വിഷുക്കിറ്റ് വിതരണം ഏപ്രിൽ ഒന്നിലേക്ക് മാറ്റി; എല്ലാ കാർഡുകാർക്കും ലഭിക്കും
text_fieldsതിരുവനന്തപുരം: വിഷുക്കിറ്റ് വിതരണം ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കാൻ സംസ്ഥാന ഭക്ഷ്യവകുപ്പ് തീരുമാനം. ഒന്നാം തീയതി മുതൽ റേഷൻ കാർഡിന്‍റെ നിറം നോക്കാതെ എല്ലാവർക്കും നൽകാനാണ് പുതിയ നിർദേശം. ഒന്നും രണ്ടും അവധിയായതിനാൽ അന്നേ ദിവസങ്ങളിൽ റേഷൻ കടകൾ തുറക്കാൻ നിർദേശം നൽകാനും ഭക്ഷ്യവകുപ്പ് തീരുമാനിച്ചു.
മഞ്ഞ, പിങ്ക് കാർഡുകാർക്ക് ഈ മാസം അവസാനത്തോടെ കിറ്റ് വിതരണം ചെയ്യാനുള്ള തീരുമാനമാണ് സർക്കാർ മാറ്റിയത്. വെള്ള, നീല റേഷൻ കാർഡുകാർക്ക് സ്പെഷ്യൽ അരി നൽകുന്നത് തടഞ്ഞതിനെ നിയമപരമായി നേരിടാനും ഭക്ഷ്യവകുപ്പ് തീരുമാനിച്ചു. വെള്ള, നീല കാർഡുകാർക്ക് 10 കിലോ അരി 15 രൂപ നിരക്കിൽ നൽകാനായിരുന്നു തീരുമാനം.
തെരഞ്ഞെടുപ്പിന്‍റെ സാഹചര്യത്തിൽ മാർച്ച് 31ന് 14 ഇനങ്ങൾ ഉൾപ്പെടുന്ന കിറ്റ് വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പ് വേളയിൽ കിറ്റ് വിതരണം ചെയ്യുന്നത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകുകയായിരുന്നു.