വിനായക്നോട് ചെയ്തത് കാടത്തമെന്ന് പൊലീസിനുള്ളിൽ അഭിപ്രായം
text_fieldsതൃശൂർ: പൊലീസ് മർദനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ഏങ്ങണ്ടിയൂർ സ്വദേശി വിനായക് എന്ന 19കാരനോട് പൊലീസ്ചെയ്തത് കാടത്തമാണെന്ന് പൊലീസ് സേനക്കുള്ളിലും അഭിപ്രായം. മുലഞെട്ടുകൾ പിടിച്ചുടക്കുകയെന്ന പ്രാകൃത മർദന രീതി സമീപകാലത്തൊന്നും കൊടുംകുറ്റവാളികളോട് പോലും ചെയ്തിട്ടില്ലാത്തതാണ്. ഒരു പരാതി പോലുമില്ലാത്ത ഒരു കൗമാരക്കാരനോട് കാണിച്ച ക്രൂരത ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും അത് ചെയ്തവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് അഭിപ്രായമുള്ള ഒാഫിസർമാരടക്കം വലിയൊരു സംഘം പൊലീസിനകത്തുണ്ട്. സേനയെയും സർക്കാറിനെയും പ്രതിക്കൂട്ടിലാക്കിയ ഇവർക്കെതിരേ പരാതി കൊടുക്കാനുള്ള ഒരുക്കത്തിലാണ് ഇവർ.
വിനായകനെ പാവറട്ടി മാനിനക്കുന്നിൽ നിന്നും പെൺകുട്ടിയോടൊപ്പം സംസാരിച്ച് നിൽക്കുമ്പോൾ സംശയം തോന്നി പിടിച്ച് കൊണ്ടു വരികയായിരുന്നുവെന്നും അയാൾ സഞ്ചരിച്ച ബൈക്കിന് മതിയായ രേഖകൾ ഉണ്ടായിരുന്നില്ലെന്നും പറയുന്ന പൊലീസ് അച്ഛനെ വിളിച്ചു വരുത്തി വിട്ടയച്ചെന്നാണ് പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിനായകന് ക്രൂരമർദനമേറ്റതായി വ്യക്തമാക്കിയിട്ടുണ്ട്.
മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണെൻറ ഗൺമാനായിരുന്ന കോൺഗ്രസ് അനുകൂല പൊലീസ് അസോസിയേഷൻ നേതാവ് സി.പി.ഒ ശ്രീജിത്തും സാജനുമാണ് വിനായകനെ കസ്റ്റഡിയിലെടുത്തത്. വിനായകനെ മർദിച്ചത് ഇവർ മാത്രമല്ലെന്ന് സേനാംഗങ്ങൾ തന്നെ സൂചിപ്പിക്കുന്നു. കൊടും ക്രിമിനലുകളോട് ചെയ്യുന്ന പ്രവൃത്തികളാണ് മുലഞെട്ടുടച്ച് പൊട്ടിക്കലും, കാലിെൻറ പെരുവിരലിൽ ഷൂസിട്ട് ഞെരിക്കലും തല ചുവരിൽ ചേർത്ത് ഇടിക്കലുമെല്ലാം. ഇത് കൈയബദ്ധമായി കാണാനാവില്ലെന്ന് അവർ പറയുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ അടക്കമുള്ളവർക്കെതിരെയാണ് സേനാംഗങ്ങളുടെ ആരോപണം.
ഇവരുടെ പ്രവൃത്തി തങ്ങളെ കൂടി പ്രതിക്കൂട്ടിലാക്കുന്നതാണെന്നും പൊതുസമൂഹത്തിനും വീട്ടുകാർക്കും മുന്നിൽ തങ്ങളും ക്രൂശിക്കപ്പെടുന്നുവെന്നാണ് ഇവരുടെ ആക്ഷേപം. അതുകൊണ്ട് വകുപ്പ്തല നടപടി ഇവർക്കെതിരെ വേണമെന്ന ആവശ്യത്തിൽ ഇവർ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകും. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടുവെങ്കിലും പൊലീസുകാർക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
