പാലക്കാട്: സംസ്ഥാനത്തെ വിവിധ ജയിലുകളിൽ നിയന്ത്രണങ്ങളോടെ സന്ദർശനാനുമതിയുമായി ജയിൽ വകുപ്പ്. നിയന്ത്രണങ്ങൾ നിലനിർത്തി തടവുകാർക്ക് വേണ്ടപ്പെട്ടവരുമായി സംസാരിക്കാൻ ടെലിഫോണടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഡി.ജി.പി ഋഷിരാജ് സിങ് മേധാവികൾക്കും മേഖല ഡി.െഎ.ജിമാർക്കും നിർദേശം നൽകി.
അടുത്ത ബന്ധുക്കളെ മാത്രമാകും ബന്ധപ്പെടാൻ അനുവദിക്കുക. പകരം സംവിധാനമെന്ന നിലയിൽ വിഡിയോ കോൺഫറൻസിങ് മുഖേനയും കൂടിക്കാഴ്ച അനുവദിക്കാമെന്നും ഉത്തരവിൽ പറയുന്നു. നിലവിൽ വിഡിയോ കോൺഫറൻസിങ് വഴിയാണ് തടവുകാരെ കോടതിയിൽ ഹാജരാക്കുന്നത്. ഇൗ സംവിധാനം ബന്ധുക്കളുമായുള്ള കൂടിക്കാഴ്ചക്ക് ഉപേയാഗിക്കുന്നത് കോടതിയുമായുള്ള വിഡിയോ കോൺഫറൻസിങ്ങിന് തടസ്സമാകുമെന്നതിനാൽ മൊബൈൽ ഫോൺ, ടാബ് എന്നിവയിലെ ആപ്പുകളിൽ കൂടിക്കാഴ്ചയൊരുക്കാനാണ് നിർദേശം.
ആഴ്ചയിലൊരിക്കൽ പരമാവധി അഞ്ച് മിനിറ്റ് രണ്ട് അടുത്ത ബന്ധുക്കളുമായി സംസാരിക്കാം. തടവുകാരൻ തലേദിവസം രജിസ്റ്റർ ചെയ്യണം. വിവരങ്ങൾ ഉദ്യോഗസ്ഥൻ രജിസ്റ്റർ ചെയ്യണമെന്നും സത്യവാങ്മൂലം എഴുതിവാങ്ങണമെന്നും വിശദാംശങ്ങൾ എഴുതി സൂക്ഷിക്കണമെന്നും അറിയിച്ചു. പരോളും ഇടക്കാല ജാമ്യവും അനുവദിച്ച 1,046 തടവുകാരെ തിരിച്ചെത്തിക്കുന്നതിെൻറ കൂടി ഭാഗമായാണ് പുതിയ ഉത്തരവിറങ്ങിയത്.
ആദ്യം പരോൾ ലഭിച്ച 265 തടവുകാരെ ആഗസ്റ്റ് 18ന് മുമ്പും ഒാപൺ ജയിലുകളിലെയും വനിത ജയിലിലെയും 589 തടവുകാരെ സെപ്റ്റംബർ രണ്ടിന് മുമ്പും സെൻട്രൽ ജയിലുകളിലെയും അതീവ സുരക്ഷ ജയിലിലെയും 192 തടവുകാരെ സെപ്റ്റംബർ 18ന് മുമ്പും തിരിച്ചെത്തിക്കാനാണ് പദ്ധതി.