‘‘എന്താ എന്നെ വിട്ട് പോയതെടീ, എണീക്ക്, കണ്ണുതുറക്ക്...’’; നൊമ്പരമായി വിജയകുമാർ
text_fieldsപാലക്കാട്: ‘എെൻറ മുത്തേ.. എന്താ എന്നെ വിട്ട് പോയതെടീ, ഒന്ന് എണീക്ക്, കണ്ണുതുറക്ക്...’ പ്രിയസഖിയുടെ ചേതനയറ്റ ദേഹത്തോട് വിജയകുമാർ പൊട്ടികരഞ്ഞുകൊണ്ട് കേണപേക്ഷിച്ചു. ഗീതയുടെ മൗനത്തിൽ പ്രിയതമന്‍റെ അടക്കിപിടിച്ച ദു:ഖം കണ്ണീർചാലുകളായി ഒഴുകി. കവിളിൽ തലോടിയും നെറ്റിയിൽ ഉമ്മ വെച്ചും വിജയകുമാർ ചോദ്യം ആവർത്തിച്ചുകൊണ്ടിരുന്നു. സ്നേഹനിധിയായ ഭാര്യക്ക് മുമ്പിൽ സങ്കടങ്ങൾ പെയ്തിറങ്ങുേമ്പാഴും ഫ്രീസറിെൻറ തണുപ്പിൽ ഗീത ഒന്നുമറിയാതെ കിടന്നു. വിജയകുമാർ തലയിൽ കൈവെച്ച് പിന്നെയും വാവിട്ടുകരയുന്നതിനിടെ, ബന്ധുക്കളുടെ കൂട്ടകരച്ചിൽകൂടിയായതോടെ പാലക്കാട് ചന്ദ്രനഗർ വൈദ്യുതി ശ്മാശനത്തിെൻറ മുറ്റം വിലാപക്കളമായി.
മേയ് ഒമ്പതിനാണ് പ്രവാസിയായ കൊല്ലേങ്കാട് ആനമാറി വടുകമ്പാടത്തെ വിജയകുമാറിെൻറ ഭാര്യ ഗീത (46) ഹൃദയാഘാതംമൂലം മരിച്ചത്. അകാലത്തിൽ വിടപറഞ്ഞ പ്രിയതമയുടെ മുഖം ഒരു നോക്കുകാണാൻ വിമാന ടിക്കറ്റ് കിട്ടാതെ ദുബൈയിൽ കുടുങ്ങിയ വിജയകുമാറിെൻറ വേദന നാടിനെയൊന്നടങ്കം നൊമ്പരപ്പെടുത്തിയിരുന്നു. ടിക്കറ്റിനായി ഇദ്ദേഹം മുട്ടാത്ത വാതിലുകളില്ലായിരുന്നു. സംസ്കാരം, താൻ വന്നശേഷം മതിയെന്ന വിജയകുമാറിെൻറ വാക്കുകൾ കണ്ണീരോടെയാണ് ബന്ധുക്കളും സുഹൃത്തുകളും കേട്ടത്.
കോവിഡ് പരിശോധന നെഗറ്റീവ് ആയിട്ടും വിജയകുമാർ നാട്ടിലെത്തുമെന്ന പ്രതീക്ഷയിൽ പൊലീസിെൻറ പ്രത്യേക അനുമതിയോടെ മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ തന്നെ സൂക്ഷിക്കുകയായിരുന്നു. വിജയകുമാറിനെ എങ്ങിനെയും നാട്ടിലെത്തിക്കാൻ വഴിയുണ്ടാക്കണമെന്ന ആവശ്യം നാനാദിക്കുകളിൽനിന്നും ഉയർന്നു. ഇദ്ദേഹത്തിെൻറ കരഞ്ഞു കണ്ണുകലങ്ങിയ ചിത്രം ഒടുവിൽ അധികൃതരുടെ കണ്ണുതുറപ്പിച്ചു.
16ന് ദുബൈയിൽനിന്നും നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനത്തിന് ടിക്കറ്റ് ലഭിച്ചു. ശനിയാഴ്ച വൈകീട്ട് നെടുമ്പാശ്ശേരിയിൽ ഇറങ്ങി, രാത്രി ഒമ്പതോടെയാണ് വീട്ടിലെത്തിയത്. വിദേശത്തുനിന്നും വന്നതിനാൽ ക്വാറന്‍റീനിലായ വിജയകുമാർ, ഞായറാഴ്ച രാവിലെ സുരക്ഷ വസ്ത്രമണിഞ്ഞ ആരോഗ്യപ്രവർത്തകരോടൊപ്പം 108 ആംബുലൻസിലാണ് വൈദ്യുതി ശ്മശാനത്തിലെത്തിയത്. അൽപം കഴിഞ്ഞ് ഗീതയുടെ മൃതദേഹവുമായി മറ്റൊരു ആംബുലൻസ് എത്തി.

വിജയകുമാറിനും അടുത്ത ബന്ധുക്കൾക്കും കാണാനായി മൃതദേഹം കുറച്ചുനേരം ശ്മാശന കവാടത്തിൽ കിടത്തി. ബന്ധുക്കൾ കണ്ടശേഷമാണ് വിജയകുമാറിനെ ഇറക്കികൊണ്ടുവന്നത്. പ്രിയതമയുടെ മുഖം കാണണമെന്ന ആഗ്രഹം സഫലമായപ്പോഴും അകാലത്തിലുള്ള ഗീതയുടെ വേർപാട് വിജയകുമാറിന് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.
മക്കളില്ലാത്തതിെൻറ വേദനക്കിടയിലും ആശ്വാസവും സ്നേഹവും പകർന്നുനൽകിയ നിറപുഞ്ചിരിയാണ് പെട്ടെന്ന് മാഞ്ഞുപോയിരിക്കുന്നത്. സുഖ, ദു:ഖങ്ങളിൽ രണ്ട് പതിറ്റാണ്ടോളം ഒപ്പം നിന്നവൾ സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങിയിരിക്കുന്നു. ഇൗ സത്യം വിജയകുമാർ തിരിച്ചറിയുേമ്പാഴും സങ്കടങ്ങൾ വിങ്ങലുകളായി പുറത്തുവരുന്നു. ഇനി ജീവിതയാത്രയിൽ വിജയകുമാറിന് താങ്ങായി പ്രായമായ അമ്മ മാധവി മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
