Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രെയിനിലിരുന്ന് കാടും അരുവികളും ആസ്വദിക്കാം; കൊല്ലം-ചെങ്കോട്ട പാതയിൽ വിസ്റ്റാഡോം വിപ്ലവം, ആദ്യ സർവിസ് ഇന്ന്

text_fields
bookmark_border
ട്രെയിനിലിരുന്ന് കാടും അരുവികളും ആസ്വദിക്കാം; കൊല്ലം-ചെങ്കോട്ട പാതയിൽ വിസ്റ്റാഡോം വിപ്ലവം, ആദ്യ സർവിസ് ഇന്ന്
cancel

പുനലൂർ: വിസ്റ്റാഡോം കോച്ച് ഘടിപ്പിച്ച ആദ്യ തീവണ്ടി ആര്യങ്കാവ് ചുരം താണ്ടി സംസ്ഥാനത്തെത്തും. ചില്ലുമേൽക്കൂരയും കണ്ണാടി ജാലകങ്ങളും ഘടിപ്പിച്ച കോച്ചിലിരുന്ന് യാത്രക്കാർക്ക് സഹ്യപർവതനിരയും അരുവികളും പുഴയും കുന്നുകളുടെ പച്ചപ്പും കേരളത്തിന്റെ വനവും ആസ്വദിക്കാം. കേരളത്തിൽ ആദ്യമായി വിസ്റ്റാഡോം കോച്ച് ഘടിപ്പിച്ച തീവണ്ടി കൊല്ലം-ചെങ്കോട്ടപ്പാതയിലൂടെ വ്യാഴാഴ്ച കന്നിയോട്ടം നടത്തും. രാവിലെ 11.35-ന് മധുരയിൽനിന്ന് പുറപ്പെട്ട് പുലർച്ചെ രണ്ടുമണിയോടെ ഗുരുവായൂരിലെത്തുന്ന എക്‌‌സ്‌പ്രസ് ട്രെയിനാണ് ആദ്യ വിസ്റ്റാഡോം കോച്ചുമായി സർവിസ് നടത്തുന്നത്. തിരുവിതാംകൂറിലെ ആദ്യ തീവണ്ടിപ്പാതയായ കൊല്ലം-ചെങ്കോട്ട പാതയിലെ തീവണ്ടികളിൽ വിസ്റ്റാഡോം കോച്ച് ഘടിപ്പിക്കണമെന്ന കാലങ്ങളായുള്ള ആവശ്യത്തിനാണ് ദക്ഷിണ റെയിൽവേ വ്യാഴാഴ്ച പച്ചക്കൊടി കാട്ടുന്നത്.

പുനലൂരിൽ കല്ലടയാറിന് കുറുകേ പാലത്തിലൂടെയുള്ള കൊല്ലം-ചെങ്കോട്ട തീവണ്ടിപ്പാതയിലൂടെയാണ് വിസ്റ്റാഡോം കോച്ച് ഘടിപ്പിച്ച തീവണ്ടി കടന്നുവരുന്നത്. വലിയ ചില്ലുജാലകങ്ങളോട് കൂടിയ വിസ്റ്റാഡോം കോച്ചിൽ 44 എക്‌സിക്യുട്ടീവ് ചെയർകാർ സീറ്റുകളാണുള്ളത്. യാത്രക്കാർക്ക് സൗജന്യമായി വൈഫൈ സൗകര്യം ലഭ്യമാകും. ആഴ്ചയിൽ നാലുദിവസമായിരിക്കും സർവിസ്. മധുരയിൽനിന്ന് ഗുരുവായൂരിലേക്ക് വ്യാഴം മുതൽ ഞായർ വരെയും ഗുരുവായൂരിൽനിന്ന് മധുരയിലേക്ക് വെള്ളി മുതൽ തിങ്കൾ വരെയുമാണ് സർവിസ് നടത്തുക. മധുരയിൽനിന്ന് ഗുരുവായൂർവരെ 1,875 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതിൽ പശ്ചിമഘട്ടം ഉൾപ്പെടുന്ന ചെങ്കോട്ട മുതൽ പുനലൂർവരെ 515 രൂപയും. നവംബർ അഞ്ചുവരെയുള്ള ബുക്കിങ് ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. റെയിൽവേ റിസർവേഷൻ കൗണ്ടറുകൾ വഴിയോ www.irctc.co.in എന്ന വെബ്‌സൈറ്റ് വഴിയോ ടിക്കറ്റുകൾ ബുക്കുചെയ്യാനാകും.

