വിസ്റ്റാഡോം കോച്ച് ആരുടെ നേട്ടം? ക്രെഡിറ്റ് ഏറ്റെടുക്കാൻ എം.പിമാരുടെ മത്സരം, സാമൂഹിക മാധ്യമത്തിൽ വാക്പോരുമായി കൊടിക്കുന്നിലും പ്രേമചന്ദ്രനും
text_fieldsകൊല്ലം: കേരളത്തിലെ ആദ്യ വിസ്റ്റാഡോം കോച്ച് അനുവദിച്ചതിന്റെ ക്രെഡിറ്റിനെച്ചൊല്ലി യു.ഡി.എഫ് എം.പിമാർ തമ്മിൽ വാക്പോര്. കൊടിക്കുന്നിൽ സുരേഷ് എം.പിയും എൻ.കെ. പ്രേമചന്ദ്രൻ എം.പിയുമാണ് വിസ്റ്റാഡോം കോച്ചിന്റെ ക്രെഡിറ്റിനെച്ചൊല്ലി സാമൂഹിക മാധ്യമങ്ങളിൽ തർക്കം ആരംഭിച്ചത്. പിന്നീട് ഇത് പരസ്യപ്പോരിലേക്കും നീങ്ങി.
വിസ്റ്റാഡോം കോച്ച് അനുവദിച്ചെന്ന് അറിയിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പിയാണ് ആദ്യം ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്. ഒക്ടോബർ 16-ന് വൈകിട്ട് 5.30നായിരുന്നു കൊടിക്കുന്നിൽ സുരേഷിന്റെ പോസ്റ്റ്. 'നിരന്തര ഇടപെടലുകളുടെ ഫലമായി 16327/16328 മധുര-ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് അനുവദിച്ചിരിക്കുകയാണ്. കേരളത്തിലെ ഒരു ട്രെയിനിൽ വിസ്റ്റാഡോം കോച്ച് യാഥാർത്ഥ്യമാകുന്നത് ആദ്യമായാണെന്ന പ്രത്യേകതയും തീരുമാനത്തിനുണ്ടെന്നായിരുന്നു' കൊടിക്കുന്നിൽ സുരേഷിന്റെ പോസ്റ്റ്. ഈ ആവശ്യം യാഥാർഥ്യമാക്കുന്നതിനായി റെയിൽവേ മന്ത്രി തലത്തിലും റെയിൽവേ ബോർഡ് തലത്തിലും ദക്ഷിണ റെയിൽവേ തലത്തിലും നിരന്തരമായ ഇടപെടലുകൾ നടത്തിയെന്നും യാത്രക്കാർക്ക് കൂടുതൽ മികച്ച യാത്രാസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും കേരളത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ റെയിൽവേയിലൂടെ പ്രയോജനപ്പെടുത്തുന്നതിനുമായി നടത്തിയ ശ്രമങ്ങൾക്ക് ഫലം കണ്ടതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചു.
ഇതിന് പിന്നാലെയാണ് ഫേസ്ബുക്കിൽ ഇതിന്റെ ക്രെഡിറ്റ് ഏറ്റെടുത്ത് എൻ.കെ. പ്രേമചന്ദ്രൻ എം.പി രംഗത്തെത്തിയത്. ‘ഒരു വാഗ്ദാനംകൂടി പാലിക്കപ്പെടുന്നു. ഒരു ദശാബ്ദക്കാലത്തിലേറെയായി നിരന്തരമായി നടത്തിയ പരിശ്രമത്തിന്റെ സാക്ഷാത്കാരം’ എന്നായിരുന്നു എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഒക്ടോബർ ആറിന് രാത്രി 10 മണിയോടെയായിരുന്നു എൻ.കെ. പ്രേമചന്ദ്രന്റെ പോസ്റ്റ്. പിന്നീട്, സതേൺ റെയിൽവേയുടെ കത്ത് ചൂണ്ടിക്കാട്ടി എൻ.കെ. പ്രേമചന്ദ്രൻ വീണ്ടും രംഗത്തെത്തി. ആരും ഉന്നയിക്കാതിരുന്ന ഒരാവശ്യം, നാടിന്റെ പൊതുതാത്പര്യത്തെ മുൻനിർത്തി 2018-ൽ ഉന്നയിച്ച് 2026-ൽ അനുവദിക്കുമ്പോൾ തികഞ്ഞ അഭിമാനമുണ്ടെന്ന് എൻ.കെ. പ്രേമചന്ദ്രൻ വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
തെക്കൻ കേരളത്തിൽനിന്നും ഗുരുവായൂരിൽ പോകാൻ ട്രെയിൻ ഇല്ലാതിരുന്ന സാഹചര്യം കണക്കിലെടുത്താണ് ഇത്തരത്തിൽ ഒരു ട്രെയിനിനായി സമ്മർദ്ദം ആരംഭിച്ചതെന്ന അവകാശവാദവുമായി കൊടിക്കുന്നിൽ സുരേഷ് വീണ്ടും രംഗത്തെത്തി. മറ്റുപലർക്കും അവരുടേതായ അവകാശവാദങ്ങൾ ഉണ്ടാകും. അതിനെ ചോദ്യംചെയ്യുകയോ തള്ളിക്കളയുകയോ ചെയ്യുന്നില്ല. എന്നാൽ, വിസ്റ്റാഡോം കോച്ച് ഗുരുവായൂർ-മധുര ട്രെയിനിൽ വേണമെന്ന് നിരന്തരം മന്ത്രാലയത്തിൽ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നുവെന്നും കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
വലിയ ചില്ല് ജാലകങ്ങളോടുകൂടിയ വിസ്റ്റാഡോം കോച്ചിൽ 44 എക്‌സിക്യുട്ടീവ് ചെയർകാർ സീറ്റുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. യാത്രക്കാർക്ക് സൗജന്യമായി വൈഫൈ സൗകര്യം ലഭ്യമാകും. ആഴ്ചയിൽ നാലുദിവസമായിരിക്കും സർവിസ്. മധുരയിൽനിന്ന് ഗുരുവായൂരിലേക്ക് വ്യാഴം മുതൽ ഞായർ വരെയും ഗുരുവായൂരിൽനിന്ന് മധുരയിലേക്ക് വെള്ളി മുതൽ തിങ്കൾ വരെയുമാണ് സർവിസ് നടത്തുക. മധുരയിൽനിന്ന് ഗുരുവായൂർ വരെ 1,875 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതിൽ പശ്ചിമഘട്ടം ഉൾപ്പെടുന്ന ചെങ്കോട്ടമുതൽ പുനലൂർവരെ 515 രൂപയും. നവംബർ അഞ്ചുവരെയുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. റെയിൽവേ റിസർവേഷൻ കൗണ്ടറുകൾ വഴിയോ www.irctc.co.in എന്ന വെബ്‌സൈറ്റ് വഴിയോ ടിക്കറ്റുകൾ ബുക്കുചെയ്യാനാകും.

