വിപഞ്ചിക നേരിട്ടത് കടുത്ത പീഡനം, കഴുത്തിൽ ബെൽറ്റിട്ട് മുറുക്കി, ഭർത്താവിന്‍റെ സ്വഭാവ വൈകൃതം തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
text_fieldsകൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചിക പീഡനവും അപമാനവും നേരിട്ടുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഗർഭിണിയായിരുന്നപ്പോൾ പോലും വിപഞ്ചികക്ക് ക്രൂര പീഡനം ഏൽക്കേണ്ടി വന്നുവെന്നും കഴുത്തിൽ ബെൽറ്റിട്ട് മുറുക്കുകയും മർദിക്കുകയും വീട്ടിൽ നിന്ന് ഇറക്കി വിടുകയും ചെയ്തുവെന്നും കുടുംബം ആരോപിച്ചു.
നിധീഷ് സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചിരിക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിപഞ്ചിക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് ശേഷം ഡിലീറ്റ് ചെയ്തത് എന്നതരത്തിലാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. നിതീഷിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് വിപഞ്ചിക പറഞ്ഞിരുന്നതായും കുടുംബം പറഞ്ഞു. പല ദിവസങ്ങളിലും നിതീഷ് വീട്ടിലെത്താറില്ലെന്നും ഈ സ്വഭാവത്തെ പിതാവും സഹോദരിയും പിന്തുണച്ചിരുന്നതായും വിപഞ്ചിക പറയുന്ന ഓഡിയോയും കുടുംബം പുറത്തുവിട്ടു.
പീഡനം സഹിക്കാൻ കഴിയാതെ വിപഞ്ചിക നാട്ടിലേക്കു മടങ്ങാൻ ശ്രമിച്ചപ്പോൾ കുഞ്ഞിന്റെ തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ നിതീഷ് കൈക്കലാക്കി. ഇതുമൂലം വിപഞ്ചികക്ക് നാട്ടിലേക്ക് വരാൻ കഴിഞ്ഞില്ല.
വിപഞ്ചിക സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ആത്മഹത്യക്കുറിപ്പ് വഴിയാണ് ഭർത്താവ് നിതീഷ്, സഹോദരി നീതു, പിതാവ് മോഹനൻ എന്നിവരിൽ നിന്ന് കൊടിയ പീഡനം നേരിടുകയാണെന്ന വിവരം പുറത്തറിഞ്ഞത്. നിതീഷ് വിവാഹ മോചനത്തിനു ശ്രമിക്കുന്നുണ്ടെന്നും അതു നടന്നാൽ ജീവിച്ചിരിക്കില്ലെന്നും വിപഞ്ചിക അമ്മയോടു പറഞ്ഞിരുന്നു. ഇതിനിടെയാണ് വിവാഹ മോചനം വേണമെന്നാവശ്യപ്പെട്ട് നിതീഷ് വക്കീൽ നോട്ടിസ് അയച്ചത്. ഇതായിരിക്കാം ആത്മഹത്യയുടെ കാരണം എന്നാണ് കുടുംബം കരുതിയത്. ഇതിനിടെയാണ് ആത്മഹത്യക്കുറിപ്പ് ലഭിച്ചത്. ഇതിലൂടെയാണ് പീഡനവിവരങ്ങളും നിതീഷിന്‍റെ സ്വഭാവ വൈകൃതങ്ങളും എല്ലാം കുടുംബം അറിയുന്നത്.
വിവാഹമോചനത്തിനായി വക്കീൽ നോട്ടീസ് അയക്കുന്നതിന് മൂന്ന് ദിവസം മുൻപ് നിതീഷ് വഴക്കിട്ട് ഫ്ലാറ്റിൽ നിന്നും താമസം മാറി. ജോലിക്കാരി എത്തിയപ്പോൾ വാതിൽ തുറക്കുന്നില്ലെന്ന് കണ്ട് നിതീഷിനെ വിവരം അറിയിക്കുകയായിരുന്നു. നിതീഷ് വാതിൽ തുറന്നപ്പോഴാണ് വിപഞ്ചികയും കുഞ്ഞിനേയും മരിച്ച നിലയിൽ കണ്ടത്. എന്നാൽ ഇക്കാര്യം വിശ്വസിക്കുന്നില്ലെന്നും കുടുംബം പറയുന്നു.
മരിക്കുന്നതിന് മുൻപ് വിപഞ്ചിക സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നതെല്ലാം നിതീഷ് ഫ്ലാറ്റിൽ എത്തിയ ഉടനെ നീക്കം ചെയ്യപ്പെട്ടു. അപ്പോഴേക്കും ആത്മഹത്യക്കുറിപ്പും ശബ്ദസന്ദേശവും നിതീഷിന്റെ സ്വഭാവവൈകൃതങ്ങൾ തെളിയിക്കുന്ന വിഡിയോകളും ഫോട്ടോകളും ലഭിച്ചുവെന്ന് വിപഞ്ചികയുടെ ബന്ധുക്കൾ പറഞ്ഞു. വിപഞ്ചികയുടെ സഹോദരന്‍റെ ഭാര്യ പോസ്റ്റ് കണ്ടയുടൻ തന്നെ ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചിരുന്നു.
കുഞ്ഞ് ജനിച്ച ശേഷവും ഭർത്താവിൽ നിന്നും കുടുംബത്തിൽ നിന്നും വലിയ പീഡനം നേരിട്ടു. കുഞ്ഞിനു പനി കൂടിയിട്ടും ആശുപത്രിയിൽ എത്തിക്കാൻ പോലും സമ്മതിക്കാതെ നിതീഷും സഹോദരി നീതുവും മുറിയിൽ പൂട്ടിയിടുകയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. സഹോദരി നീതുവിനെക്കാൾ വിപഞ്ചികക്ക് സൗന്ദര്യമുണ്ടെന്ന് ആരോപിച്ച് നിതീഷും നീതുവും ചേർന്ന് മുടി വിപഞ്ചികയുടെ മുടി മുറിക്കുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. നിതീഷ് മാലകൾ അണിഞ്ഞും ലിപ്സ്റ്റിക് ഇട്ടും സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചുനിൽക്കുന്ന ഫോട്ടോകളും ബന്ധുക്കൾക്ക് ലഭിച്ചതിലുണ്ട്.
ഒൻപതാം തിയതി ഉച്ചക്കാണ് ചന്ദനത്തോപ്പ് രജിത ഭവനിൽ മണിയന്റെയും ഷൈലജയുടെയും മകൾ വിപഞ്ചിക മണിയൻ (33), ഒന്നര വയസ്സുള്ള മകൾ വൈഭവി എന്നിവരെ ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിപഞ്ചികയുടെ പോസ്റ്റ്മോർട്ടം ഇതുവരെ നടന്നിട്ടില്ല. അടുത്ത ദിവസങ്ങളിൽ തന്നെ നടക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

