ബാലഭാസ്‌കർ മരണം: മാതാപിതാക്കളുടെ സംശയം ഗൗരവത്തിലെടുത്ത് കോടതി
text_fieldsകൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കർ കാർ അപകടത്തിൽ മരിച്ച സംഭവത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹരജിയിൽ ചൂണ്ടിക്കാട്ടിയ സംശയങ്ങളാണ് അനുകൂല ഉത്തരവിന് ഹൈകോടതിയെ പ്രേരിപ്പിച്ചത്. ബാലഭാസ്‌കറിന്റെ സഹായി പ്രകാശ് തമ്പി, അപകടത്തെക്കുറിച്ച് ആദ്യമറിഞ്ഞവരിൽ ഒരാളായ ജിഷ്‌ണു, ഡ്രൈവർ അർജുന്റെ ബന്ധു ലത രവീന്ദ്രനാഥ്, അർജുന്റെ സുഹൃത്തും മുൻ തൊഴിലുടമയുമായ വിഷ്‌ണു സോമസുന്ദരം എന്നിവരെ സംശയമുനയിൽ നിർത്തുന്നതായിരുന്നു ഈ സംശയങ്ങൾ. പ്രകാശ് തമ്പിയും വിഷ്ണുവും സ്വർണക്കടത്ത് കേസിലെ പ്രതികളാണ്. സി.ബി.ഐ ഗൗരവത്തിലെടുക്കാതിരുന്ന ഈ സംശയങ്ങളാണ് കോടതി ഗൗരവത്തിലെടുത്തത്.
കാറിന്റെ മുൻസീറ്റിലിരുന്ന ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മി സീറ്റ് ബെൽറ്റ് ഇട്ടിരുന്നിട്ടും ഗുരുതര പരിക്കേറ്റെന്നും 94 കിലോമീറ്റർ വേഗത്തിൽ സീറ്റ് ബെൽറ്റിടാതെ കാറോടിച്ചിട്ടും ഡ്രൈവർ അർജുന് കുറഞ്ഞ പരിക്കുകളാണ് ഉണ്ടായതെന്നുമുള്ള സംശയം ഹരജിയിൽ ഉന്നയിച്ചിരുന്നു. ഡ്രൈവർ അർജുൻ രണ്ട് എ.ടി.എം കവർച്ചക്കേസടക്കം ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
അപകട സമയത്ത് പ്രകാശ് തമ്പി മംഗലപുരം, കഴക്കൂട്ടം മൊബൈൽ ടവറുകളുടെ പരിധിയിലുണ്ടായിരുന്നതായി പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. അനന്തപുരി ആശുപത്രിയുമായി പ്രകാശ് തമ്പിക്ക് അടുത്ത ബന്ധമാണുള്ളത്. ഇവിടെ വെച്ച് ബാലഭാസ്കറിന്റെ വിരലടയാളം പ്രകാശ് തമ്പി ശേഖരിച്ചിരുന്നു.
സ്വർണക്കടത്തിൽ പങ്കാളിയായിരുന്ന ആകാശ് ഷാജി അപകടം നടന്നതിന്‍റെ തലേദിവസം രാത്രി 10.30ന് പ്രകാശ് തമ്പിയെ ഫോണിൽ വിളിച്ച് എട്ടര മിനിറ്റ് സംസാരിച്ചിരുന്നു. ഡി.ആർ.ഐ ഇയാളെ ചോദ്യം ചെയ്തിരുന്നെങ്കിലും സി.ബി.ഐ ചോദ്യം ചെയ്യലുണ്ടായില്ലെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. സി.ബി.ഐയുടെ ഈ നടപടി അത്ഭുതപ്പെടുത്തുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

