ഇതൊക്കെ ഉണ്ടാക്കിയത് ഇസ്‌ലാം മതവിശ്വാസികളടക്കമുള്ളവരുടെ നികുതിപ്പണം കൊണ്ടല്ലേ ഷോണേ...? -വിനായകൻ
text_fieldsകൊച്ചി: വിദ്വേഷ പരാമർശത്തിൽ പി.സി. ജോർജിന്‍റെ ജാമ്യാപേക്ഷ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി തള്ളുകയും രണ്ടാഴ്ച റിമാൻഡിലാകുകയും ചെയ്ത സംഭവവികാസങ്ങൾക്കിടെ ഷോൺ ജോർജിന്‍റെ പ്രതികരണത്തിനെതിരെ നടൻ വിനായകൻ. ഈരാറ്റുപേട്ട ഇന്ന് കാണുന്നതെല്ലാം ഉണ്ടാക്കിയത് പി.സി. ജോർജാണ് എന്ന ഷോൺ ജോർജിന്‍റെ പരാമർശത്തിനെതിരെയാണ് വിനായകൻ രംഗത്തുവന്നത്.
ഈരാറ്റുപേട്ട സി.ഐ ഓഫീസ് പി.സി. ജോർജ് ഉണ്ടാക്കിയതാണ്. പി.സി. ജോർജ് ഹാജരാകേണ്ട മജിസ്ട്രേറ്റ് കോടതി, പി.സി. ജോർജ് ഉണ്ടാക്കിയതാണ്. ഈരാറ്റുപേട്ട ഇന്ന് കാണുന്നതെല്ലാം ഉണ്ടാക്കിയത് പി.സി. ജോർജാണ്. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പി.സി. ജോർജ് ഉണ്ടാക്കിയതാ... -എന്ന് ഷോൺ ജോർജ് മാധ്യമങ്ങളോട് പറയുന്ന വാർത്താ ശകലം പങ്കുവെച്ചാണ് വിനായകന്‍റെ പരിഹാസം.
ഇതൊക്കെ ഉണ്ടാക്കാൻ കാശ് പി.സി ജോർജിന്റെ കുടുംബത്തു നിന്നാണോ? ഇസ്‌ലാം മതവിശ്വാസികളടക്കമുള്ള ജനത്തിന്റെ നികുതി പണം കൊണ്ടല്ലേ ഷോണേ...? -എന്നാണ് വിനായൻ ചോദിക്കുന്നത്.
ചാനൽ ചർച്ചയിൽ മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ പൊലീസിനെ നോക്കുകുത്തിയാക്കി ഇന്ന് രാവിലെ 11 നാണ് ജോർജ് കോടതിയിൽ കീഴടങ്ങിയത്. തുടർന്ന് 12.15ന് ഇരുവിഭാഗങ്ങളുടെയും വാദം കേട്ടു. ജോർജിനെ കസ്റ്റഡിയിൽ വിടേണ്ട ആവശ്യം ഇല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ മുമ്പും ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയ വ്യക്തിയാണ് ജോർജെന്നും കോടതിയലക്ഷ്യമാണ് ചെയ്തതെന്നും പ്രോസിക്യൂഷൻ വാദിച്ചു. തുടർന്ന് ജോർജിന്റെ മുൻ കേസുകളുടെ വിശദാംശങ്ങൾ രണ്ട് മണിക്കൂറിനുള്ളിൽ ഹാജരാക്കാൻ പൊലീസിന് കോടതി നിർദേശം നൽകി. രണ്ട് മണിക്ക് ഈ വിശദാംശങ്ങൾ ഉൾപ്പെടെ പരിശോധിച്ച ഈരാറ്റുപേട്ട കോടതി ജോർജിനെ കസ്റ്റഡിയിൽ വിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

