് പരിശോധിക്ക് എംപവേഡ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്.
തുറമുഖവുമായി ബന്ധപ്പെട്ട് ഒരു ഓഹരി കൈമാറ്റവും നടന്നിട്ടില്ലെന്നും എന്നാൽ, ഇക്കാര്യം കഴിഞ്ഞ സർക്കാറിന് അറിയാമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തുറമുഖ ഉടമസ്ഥരായ സംസ്ഥാന സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഒരു ഓഹരി കൈമാറ്റവും നടത്താനാകില്ല. കണ്സഷന് എഗ്രിമെന്റിൽ തുറമുഖ വികസനവും ഓപറേഷനും നടത്താനുള്ള പാര്‍ട്ടി മാത്രമാണ് അവര്‍.
തുറമുഖവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് വൈകാരികമായാണ് വി.ഡി. സതീശൻ പ്രതികരിച്ചത്. തന്നെ മാത്രം ലക്ഷ്യംവെച്ച് മാധ്യമങ്ങളിൽ വാർത്തകൾ വരുന്നതിൽ അദ്ദേഹം നീരസം പ്രകടിപ്പിച്ചു. വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ മൂന്ന് ചോദ്യങ്ങള്‍ ചോദിച്ചു. തിരിച്ച് തനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്; എം.എസ്.സി കമ്പനിക്ക് ഓഹരികള്‍ കൈമാറാനുള്ള നീക്കത്തില്‍ ഈ സര്‍ക്കാര്‍ എന്തു തെറ്റാണ് ചെയ്തതെന്നാണ് തന്റെ ചോദ്യം. ആദ്യമായാണ് മാധ്യമപ്രവര്‍ത്തകരോട് താൻ ചോദ്യം ചോദിക്കുന്നത്. അതിന് മറുപടി തരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 60 ശതമാനം മാധ്യമങ്ങളും പറഞ്ഞത് വിഴിഞ്ഞത്തെ ഓഹരി കൈമാറ്റം നടന്നെന്നാണ്. ഓഹരി കൈമാറ്റം സംബന്ധിച്ച് വാര്‍ത്ത വരുപ്പോഴാണ് താൻ അറിഞ്ഞത്-അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

