വൈറൽ താരത്തിന്റെ വിവാഹം: സംരക്ഷണം തേടി പെൺകുട്ടി മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പൊലീസ് കമീഷണർക്കും പരാതി
text_fieldsകൊച്ചി: കുംഭമേള വൈറൽ താരത്തിന്‍റെ കേരളത്തിലെ വിവാഹവുമായി ബന്ധപ്പെട്ട തർക്കം പുതിയ വഴിത്തിരിവിൽ. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന പരാതിയിൽ, മധ്യപ്രദേശ് പൊലീസ് മൊഴി രേഖപ്പെടുത്താനായി കൊച്ചിയിലെത്തിയതിന് പിന്നാലെ പെൺകുട്ടി കേരള പൊലീസിന്റെ സംരക്ഷണം തേടി. തനിക്ക് കേരള പൊലീസിന്റെ സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് വൈറൽ താരം, മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പൊലീസ് കമീഷണർക്കും പരാതി നൽകി. തനിക്ക് 18 വയസ്സ് പൂർത്തിയായെന്നും ബലമായി മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള നീക്കം തടയണമെന്നുമാണ് ആവശ്യം. നിലവിൽ കേസിലെ പ്രതിയുടെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ടെങ്കിലും മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ തുടരുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം, മധ്യപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് പൊലീസ് സംഘം കൊച്ചിയിലെത്തിയത്. കൊച്ചിയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മധ്യപ്രദേശ് പൊലീസ് വൈറൽ പെൺകുട്ടിയുടേയും ഭർത്താവിന്റെയും മൊഴി രേഖപ്പെടുത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. മധ്യപ്രദേശിൽ രജിസ്റ്റർ ചെയ്ത കേസിൽ ഹൈകോടതി അറസ്റ്റ് തടഞ്ഞിട്ടുള്ളതിനാൽ കൂടുതൽ നടപടികൾക്ക് സാധ്യതയില്ല.
കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയുടെ വിവാഹം പ്രായപൂർത്തിയാകാതെയാണ് നടന്നിരിക്കുന്നതെന്ന് ആരോപിച്ച് ദേശീയ വനിത കമീഷൻ ഉപദേശക സമിതി അംഗം ജി. അഞ്ജന ദേവിയാണ് പരാതി നൽകിയത്. ശൈശവ വിവാഹ നിരോധന നിയമപ്രകാരം വരൻ ഫർഹാനും വിവാഹത്തിൽ പങ്കെടുത്ത സി.പി.എം നേതാക്കൾക്കുമെതിരെയും കേസ് എടുക്കണമെന്നും പരാതിയിൽ പറയുന്നു. കുട്ടിയെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് മധ്യപ്രദേശ് പൊലീസിന്റെ സഹായം തേടിയതായും വിവരമുണ്ട്. കഴിഞ്ഞ മാർച്ച് 11ന് ആയിരുന്നു മൊണാലിസയും മധ്യപ്രദേശ് സ്വദേശിയായ ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം.
വിവാഹത്തിൽ ഒരു വീഴ്ചയും പൊലീസിന്റെ ഭാഗത്തുനിന്ന് സംഭവിച്ചിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ട്. വിവാഹ സമയം പെൺകുട്ടി ഹാജരാക്കിയ ആധാർ കാർഡ് യഥാർഥത്തിലുള്ളതാണ്. യു.ഐ.ഡി.എ.ഐ ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിച്ച് ഉറപ്പുവരുത്തിയെന്നും ഇതേ ആധാർ നമ്പറാണ് ജനന സർട്ടിഫിക്കറ്റിലും ഉള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ജനന സർട്ടിഫിക്കറ്റ് സ്ഥിരീകരിക്കാൻ സംവിധാനമില്ലെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറി. ഈ മാസം 22ന് ദേശീയ പട്ടികവർഗ കമീഷന് മുമ്പിൽ ഡി.ജി.പി ഹാജരാകണമെന്നാണ് നിർദേശം.
2009 ഡിസംബർ 30നാണ് പെൺകുട്ടി ജനിച്ചതെന്ന് മധ്യപ്രദേശിലെ ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്നും വിവാഹത്തിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചെന്നും ദേശീയ പട്ടികവർഗ കമീഷൻ കണ്ടെത്തി. വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന കണ്ടെത്തലിനെത്തുടർന്ന് മധ്യപ്രദേശ് പൊലീസ്, ഫർമാൻ ഖാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിഷയത്തിൽ കേരള, മധ്യപ്രദേശ് ഡി.ജി.പിമാരോട് ഡൽഹിയിൽ ഹാജരാകാൻ കമീഷൻ നിർദേശം നൽകി. പെൺകുട്ടിയെ 13 ദിവസം വീട്ടിൽ താമസിപ്പിച്ച തിരുവനന്തപുരം സ്വദേശി ജയകുമാറിനെതിരെയും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

