റഷ്യൻ യുവതിക്ക് നേരെയുണ്ടായ അതിക്രമം: വനിതാ കമ്മീഷൻ നിയമസഹായം നൽകും
text_fieldsകോഴിക്കോട്: റഷ്യൻ യുവതിക്ക് നേരെയുണ്ടായ അതിക്രമത്തിൽ വനിതാ കമ്മീഷൻ നിയമസഹായം നൽകുമെന്ന് അധ്യക്ഷ പി. സതീദേവി. മതിയായ സുരക്ഷയോട് കൂടിയ താമസ സൗകര്യം ഏർപ്പെടുത്താൻ നിർദേശം നൽകിയിരിക്കുകയാണ്. അന്വേഷണം വേഗത്തിൽ പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനും കമ്മിഷന് പൊലീസിന് നിര്‍ദേശം നല്കി. രണ്ട് ദിവസം മുമ്പാണ് റഷ്യൻ യുവതിയെ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നുള്ള അന്വേഷണത്തിൽ യുവതിയുടേത് ആത്മഹത്യ ശ്രമമാണെന്ന് പൊലീസ് കണ്ടെത്തി. പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
റഷ്യൻ യുവതിയ്ക്ക് നേരെയുണ്ടായത് ക്രൂര മർദ്ദനമെന്ന് പൊലീസ് പറയുന്നു. കേസിലെ പ്രതി ആഖിൽ ഇരുമ്പ് കമ്പി കൊണ്ട് യുവതിയെ ക്രൂരമായി മർദ്ദിച്ചു. ഇവർക്ക് കാലിന്റെ മുട്ടിന് താഴെയും കയ്യിലും മർദ്ദനമേറ്റു. പാസ്പോർട്ട് കീറി നശിപ്പിച്ചെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു.
സംഭവത്തിൽ റഷ്യൻ കോൺസുലേറ്റ് ഇടപെട്ടിട്ടുണ്ട്. കോടതി അനുവദിക്കുന്ന മുറയ്ക്ക് യുവതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തും. യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയായ യുവാവിെൻറ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി.
റഷ്യൻ യുവതിയെ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി
കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ ആൺസുഹൃത്തിന്റെ വീട്ടിൽ റഷ്യൻ യുവതി ആത്മഹത്യശ്രമം നടത്തിയ കേസിൽ സുഹൃത്തിനെ കൂരാച്ചുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. കാളങ്ങാലി ഓലക്കുന്നത്ത് ആഖിലാണ് (28) അറസ്റ്റിലായത്. വീടിന്റെ മുകളിൽനിന്ന് ചാടിയ യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആഖിലിന്റെ ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്നാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പൊലീസിനോട് പറഞ്ഞു. ശരീരത്തിൽ ആഖിൽ ഉപദ്രവിച്ചതിന്റെ പാടുകളും ഉണ്ടായിരുന്നു.
നേരത്തേ ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ പരിചയപ്പെട്ടത്. പിന്നീട് ഇയാൾ ഖത്തർ ലോകകപ്പിന്റെ സെക്യൂരിറ്റി ജീവനക്കാരനായി സേവനമനുഷ്ഠിച്ചപ്പോൾ ഫുട്ബാൾ കളി കാണാൻ വന്ന യുവതിയെ വീട്ടിലേക്ക് കൂട്ടിവരുകയായിരുന്നു. എന്നാൽ, ലഹരിക്ക് അടിമയായ യുവാവ് റഷ്യൻ യുവതിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു.
യുവാവിന്റെ അക്രമം ഭയന്ന് മാതാപിതാക്കൾ വീട് മാറിയിരിക്കുകയാണ്. യുവതി ആത്മഹത്യശ്രമം നടത്തിയശേഷം യുവാവ് വീടിനകത്ത് ഒളിച്ചു താമസിക്കുകയായിരുന്നു. വെള്ളിയാഴ്ച കൂരാച്ചുണ്ട് സി.ഐ കെ.പി. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ വീടിന്റെ വാതിൽ പൂട്ടുപൊളിച്ചാണ് ആഖിലിനെ അറസ്റ്റ് ചെയ്തത്. പ്രതിയിൽനിന്ന് കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. വനിത കമീഷനും കേസെടുത്ത് കൂരാച്ചുണ്ട് പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

