Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഴിഞ്ഞം: പുനരധിവാസവും...

വിഴിഞ്ഞം: പുനരധിവാസവും ജീവനോപാധി സംരക്ഷണവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

text_fields
bookmark_border
Pinarayi Vijayan
cancel

തിരുവനന്തപുരം: വികസന പദ്ധതികളിൽ പുനരധിവാസത്തിനും ജീവനോപാധി സംരക്ഷണത്തിനും മുന്തിയ പരിഗണന ഉറപ്പാക്കി​യിട്ടുണ്ടെന്നും വിഴിഞ്ഞം തുറമുഖ പദ്ധതിയിലും ഈ സമീപനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അവ മാനുഷിക മുഖത്തോടെയാകണമെന്ന്​ സര്‍ക്കാറിന് നിഷ്‌കര്‍ഷയുണ്ട്. ചട്ടം 300 പ്രകാരം നിയമസഭയിൽ പ്രസ്താവന നടത്തുകയായിരുന്നു മുഖ്യമന്ത്രി.

വിഴിഞ്ഞം സമരം രമ്യമായി അവസാനിപ്പിക്കാന്‍ മുന്‍കൈയെടുത്ത മലങ്കര കത്തോലിക്ക സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ബസേലിയോസ് ക്ലിമ്മീസ് ബാവയെ മുഖ്യമന്ത്രി പ്രത്യേകം പരാമര്‍ശിച്ചു. മത്സ്യത്തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്ത്​ വിഴിഞ്ഞം തുറമുഖ നിര്‍മാണം മുന്നോട്ടുകൊണ്ടുപോകാൻ നടപടികളാണ് എല്ലാ ഘട്ടത്തിലും സര്‍ക്കാര്‍ സ്വീകരിച്ചത്​. സമരസമിതി ഉന്നയിച്ച ആവശ്യങ്ങള്‍ക്കുള്ള പരിഹാര നിർദേശങ്ങളില്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചു. അവ നടപ്പാക്കിവരികയുമാണ്. ഭാവിയില്‍ പദ്ധതിയോട്​ പൂര്‍ണ സഹകരണം എല്ലാവിഭാഗം ജനങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ചർച്ചയിലെ ധാരണകൾ:

* വിഴിഞ്ഞം തുറമുഖ നിര്‍മാണം മൂലമുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാൻ രൂപവത്​കരിച്ച ജില്ല തല സമിതിക്ക് ചീഫ് സെക്രട്ടറിയും തുറമുഖ സെക്രട്ടറിയും മേല്‍നോട്ടം വഹിക്കും

*ഫ്ലാറ്റുകളുടെ നിര്‍മാണം ഒന്നരക്കൊല്ലം കൊണ്ട് പൂര്‍ത്തിയാക്കും. രണ്ടുമാസത്തെ വാടക അഡ്വാന്‍സായി നല്‍കും. പ്രതിമാസ വാടകയായി 5,500 രൂപ നല്‍കും.

* പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊർജിതപ്പെടുത്തും, വീടിന്റെ ആകെ വിസ്തീര്‍ണം 635 ചതുരശ്ര അടിയില്‍ അധികരിക്കാതെ ഡിസൈനുമായി ബന്ധപ്പെട്ട നിർദേശങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തും. വലയും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കാനായി പൊതുവായി സ്ഥലം ഒരുക്കും.

* തീരശോഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച പഠന സമിതി മത്സ്യത്തൊഴിലാളികളുടെ വിദഗ്​ധ പ്രതിനിധികളുമായി ചര്‍ച്ച നടത്തും.

* നിലവിലെ മണ്ണെണ്ണ എന്‍ജിനുകള്‍ ഡീസല്‍, പെട്രോള്‍, ഗ്യാസ് എന്‍ജിനുകളായി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടപ്പാക്കും. ഇതിനായി ഒറ്റത്തവണ സബ്‌സിഡി നല്‍കും.

* കേരള തീരത്ത് മത്സ്യബന്ധനം നടത്തരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശം പുറപ്പെടുവിക്കുന്ന തീയതികളില്‍ തൊഴില്‍നഷ്ടം പരിഗണിച്ച് ഫിഷറീസ് വകുപ്പിന്റെ അംഗീകാര പട്ടികയില്‍ ഉള്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ദേശീയ ദുരന്ത പ്രതികരണ നിധി മാനദണ്ഡം അനുസരിച്ച് തൊഴില്‍ നഷ്ടപരിഹാരം നല്‍കും. ആവശ്യമുള്ളപക്ഷം അവരെ തൊഴിലുറപ്പ്​ പദ്ധതിയിൽ ഉള്‍പ്പെടുത്തും.

* മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ രണ്ടാഴ്ചക്കുള്ളില്‍ പുണെ സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്‌റ്റേഷനുമായും മത്സ്യത്തൊഴിലാളി പ്രതിനിധികളുമായും ഫിഷറീസ് വകുപ്പ് ചര്‍ച്ച സംഘടിപ്പിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi VijayanVizhinjam Protest
News Summary - Vizhinjam: Chief Minister will ensure rehabilitation and livelihood protection
Next Story