ന്യൂനപക്ഷങ്ങളുടെ നേർക്കുള്ള അതിക്രമം; രാജ്യം കാണുന്നത് ആഴമേറിയ ആപത്തിന്റെ ലക്ഷണങ്ങൾ -സമദാനി
text_fieldsന്യൂഡൽഹി: അസമിലെ ഗോൾപാറയിൽ മുസ്‍ലിംകളെ കുടിയൊഴിപ്പിച്ചതും ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതും ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും ആഴത്തിലുള്ള ആപത്തിന്റെ ലക്ഷണങ്ങളാണെന്നും അബ്ദുസമദ് സമദാനി എം.പി. 377-ാം വകുപ്പ് പ്രകാരമുള്ള ഉപക്ഷേപം ഉന്നയിച്ച് ലോക്സഭയിൽ സംസാരിക്കുകയായിരുന്നു എം.പി.
ന്യൂനപക്ഷ സുരക്ഷ ഉറപ്പു വരുത്തേണ്ട സർക്കാറിന്റെ ഭാഗത്തുനിന്നു തന്നെയാണ് ഈ അതിക്രമങ്ങളുണ്ടായത്. അസമിൽ നടന്നത് കുടിയൊഴിപ്പിക്കലല്ല, തുടച്ചുനീക്കലാണ്. സ്വന്തം വീടിന്റെ മേൽക്കൂരകൾക്ക് ചുവട്ടിൽ സ്വപ്നം കണ്ടുറങ്ങിയിരുന്ന കുടുംബങ്ങൾ ഇന്ന് ആശാഭംഗത്തിന്റെ ആകാശങ്ങൾക്കു ചുവട്ടിൽ കഴിയേണ്ട ഗതികേടിലാണ്.
പ്രബലമായ രേഖകളോടെ ആഗ്രയിലേക്കു ജോലിക്ക് പോയ മൂന്നു സ്ത്രീകൾ അനുഗമിച്ചതിന്റെ പേരിലാണ് കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ടത്. അതോടെ നിയമവാഴ്ച മറഞ്ഞുപോവുകയും പകരം ആൾക്കൂട്ടരോഷം സ്ഥാനം പിടിക്കുകയും ചെയ്തു. ‘ഒരു രാജ്യം സ്വതന്ത്രമാണോ എന്ന് വിധി കൽപ്പിക്കാനുള്ള ഏറ്റവും തീർച്ചയുള്ള പരീക്ഷണ വഴി അവിടെ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന സുരക്ഷിതത്വമാണ്’ എന്ന ആക്റ്റൺ പ്രഭുവിന്റെ പ്രസ്താവനയും സമദാനി ഉദ്ധരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

