You are here

ആദ്യം മലപ്പുറം, പിന്നീട്​ മുസ്​ലിം പേരുകൾ; ആന ചരിഞ്ഞ സംഭവത്തിൽ വർഗീയ വിദ്വേഷം വിതറി സംഘ്​പരിവാർ

12:49 PM
06/06/2020
കോഴിക്കോട്​: പാലക്കാട് സ്​ഫോടക വസ്​തു വായിലിരുന്ന്​ പൊട്ടി​ ആന ചരിഞ്ഞ സംഭവത്തിൽ ദേ​ശീയതലത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വർഗീയ വിദ്വേഷം വിതറി സംഘ്​പരിവാറും അനുഭാവികളും. ആന ചരിഞ്ഞ സംഭവം മലപ്പുറത്താണെന്ന്​ വരുത്തിതീർക്കാൻ ശ്രമിച്ച ബി.ജെ.പി അനുഭാവികൾ ഇപ്പോൾ പ്രതികളുടെ പേരുകൾ മാറ്റിപ്പറഞ്ഞും മുസ്​ലിംകളെ അധിക്ഷേപിച്ചുമാണ്​​ സാമൂഹികമാധ്യമങ്ങളിൽ വിദ്വേഷം പടർത്തുന്നത്​. 

തിരുവിഴാംകുന്ന്​ അമ്പലപ്പാറയിലാണ്​ ഗർഭിണിയായ കാട്ടാന വായിൽ മുറിവേറ്റ്​ ചരിഞ്ഞത്​. തേങ്ങക്കുള്ളിൽ ചകിരിയോടുകൂടി വെച്ച പന്നിപ്പടക്കം കടിച്ചതോടെയാണ്​ ആനക്ക്​ ഗുരുതര പരിക്കേറ്റതെന്ന്​ അധികൃതർ വ്യക്തമാക്കിയിരുന്നു. 23ന്​ തിരുവിഴാംകുന്ന്​ വനമേഖലയിൽ കണ്ട ആന 25ന്​ അവശനിലയിൽ അമ്പലപ്പാറ തെയ്യംകുണ്ടിൽ വെള്ളിയാർ പുഴയിൽ നിലയുറപ്പിക്കുകയായിരുന്നു. 27നാണ്​ ആന ​ചരിഞ്ഞത്​. പോസ്​റ്റ്​ മോർട്ടത്തിലാണ്​ ആന ഒരു മാസം ഗർഭിണിയാണെന്ന്​ അറിയുന്നത്​. 

സംഭവത്തിൽ പ്രതികളിലൊരാളായ എടവണ്ണ ഓടക്കയം സ്വദേശി വിൽസൺ വെള്ളിയാഴ്​ച അറസ്​റ്റിലായിരുന്നു. വിൽസൺ അമ്പലപ്പാറയിൽ സ്​ഥലം പാട്ടത്തിനെടുത്ത്​ കൃഷി ചെയ്യുന്ന വ്യക്തിയാണ്​. കൂടാതെ റബ്ബർ ടാപ്പിങ്​ തൊഴിലാളിയുമാണ്​. കേസിലെ മൂന്നാം പ്രതിയാണ്​ വിൽസൺ. കേസിലെ ഒന്നുംരണ്ടും പ്രതികളായ തിരുവിഴാംകുന്ന്​ ഒതുക്കുംപുറം എസ്​റ്റേറ്റ്​ ഉടമ അബ്​ദുൽ കരീം, മകൻ റിയാസുദ്ദീൻ എന്നിവർ ഒളിവിലാണ്​. ഇരുവർക്കുമായി തിരച്ചിലും ആരംഭിച്ചു. 

എന്നാൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തി​ലെ മീഡിയ അഡ്വൈസർ അമർ പ്രസാദ്​ റെഡ്ഡി പ്രതികളുടേതല്ലാത്ത രണ്ടു മുസ്​ലിം പേരുകൾ ഉപയോഗിക്കുകയും ഇവർ അറസ്​റ്റിലായെന്ന്​ ​പ്രചരിപ്പിക്കുകയുമായിരുന്നു. കേസുമായി ബന്ധമില്ലാത്ത അംസദ്​​ അലി, തമീം ഷെയ്​ക്ക്​ എന്നീ പേരുകളാണ്​ അദ്ദേഹം വിദ്വേഷ പ്രചരണത്തിനായി ഉപയോഗിച്ചത്​. 

