വിനായകിനെ മർദിച്ചത് പിതാവാകാമെന്ന് പൊലീസ്
text_fieldsതൃശൂർ: പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച എങ്ങണ്ടിയൂർ സ്വദേശി വിനായക് ജീവനൊടുക്കാൻ കാരണം അച്ഛൻ മർദിച്ചതാകാമെന്ന് പൊലീസ്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഇൗ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് ആരോപണ വിധേയരായ പാവറട്ടി പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ നൽകിയ മൊഴിയിലാണ് ഇൗ വിചിത്രവാദം. അതപ്പടി അംഗീകരിച്ച് ഇൗ മൊഴിയും ഉൾപ്പെടുത്തി വിനായകിെൻറ ആത്മഹത്യക്ക് കാരണക്കാരൻ അച്ഛൻ കൃഷ്ണൻകുട്ടിയാണെന്ന് ക്രൈംബ്രാഞ്ച് പ്രാഥമിക റിപ്പോർട്ടും അന്വേഷണ പുരോഗതി റിപ്പോർട്ടും തയാറാക്കി. തിങ്കളാഴ്ച ജില്ലയിലെത്തിയപ്പോൾ വിനായകിെൻറ മരണവുമായി ബന്ധപ്പെട്ട കേസിെൻറ അന്വേഷണ പുരോഗതി തിരക്കിയ മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി ലോക്നാഥ് ബെഹ്റക്കും ഇൗ വിവരമാണ് ക്രൈംബ്രാഞ്ച് നൽകിയത്.
വിനായക് സ്റ്റേഷനിൽ ഉണ്ടായിരുന്ന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐയും അഞ്ചു പൊലീസുകാരുമാണ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന് ക്ലീൻ ചിറ്റ് നൽകി ആത്മഹത്യയുടെ ഉത്തരവാദിത്തം വിനായകിെൻറ അച്ഛെൻറ മേൽ ക്രൈംബ്രാഞ്ച് ചുമത്തിയത്. വിനായകിനെ ചോദ്യംചെയ്യുമ്പോൾ സ്റ്റേഷനിലുണ്ടായിരുന്ന തങ്ങൾ അയാളെ മർദിക്കുന്നത് കണ്ടിട്ടില്ലെന്നാണ് പൊലീസുകാരുടെ മൊഴി. തങ്ങൾ മർദിച്ചിട്ടില്ലെന്നും വീട്ടിലെത്തിയപ്പോൾ അച്ഛൻ മർദിച്ചതിലുള്ള വിഷമമാകാം ആത്മഹത്യക്ക് കാരണമെന്നുമാണ് പൊലീസുകാർ പറഞ്ഞത്.
കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഡി.ജി.പി എ. ഹേമചന്ദ്രൻ നേരിട്ടെത്തി വിനായകിെൻറ പിതാവ് കൃഷ്ണൻകുട്ടി, സഹോദരൻ, വിനായകിനൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്ത് ശരത് എന്നിവരിൽനിന്ന് മൊഴി എടുക്കുകയും ഇവരെക്കൊണ്ട് മജിസ്ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി കൊടുപ്പിക്കുകയും ചെയ്തിരുന്നു. തെൻറ മുന്നിൽ വെച്ച് വിനായകിനെ പൊലീസുകാർ മർദിച്ചതായാണ് ശരത്തിെൻറ മൊഴി.
ജൂലൈ 17നാണ് പാവറട്ടി മാനിനക്കുന്നിൽവെച്ച് പെൺകുട്ടിയുമായി സംസാരിച്ചു നിൽക്കെ വിനായകിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുടി നീട്ടി വളർത്തിയെന്ന് പറഞ്ഞായിരുന്നു മർദനമെന്ന് അന്ന് തന്നെ ശരത്ത് പറഞ്ഞിരുന്നു. വിനായകിനെ കഞ്ചാവ് കേസിൽ കുടുക്കാനും പൊലീസ് ശ്രമിച്ചു. ഇതുസംബന്ധിച്ച് അയാളുടെ അച്ഛനെയും പൊലീസ് ഭീഷണിപ്പെടുത്തിയതായി പരാതി ഉണ്ട്. പോസ്റ്റ്േമാർട്ടം റിപ്പോർട്ടിൽ വിനായകിന് ഭീകര മർദനം ഏറ്റതായി സ്ഥിരീകരിക്കുന്നുണ്ട്. തന്നെ പൊലീസുകാര്‍ മര്‍ദിച്ചതായി മരിക്കുന്നതിനു മുമ്പ് വിനായക് പറഞ്ഞതായി മാതാപിതാക്കളും ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
