Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിനോദിനിക്ക്...

വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു; സമ്മാനങ്ങളുമായെത്തി വി.ഡി. സതീശൻ

text_fields
bookmark_border
വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു; സമ്മാനങ്ങളുമായെത്തി വി.ഡി. സതീശൻ
cancel

പാലക്കാട്: ചികിത്സ പിഴവിനെ തുടർന്ന് വലതുകൈ മുറിച്ചുമാറ്റപ്പെട്ട ഒമ്പതുവയസ്സുകാരി വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍റെ ഇടപെടലിൽ എറണാകുളത്തെ സ്വകാര്യ ക്ലിനിക്കിൽ വെച്ചാണ് കൃത്രിമക്കൈ ഘടിപ്പിച്ചത്. കൈ ഘടിപ്പിച്ച ശേഷം സമ്മാനങ്ങളുമായി വിനോദിനിയെ പ്രതിപക്ഷ നേതാവ് സന്ദർശിച്ചു.

വിദേശത്തുനിന്നാണ് ലക്ഷങ്ങൾ വിലയുള്ള കൃത്രിമക്കൈ എത്തിച്ചത്. ഇതിനായി കുട്ടിയും രക്ഷിതാക്കളും കഴിഞ്ഞ ദിവസം തന്നെ ആശുപത്രിയിൽ എത്തിയിരുന്നു. കുട്ടിയുടെ വളർച്ചക്കനുസരിച്ച് കൈ മാറ്റേണ്ടി വരും. ഇതിനുള്ള സഹായവും നൽകാമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചതായി കുട്ടിയുടെ പിതാവ് വിനോദ് പറഞ്ഞു. വിരലുകൾ മടക്കാൻ പറ്റുന്ന തരത്തിൽ ആധുനിക രീതിയിലുള്ള കൈയാണ് ഘടിപ്പിച്ചത്. നാലു മണിക്കൂറോളം ചാർജ് ചെയ്താൽ രണ്ടുമൂന്നു ദിവസം പ്രവർത്തിക്കും. വിരലുകൾ ഇഷ്ടാനുസരണം ചലിപ്പിക്കാനും എഴുതാനുമെല്ലാം കഴിയുമെന്നതിനാൽ വിനോദിനിയും കുടുംബവും സന്തോഷത്തിലാണ്. അഴിച്ചുവെക്കാനും വീണ്ടും ഘടിപ്പിക്കാനും കഴിയുന്ന തരത്തിലുള്ള കൈയാണിത്. തിങ്കളാഴ്ച കൂടി ആശുപത്രിയിൽ തുടർന്ന ശേഷം ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങുമെന്ന് വിനോദ് പറഞ്ഞു. അടുത്ത ദിവസം മുതൽ സ്കൂളിൽ പോകാനുള്ള തയാറെടുപ്പിലാണ് വിനോദിനി.

2025 സെപ്റ്റംബറിലാണ് പല്ലശ്ശന സ്വദേശിനി ഒമ്പതു വയസ്സുകാരി വിനോദിനിക്ക് വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ വീണ് പരിക്കേറ്റത്. വലതുകൈയുടെ എല്ല് പൊട്ടി. പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്ലാസ്റ്ററിട്ട് മടക്കിയയച്ചു. മുറിവ് വൃത്തിയാക്കാതെ പ്ലാസ്റ്ററിട്ടതിനാൽ പഴുപ്പ് കയറി അണുബാധയുണ്ടായി. കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് കൈ മുട്ടിനു താഴെ മുറിച്ചുമാറ്റുകയായിരുന്നു.

സംഭവം വാർത്തയാകുകയും വിവാദമാകുകയും ചെയ്തതോടെ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. പ്രാഥമികാന്വേഷണത്തില്‍ ചികിത്സയില്‍ വീഴ്ച വന്നിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. ജില്ല ആശുപത്രിയിൽ ആവശ്യമായ ശാസ്ത്രീയ ചികിത്സ നൽകിയിരുന്നു എന്നായിരുന്നു ഡി.എം.ഒയുടെ അന്വേഷണ റിപ്പോർട്ട്. ഇതിനെതിരെ വിമർശനമുയർന്നതോടെ പാലക്കാട് ജില്ല ആശുപത്രിയിലെ ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍ മുസ്തഫ, കണ്‍സൽട്ടന്റ് ഡോ. സര്‍ഫറാസ് എന്നിവരെ പിന്നീട് സസ്‌പെൻഡ് ചെയ്തു. തൃശൂര്‍ സ്വദേശി പി.ഡി. ജോസഫ് ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവര്‍ക്കെതിരെ നൽകിയ പരാതിയിൽ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കാന്‍ പാലക്കാട് മൂന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. പൂർണമായി ചികിത്സ നൽകുന്നതിനുമുമ്പ് കുട്ടിയുടെ കൈ മുറിച്ചുമാറ്റിയ കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കെതിരെയും അന്വേഷണം വേണമെന്ന് ആവശ്യമുയർന്നിരുന്നു.

കുട്ടിയുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical negligencePalakkad District HospitalVD Satheesan
News Summary - Vinodini in Palakkad gets artificial hand
Next Story