സി.പി.എം നേതൃത്വത്തിനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി; 'സംസ്കാരം കഴിഞ്ഞ് എല്ലാവരും പോയി, കൂടെയുണ്ട് എന്നുപോലും പറഞ്ഞിട്ടില്ല, ഉന്നത നേതാവ് ഫോൺപോലും എടുക്കില്ല'
text_fieldsകോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നേരെ പരോക്ഷ വിമർശനവുമായി മുൻസംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. കോടിയേരിയുടെ മരണശേഷം സി.പി.എമ്മിന്റെ ഉന്നത നേതൃത്വത്തിൽനിന്ന് ക്രൂരമായ അവഗണനയാണ് നേരിട്ടതെന്ന് ത്വിനോദിനി പറയുന്നു. 'പച്ചക്കുതിര' മാസികയിലെ അഭിമുഖത്തിലാണ് വിനോദിനി കോടിയേരിയുടെ തുറന്ന് പറച്ചില്‍.
കോടിയേരിയുടെ മരണത്തിന് ശേഷം നേതാക്കൾ കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല. ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല. കോടിയേരിയുടെ വിയോഗത്തിന് ശേഷം പാർട്ടി നേതൃത്വം തങ്ങളെ പൂർണമായു കൈയൊഴിഞ്ഞ അവസ്ഥയിലാണെന്ന് വിനോദിനി പറയുന്നു. നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ ഈ അവഗണന കടുത്ത മാനസിക വിഷമമുണ്ടാക്കിയെന്നും വിനോദിനി അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
അഭിമുഖത്തിൽ നിന്ന്: മരണവും സംസ്കാരവും കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയി. നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിൽ നേതൃത്വത്തിൽനിന്ന് പിന്നെയാരും ബന്ധപ്പെട്ടിട്ടില്ല. ‘നീ ഓക്കെയാണോ ഞങ്ങളൊക്കെക്കൂടെയുണ്ട്’ എന്നുപോലും പറഞ്ഞിട്ടില്ല. സാധാരണ പ്രവർത്തകരെക്കുറിച്ചല്ല ഞാൻ പറയുന്നത്. വലിയ ചില നേതാക്കളെക്കുറിച്ചാണ്. അവരൊന്നും ഇവിടെ വരികയും സംസാരിക്കുകയും ചെയ്യണമെന്നല്ല. സ്വന്തം പോക്കറ്റിലുള്ള ഫോണെടുത്ത് ഒന്നു സംസാരിക്കാൻപോലും ആർക്കും തോന്നാത്ത ഒരു കാലമായി ഇതു മാറിയോ? പ്രധാനപ്പെട്ട ഒരു കാര്യം പറയാൻവേണ്ടി-ശുപാർശയ്ക്കൊന്നുമല്ല-പാർട്ടിയിലെ പ്രധാനപ്പെട്ട ഒരു നേതാവിനെ പലതവണ ഞാൻ വിളിച്ചിട്ടും ഫോണെടുത്തില്ല, തിരിച്ചു വിളിച്ചതുമില്ല.
വ്യക്തിപരമായ കാര്യം സാധിക്കാനായിരിക്കും വിളിക്കുന്നത് എന്നോ മറ്റോ അദ്ദേഹം കരുതുന്നുണ്ടോ എന്നറിയില്ല. ആഭ്യന്തരമന്ത്രിയും സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവും ആയിരുന്ന കോടിയേരിയുടെ മരണം നടന്ന് നാലു വർഷത്തിനിടയിൽ എനിക്കുണ്ടായ അനുഭവമാണ് ചൂണ്ടിക്കാണിക്കുന്നത്; കുടുംബത്തോടുള്ള സമീപനമാണ് പറയുന്നത്. ഇത് എന്റെ മാത്രം അനുഭവമായിരിക്കുമോ അതോ എല്ലാ രംഗത്തും ഒരു സന്ദർഭത്തിൽ സ്ത്രീകൾ ആരുമില്ലാതാവുന്ന അവസ്ഥയിൽ എത്തിച്ചേരുന്നതാണോ?
വിജയേട്ടൻ(പിണറായി വിജയൻ)വിളിച്ചാൽ ഫോൺ എടുക്കുകയും അപ്പോൾ പറ്റിയില്ലെങ്കിൽ തിരിച്ചുവിളിക്കുകയും ചെയ്യുന്ന ആളാണ്. ഞാൻ ഉദ്ദേശിച്ചത് പൊളിറ്റ്ബ്യൂറോ അംഗംകൂടിയായ കേരളത്തിലെ പ്രധാനപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു നേതാവിനെക്കുറിച്ചാണ്. കോടിയേരിയുടെ മരണത്തിനുശേഷം അതിന്റെ ചടങ്ങുകളെല്ലാം കഴിഞ്ഞതിനുപുറം ഈ നാലുവർഷത്തിനിടയിൽ അദ്ദേഹം ഒരിക്കലും എന്നെ ഫോണിൽപോലും ബന്ധപ്പെട്ടിട്ടില്ല. ഇക്കാലത്തിനിടയിൽ വല്ലപ്പോഴും ഞാൻ അങ്ങോട്ട് വിളിച്ചാൽ ഫോൺ എടുക്കാറുമില്ല.
എന്നും ഈ പാർട്ടിയുടെ ആളായിത്തന്നെ നിൽക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. എന്നുവെച്ച് എനിക്ക് തോന്നുന്ന ശരികളൊന്നും ചെയ്യാതെ മിണ്ടാതിരിക്കാനും കഴിയില്ല. അനാവശ്യമായ വിധേയത്വവും എനിക്കില്ല. ഒരു കാര്യവുമില്ലാതെ വെറുപ്പ് മനസ്സിലുണ്ടാക്കി എതിരാളിയെ കൃത്രിമമായി സൃഷ്ടിച്ച് ജീവിക്കാനും എനിക്ക് കഴിയില്ല. പറയേണ്ട കാര്യങ്ങൾ ഏതു വേദിയിലായാലും ഒരു വ്യക്തിക്കു പറയാൻ പറ്റണം- വിനോദിനി അഭിമുഖത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

