കൊച്ചി: നടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതി ചേർക്കപ്പെട്ട് വിദേശത്ത് ഒളിവിൽ കഴിയുന്ന നടൻ വിജയ് ബാബു ജോർജിയയിൽ നിന്ന് ദുബൈയിൽ തിരിച്ചെത്തി. ഇദ്ദേഹത്തെ പ്രത്യേക യാത്രാ രേഖ നൽകി കേരളത്തിലേക്ക് കൊണ്ടുവരും. പാസ്പോർട്ട് റദ്ദാക്കിയ സാഹചര്യത്തിലാണിത്. ഇതിനുളള നടപടികൾ കൊച്ചി സിറ്റി പൊലീസ് ആരംഭിച്ചിട്ടുണ്ട്. ദുബൈ ഇന്ത്യൻ എംബസിയുമായി കൊച്ചി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലേക്ക് വരുന്നതിനുള്ള ടിക്കറ്റ് ഹാജരാക്കാൻ ഹൈകോടതി നിർദേശം
ഇന്ത്യയിലേക്ക് വരുന്നതിനുള്ള ടിക്കറ്റ് ഹാജരാക്കാൻ വിജയ്ബാബുവിനോട് ഹൈകോടതി നിർദേശം. അദ്ദേഹത്തിന്റെ അഭിഭാഷകൻ സമർപ്പിച്ച മുൻകൂർ ജാമ്യഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ നിർദേശം.
അടുത്ത വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ കേസ് പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോൾ, ടിക്കറ്റ് ബുക്ക് ചെയ്ത് കോടതിയിൽ സമർപ്പിക്കുമ്പോൾ പരിഗണിക്കാമെന്ന് കോടതി നിലപാടെടുത്തു.
കോടതി പറയുന്ന ദിവസം അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പിൽ ഹാജരാവാൻ തയാറാണെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും അഭിഭാഷകൻ മുഖേന വിജയ്ബാബു കോടതിയെ അറിയിച്ചു. പൊലീസ് പാസ്പോർട്ട് റദ്ദാക്കിയതിനാൽ യാത്ര ചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ടെന്നും പരാതിക്കാരിയെ പീഡിപ്പിച്ചിട്ടില്ലെന്നും സിനിമയിൽ അവസരം നൽകാത്തതിന്റെ വൈരാഗ്യമാണെന്നും അദ്ദേഹം ബോധിപ്പിച്ചു.
അതേസമയം, വിജയ് ബാബു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും രാജ്യം വിട്ടിരിക്കുകയാണെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും പൊലീസ് കോടതിയോട് അഭ്യർഥിച്ചു.