വിളപ്പില്‍ശാല ഗവ. ആശുപത്രിയിൽ രോഗി മരിച്ച സംഭവം: ചികിത്സ വൈകിയെന്ന ആരോപണം നിഷേധിച്ച് മെഡിക്കൽ ഓഫീസർ
text_fieldsതിരുവനന്തപുരം: വിളപ്പില്‍ശാല ഗവ. ആശുപത്രിയിൽ രോഗി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവുണ്ടായെന്നും ചികിത്സ വൈകിയെന്നുമുള്ള ആരോപണം നിഷേധിച്ച് മെഡിക്കൽ ഓഫീസർ. ബിസ്മീറിനെ ചികിത്സിക്കുന്നതിൽ പിഴവ് സംഭവിച്ചിട്ടില്ലെന്ന് മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ. എൽ. രമ പറഞ്ഞു. 19 -ാം തീയതി പുലർച്ചെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച ബിസ്മിറിന് ഓക്സിജൻ വെന്‍റിലേഷനും നെബുലൈസേഷനും ഇഞ്ചക്ഷനും സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്ന് നൽകിയെന്നാണ് ഡോക്ടർ പറയുന്നത്.
എന്നാൽ, സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗി മരിച്ച സംഭവം ചികിത്സ ലഭിക്കാത്തതുകൊണ്ടാണെന്ന് ബന്ധുക്കളുടെ ആരോപണം. വിളപ്പില്‍ശാല ഗവ. ആശുപത്രിക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സംഭവത്തിൽ കുടുംബം ഇന്ന് ജില്ല മെഡിക്കൽ ഓഫീസർക്ക് പരാതി നൽകിയേക്കും. മാത്രമല്ല, സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. സംഭവത്തിൽ വിളപ്പിൽശാല സർക്കാർ ആശുപത്രി അധികൃതരോട് ആരോഗ്യവകുപ്പ് അടിയന്തരമായി റിപ്പോർട്ട് തേടിയിട്ടുണ്ട്. അഡീഷണൽ ജില്ല മെഡിക്കൽ ഓഫീസർക്ക് ആരോഗ്യ വകുപ്പ് ഡയറക്ടറാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.
വിളപ്പില്‍ കാവിന്‍പുറം കൊല്ലംകോണം ഞാറത്തല കട്ടയ്ക്കാല്‍ ഇസിയ മന്‍സിലില്‍ ബിസ്മീര്‍ (37) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ജനുവരി 19ന് പുലര്‍ച്ചെ ഒന്നിന് ബിസ്മീറിന് ശ്വാസംമുട്ടലും അസ്വസ്ഥതയും ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയുടെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നെന്നും നിരവധി തവണ ബെല്ലടിച്ചപ്പോഴാണ് ജീവനക്കാര്‍ എത്തിയതെന്നും ബന്ധുക്കള്‍ പറയുന്നു. ബിസ്മീറിന്റെ ഭാര്യ ജാസ്മിന്‍ ബഹളം വെച്ചപ്പോഴാണ് ജീവനക്കാര്‍ പുറത്തേക്ക് വന്നത്. ഇതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ജീവനക്കാര്‍ പുറത്തേക്ക് വന്നപ്പോഴേക്കും യുവാവിന്റെ ആരോഗ്യസ്ഥിതി മോശമായെന്നും ഓക്‌സിജന്‍ നല്‍കാന്‍ താന്‍ ആവശ്യപ്പെട്ടെന്നും ജാസ്മിന്‍ പറയുന്നു. മരുന്നില്ലാതെ ആവി നല്‍കിയെന്നും ഓക്‌സിജന്‍ നല്‍കിയപ്പോള്‍ ബോധം നഷ്ടപ്പെട്ടെന്നും തുടര്‍ന്ന് ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചെന്നും കാണിച്ച് ജാസ്മിന്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം, ആശുപത്രിയില്‍ നല്‍കേണ്ട എല്ലാ ചികിത്സയും നല്‍കിയിട്ടുണ്ടെന്നും ഗുരുതരാവസ്ഥ ബോധ‍്യപ്പെട്ടപ്പോഴാണ് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടതെന്നും വിളപ്പില്‍ശാല ഗവ. ആശുപത്രി മെഡിക്കൽ ഓഫിസര്‍ ഡോ. രമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

