സഹനജീവിതത്തിനൊടുവിൽ നൊമ്പരമായി വിഷ്ണുജ
text_fieldsവിഷ്ണുജയും ഭർത്താവും, വിഷ്ണുജയുടെ മാതാപിതാക്കളായ വാസുദേവനും പത്മകുമാരിയും
പൂക്കോട്ടുംപാടം (മലപ്പുറം): ഒന്നര വർഷത്തെ വിവാഹജീവിതത്തിലുടനീളം നിരന്തര പീഡനമേൽക്കേണ്ടി വന്ന വിഷ്ണുജ ഒടുവിൽ നൊമ്പരക്കാഴ്ചയായതിന്റെ വേദനയിലാണ് നാട്. മകളുടെ വേർപാടറിഞ്ഞത് മുതൽ കണ്ണീരോടെ കഴിയുകയാണ് അമ്മയും അച്ഛനും ബന്ധുക്കളും. ജോലിയില്ലെന്നും സൗന്ദര്യം കുറവാണെന്നും പറഞ്ഞുള്ള ഭർത്താവിന്റെ പീഡനം സഹിക്കാനാകാതെ ഭര്‍തൃവീട്ടില്‍ മരിച്ച വിഷ്ണുജ പൂക്കോട്ടുംപാടം മനിയിൽ പാലൊളി വാസുദേവന്റെയും പത്മകുമാരിയുടെയും ഇളയ മകളാണ്. മഞ്ചേരി എളങ്കൂർ സ്വദേശി പ്രഭിൻ നേരത്തെയും വിവാഹലോചനയുമായി വന്നിരുന്നെങ്കിലും വിഷ്ണുജക്ക് ജോലിയില്ലാത്ത കാരണം പറഞ്ഞ് പിന്മാറിയിരുന്നു. പിന്നീട് വീണ്ടും വിവാഹാലോചനയുമായി വരികയായിരുന്നു. ബിരുദപഠനം പൂർത്തിയാക്കിയ വിഷ് ണുജ എച്ച്.ഡി.സി കോഴ്സ് കഴിഞ്ഞ് പി.എസ്.സി പരിശീലനത്തിലായിരുന്നു.
പ്രതീക്ഷയോടെ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ച മകൾക്ക് ഭര്‍തൃവീട്ടില്‍ ഒരു പാട് മോശം അനുഭവങ്ങളുണ്ടായെങ്കിലും ജോലി കിട്ടുന്നതോടെ എല്ലാം ശരിയാവുമെന്ന് പ്രതീക്ഷിച്ച് പിടിച്ചുനിൽക്കുകയായിരുന്നെന്ന് പിതാവ് വാസുദേവൻ പറഞ്ഞു. സ്ത്രീധനമായി ലഭിച്ച സ്വർണം പോരെന്ന് പറഞ്ഞ് ഭർത്താവ് പ്രഭിൻ പല തവണ ഉപദ്രവിച്ചതായി മകൾ പറഞ്ഞിരുന്നു. എന്റെ ജോലി കണ്ട് കൂടെ വരേണ്ടെന്നും സ്വന്തം ജോലി കണ്ടുപിടിച്ച് സമ്പാദിക്കണമെന്നും ഭർത്താവ് പറഞ്ഞിരുന്നു. അതിനാൽ തന്നെ ജോലിക്കായി അവൾ കഠിനപ്രയത്നം നടത്തി.
സൗന്ദര്യം പോരെന്നും, തടി കുറവാണെന്നും പറഞ്ഞ് മാനസികമായി പീഡിപ്പിച്ചു. ബൈക്കിൽ കൂടെ കൊണ്ടുപോകാറില്ലായിരുന്നു. ശാരീരികപീഡനവും ഏറ്റിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ഒന്നര വർഷമായെങ്കിലും വിഷ്ണുജ സ്വന്തം വീട്ടിൽ വന്ന് താമസിച്ചിട്ടില്ല. പ്രശ്നങ്ങളുണ്ടാവുമ്പോൾ വീട്ടുകാർ ഇടപെടേണ്ട, എല്ലാം ശരിയാവുമെന്ന് പറഞ്ഞ് മകൾ ആശ്വസിപ്പിക്കാറായിരുന്നു പതിവ്. തന്റെ മൂന്ന് പെൺമക്കളിൽ ഏത് പ്രശ്നത്തിലും ഇടപെട്ട് പരിഹരിക്കാൻ മിടുക്കിയായിരുന്നു വിഷ്ണുജയെന്ന് വാസുദേവൻ പറഞ്ഞു.
ഭർതൃമാതാവും മറ്റ് ബന്ധുക്കളും പ്രഭിന് അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. മരണവിവരം എന്റെ മകളെയാണ് ആദ്യം അറിയിച്ചത്. ഞാൻ ഭര്തൃവീട്ടിലെത്തിയപ്പോൾ അകത്ത് ജനലിൽ ചാരി കിടക്കുന്ന നിലയിലാണ് വിഷ്ണുജയെ കണ്ടത്. ഇതിൽ ദുരൂഹതയുണ്ട്. പ്രഭിന് മറ്റ് സ്ത്രീകളുമായി വഴിവിട്ട ബന്ധമുള്ള വിവരവും പുറത്തുവരുന്നുണ്ട്.
പൊലീസിൽ വിശ്വാസമുണ്ടെന്നും അർഹമായ ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വാസുദേവൻ പറഞ്ഞു. പ്രഭിനെ മാതൃകാപരമായി ശിക്ഷിക്കണം. ഇനിയൊരു രക്ഷിതാവിനും ഇത്തരം അനുഭവം ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം ശരിയായ രീതിയാൽ നടക്കാൻ ‘ജസ്റ്റിസ് ഫോർ വിഷ് ണുജ’ എന്ന വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയിട്ടുണ്ട് നാട്ടുകാർ. ദൃശ്യ, ദിവ്യ എന്നിവരാണ് വാസുദേവെൻറ മറ്റ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