‘കേരളത്തിൽ ആനയെ കൊലപ്പെടുത്തിയ കേസിൽ അംസ​ദ്​ അലി, തമീം ഷെയ്​ക്ക്​ എന്നിവർ അറസ്​റ്റിലായി. ജാതി, മതം എന്നിവയെ അടിസ്​ഥാനമാക്കി യാതൊരു ദയയും കാണിക്കാതെ വസ്​തുനിഷ്​ഠമായ അന്വേഷണം നടത്തണമെന്ന്​ കേരള മുഖ്യമന്ത്രിയോട്​ അഭ്യർഥിക്കുന്നു’ -അമർ പ്രസാദ്​ റെഡ്ഡി ട്വിറ്ററിൽ കുറിച്ചു. അമർ പ്രസാദ്​ റെഡ്ഡിയുടെ ട്വീറ്റിന്​ പിന്നാലെ ചില ദേശീയ മാധ്യമങ്ങൾ തെറ്റായ പേരുകൾ ഉപയോഗിച്ച്​ വാർത്തയാക്കുകയും ദീപക്​ ചൗരസ്യയെപ്പോലുള്ള മാധ്യമപ്രവർത്തകർ ഇക്കാര്യം ഉറപ്പിച്ച്​ പറയുകയും ചെയ്​തു.

ഇതോടെ സമൂഹമാധ്യമങ്ങളിൽ ഈ പേരുക​ൾക്കൊപ്പം മുസ്​ലിംകൾക്കെതിരായ വിദ്വേഷ ട്വീറ്റുകളും വന്നുതുടങ്ങി. എഴുത്തു​കാരൻ രവി റായ്​, ബി.ജെ.പി നേതാവ്​ വരുൺ ഗാന്ധിയുടെ സെക്രട്ടറി ഇഷിത യാദവ്​, വിശ്വഹിന്ദു പരിഷത്ത്​ നേതാവ്​ അഭിഷേക്​ മിശ്ര, യു.പിയിലെ ബി.ജെ.പി നേതാവ്​ റിച്ച രജ്​പുത്, മാധ്യമപ്രവർത്തകരായ അനുപം സിങ്​, രാകേഷ്​ കൃഷ്​ണൻ സിൻഹ തുടങ്ങിയവയും വിദ്വേഷ പ്രചരണവുമായി രംഗത്തിറങ്ങി. ഹിന്ദു നാഷനലിസ്​റ്റ്​ പാർട്ടിയുടെ ട്വിറ്റർ അക്കൗണ്ടുകളിലും മുസ്​ലിംകൾക്കെതിരായ വർഗീയ പരാമർശങ്ങൾ ട്വീറ്റ്​ ചെയ്​തു. 

ആന ചരിഞ്ഞ സംഭവത്തിൽ മലപ്പുറത്തിനും കേരളത്തിനും ​എതിരെ ദേശീയ തലത്തിൽ പ്രചരണം ശക്തമായിരുന്നു. സംഭവം കൊലപാതകമാണെന്നും മലപ്പുറം ഇത്തരം സംഭവങ്ങൾക്ക്​ കു​പ്രസിദ്ധമാണെന്നും രാജ്യത്ത്​ ഏറ്റവും കൂടുതൽ അക്രമം നടക്കുന്ന ജില്ല മലപ്പുറമാണെന്നുമായിരുന്നു ബി.ജെ.പി എം.പി മേനക ഗാന്ധിയുടെ പരാമർശം. 

കേന്ദ്രമന്ത്രി പ്രകാശ്​ ജാവ്​ദേക്കറും മേനകയുടേതിന്​ സമാനമായ പരാമർശവുമായി രംഗത്തെത്തി. ഇത്തരം വർഗീയ പരാമർശങ്ങൾക്കെതിരെ മലയാളികൾ ‘ഐ സ്​റ്റാൻഡ്​ വിത്ത്​ മലപ്പുറം’ എന്ന ഹാഷ്​ടാഗുമായി ട്വിറ്ററിൽ രംഗത്തെത്തി. എന്നാൽ, സംഭവം മലപ്പുറത്തല്ല പാലക്കാടാണെന്ന്​ വ്യക്തമാക്കിയിട്ടും ബി.ജെ.പി നേതാക്കൾ ട്വീറ്റ്​ പിൻവലിക്കാനോ തിരുത്താനോ തയാറായിരുന്നില്ല. ആന ​ചരിഞ്ഞത്​ പാലക്കാ​ട്ടെങ്കിലും മലപ്പുറം ഹാഷ്​ടാഗ്​ ഫേസ്​ബുക്കിലും ട്വിറ്ററിലും തിരുത്തില്ലെന്ന്​ ബി.ജെ.പി നേതാവും മലയാളിയായ സന്ദീപ്​ വാര്യര​ും വ്യക്തമാക്കിയിരുന്നു. 

Latest video:

Loading...
COMMENTS