‘സ്വപ്നയുടെ നീക്കങ്ങൾക്ക് പിന്നിലാണ് അജ്ഞാതനുള്ളത്’; ആരോപണങ്ങൾ തള്ളി വിജേഷ് പിള്ള
text_fieldsകോഴിക്കോട്: കൂടിക്കാഴ്ച സംബന്ധിച്ച സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി വിജേഷ് പിള്ള. താൻ ഒറ്റക്കാണ് സ്വപ്നയെ കണ്ടത്. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ ഇക്കാര്യം വ്യക്തമാണെന്ന് വിജേഷ് പിള്ള ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയുടെ മുഴുവൻ വിഡിയോയും സ്വപ്ന പുറത്തുവിടണം. സ്വപ്നയുടെ നീക്കങ്ങൾക്ക് പിന്നിലാണ് അജ്ഞാതനുള്ളത്. ബംഗളൂരു പൊലീസിന്റെ നടപടികളുമായി സഹകരിക്കുമെന്നും വിജേഷ് പിള്ള മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ വിജേഷ് പിള്ളക്കെതിരെ ബംഗളൂരു കൃഷ്ണരാജപുര കേസെടുത്തിരുന്നു. ബംഗളൂരുവിൽ നടത്തിയ കൂടിക്കാഴ്ചക്കിടെ വധഭീഷണി അടക്കം ഉണ്ടായെന്ന് കാണിച്ച് സ്വപ്ന സുരേഷ് അഭിഭാഷകനായ കൃഷ്ണരാജ് മുഖേന കർണാടക ഡി.ജി.പിക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇ.ഡി കഴിഞ്ഞ ദിവസം വിജേഷ് പിള്ളയെ മൂന്നു മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
തന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയതായി സ്വപ്ന സുരേഷ് ഫേസ്ബുക്കിലൂടെ അറിയിച്ചു. വിജേഷ് പിള്ള താമസിച്ച ബംഗളൂരു വൈറ്റ്ഫീൽഡിലെ ഹോട്ടലിൽ സ്വപ്നയെ എത്തിച്ച് തെളിവെടുത്തു. പിള്ളയോടൊപ്പം മറ്റൊരാളും ഹോട്ടലിൽ താമസിച്ചിരുന്ന വിവരം ഹോട്ടൽ അധികൃതർ പൊലീസിന് കൈമാറിയതായും പിന്നണിയിലെ ആ അജ്ഞാതൻ ആരാണെന്ന് തെളിയണമെന്നും സ്വപ്ന പറഞ്ഞു.
സ്വര്ണക്കടത്ത് കേസിൽ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലാണ് വ്യാഴാഴ്ച ഫേസ്ബുക്ക് ലൈവ് വിഡിയോയിലൂടെ സ്വപ്ന സുരേഷ് നടത്തിയത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള ആരോപണങ്ങൾ നിർത്തണമെന്നും ഇതിനായി 30 കോടി രൂപ നൽകാമെന്നും വാഗ്ദാനം ചെയ്ത് കണ്ണൂർ സ്വദേശിയായ വിജേഷ് പിള്ള എന്നയാൾ ഒത്തുതീർപ്പ് ചർച്ച നടത്തിയെന്നാണ് സ്വപ്ന പറഞ്ഞത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിർദേശ പ്രകാരമായിരുന്നു ഇയാൾ എത്തിയതെന്നും സ്വപ്ന വ്യക്തമാക്കിയിരുന്നു.