യൂണിടാക് നൽകിയ ഐ ഫോൺ വിജിലൻസ് പിടിച്ചെടുക്കും
text_fieldsതിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതി നിര്‍മാണവുമായി ബന്ധപ്പെട്ട് യുണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ കമീഷനായി നല്‍കിയ ആപ്പിൾ ഐ ഫോണുകള്‍ പിടിച്ചെടുക്കാന്‍ വിജിലന്‍സ് തീരുമാനിച്ചു. ഐ ഫോണ്‍ ലഭിച്ച എല്ലാവര്‍ക്കും വിജിലന്‍സ് നോട്ടീസ് അയക്കും. കഴിഞ്ഞ ദിവസം കാട്ടാക്കട സ്വദേശിയായ പരസ്യ കമ്പനി ഉടമ പ്രവീണിന് ലഭിച്ച ഐ ഫോൺ വിജിലൻസ് പിടിച്ചെടുത്തിരുന്നു.
യു.എ.ഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി അതിഥികള്‍ക്ക് സമ്മാനിക്കുന്നതിനായി സ്വപ്ന സുരേഷ് ആവശ്യപ്പെട്ട പ്രകാരമാണ് സന്തോഷ് ഈപ്പന്‍ ഫോണുകള്‍ വാങ്ങി നല്‍കിയത്. ലൈഫ് മിഷൻ പദ്ധതി കരാറിെൻറ ചുമതലയുണ്ടായിരുന്ന മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ അടക്കമുള്ളവർ ഐ ഫോൺ കൈപറ്റിയിരുന്നു.
ഫോണ്‍ ലഭിച്ച അഞ്ച് പേരുടെ വിവരങ്ങള്‍ മൊബൈല്‍ കമ്പനികള്‍ എൻഫോഴസ്മെൻറ് ഡയറക്ട്രേറ്റിന് കൈമാറിയിരുന്നു. എം. ശിവശങ്കര്‍, പരസ്യ കമ്പനി ഉടമ പ്രവീണ്‍, എയര്‍ ഇന്ത്യ മാനേജര്‍ പത്മനാഭ ശര്‍മ്മ, സന്തോഷ് ഈപ്പന്‍, കോണ്‍സുലേറ്റ് ജനറല്‍ എന്നിവരാണ് ഫോണ്‍ കൈപറ്റിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
അഡീഷനൽ പ്രോട്ടോക്കോൾ ഓഫിസർ രാജീവൻ, കൊല്ലം സ്വദേശി ജിത്തു എന്നിവരാണ് മറ്റ് രണ്ടുപേർ എന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തിൽ ഇ.ഡിക്ക് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ല.