പതിമൂന്നുകണ്ണറ പ്രൊട്ടക്‌ഷൻ ആൻഡ് പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇടമണിൽവെച്ച് വ്യാഴാഴ്ച വിസ്റ്റാഡോം ട്രെയിന് സ്വീകരണം നൽകും. ഇടമൺ റെയിൽവേ സ്റ്റേഷനിൽ വൈകിട്ട് അഞ്ചിനാണ് സ്വീകരണം നൽകുന്നത്. രക്ഷാധികാരി എൽ. ഗോപിനാഥപിള്ള, ചെയർമാൻ എ.ടി. ഫിലിപ്പ്, സെക്രട്ടറി സ്റ്റാർസി രത്നാകരൻ, ട്രഷർ കെ. കോശി എന്നിവർ നേതൃത്വം നൽകും. മഴക്കാലമായതിനാൽ ഒറ്റക്കൽ, തെന്മല, ആര്യങ്കാവ് മേഖലകളിലേക്കെത്തുമ്പോൾ മലഞ്ചെരിവുകളിലൂടെ ഒഴുകിയെത്തുന്ന അരുവികളും കല്ലട അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന കഴുതുരുട്ടിയാറിന്റെ സൗന്ദര്യവും നുകരാനാകും. ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമിച്ച പാതയിൽ സുർക്കിയും ചുണ്ണാമ്പുകല്ലും ചേർത്തുള്ള ഒട്ടേറെ കണ്ണറപ്പാലങ്ങളും തുരങ്കങ്ങളും പ്രത്യേകതയാണ്. ഈ കോച്ചിലിരുന്ന് ഈ കണ്ണറപ്പാലങ്ങൾ ആസ്വദിക്കാനാകും. പാതയിൽ നിലവിൽ മൂന്നാഴ്ചത്തെ ടിക്കറ്റ് ബുക്കിങ്ങായിക്കഴിഞ്ഞു.

ട്രെയിൻ സമയം

(16327) രാവിലെ 11.35-ന് മധുര ജങ്ഷനിൽനിന്ന് പുറപ്പെടും. കേരള അതിർത്തിയായ ചെങ്കോട്ടയിൽ 2.30-ന് എത്തിച്ചേരും. 2.45-ന് ചെങ്കോട്ടയിൽനിന്ന് യാത്ര തുടങ്ങി 3.09-ന് ഭഗവതിപുരം, 3.29-ന് ആര്യങ്കാവ്, 3.41-ന് ന്യു ആര്യങ്കാവ്, 3.49-ന് ഇടപ്പാളയം, 3.57-ന് കഴുതുരുട്ടി, 4.09-ന് തെന്മല, 4.20-ന് ഒറ്റയ്ക്കൽ, 4.35-ന് ഇടമൺ, 5.55-ന് പുനലൂർ, 6.10-ന് ആവണീശ്വരം, 6.17-ന് കുറി, 6.27-ന് കൊട്ടാരക്കര, 6.34-ന് എഴുകോൺ, 6.40-ന് കുണ്ടറ ഈസ്റ്റ്, 6.49-ന് കുണ്ടറ, 6.57-ന് ചന്ദനത്തോപ്പ്, 7.05-ന് കിളികൊല്ലൂർ, 7.35-ന് കൊല്ലം എന്നിവിടങ്ങളിൽ എത്തിച്ചേരും. ചെങ്കോട്ട, പുനലൂർ സ്റ്റേഷനുകളിൽ അഞ്ച് മിനിറ്റും കൊല്ലത്ത് 10 മിനിറ്റും മറ്റു സ്റ്റേഷനുകളിൽ ഒരുമിനിറ്റും ട്രെയിൻ നിർത്തും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vistadome Train Service Begins on Kollam–Sengottai Route
Next Story