കൊച്ചി: യുവനടിയെ പീഡിപ്പിച്ചെന്ന കേസിനെത്തുടർന്ന് ദുബൈയിൽ ഒളിവിൽ കഴിയുന്ന നടൻ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. താൻ നിയമത്തിൽനിന്നും ഒളിച്ചോടിയിട്ടില്ലെന്നും കേസെടുത്ത വിവരം അറിയാതെയാണ് വിദേശത്തേക്ക് പോയതെന്നും വിജയ് ബാബു വ്യക്തമാക്കി. കേസിൽ കക്ഷി ചേരാനുള്ള പരാതിക്കാരിയുടെ അപേക്ഷ അനുവദിക്കരുതെന്നും കോടതിയോട് അഭ്യർഥിച്ചു.
അതേസമയം, ഹരജിക്കാരൻ നാട്ടിലെത്തിയിട്ടേ ജാമ്യഹർജി പരിഗണിക്കാവൂവെന്നും കേസെടുത്ത് രണ്ടു ദിവസം കഴിഞ്ഞ് വിജയ് ബാബു രാജ്യംവിട്ടത് വ്യക്തമായ ബോധ്യത്തോടെയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ഹരജിക്കാരൻ നാട്ടിലെത്തിയ ശേഷം മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ തീരുമാനം എടുക്കാമെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു. 30ന് എത്തുമ്പോള്‍ അറസ്റ്റ് ചെയ്യരുതെന്ന നിര്‍ദേശവും കോടതി മുന്നോട്ടുവെച്ചു.