വയനാട് പുനരധിവാസ പട്ടികയിലെ ക്രമക്കേട് വിജിലൻസ് പരിശോധിക്കും
text_fieldsവയനാട് ഉരുൾബാധിതർക്ക് സർക്കാർ നിർമിച്ചു നൽകുന്ന വീട്
കൽപറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിന് സർക്കാർ തയാറാക്കിയ പട്ടികയിൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാപക ക്രമക്കേടുണ്ടായെന്ന പരാതിയിൽ പ്രാഥമിക പരിശോധനക്ക് വിജിലൻസ് ഉത്തരവ്. ദുരന്തബാധിതരുടെ സംഘടനയായ ജനശബ്ദം ആക്ഷൻ കമ്മിറ്റി ഉൾപ്പെടെ നൽകിയ പരാതി സംബന്ധിച്ച് പ്രാഥമിക പരിശോധന നടത്തി എത്രയുംപെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് ഡയറക്ടറാണ് ഉത്തരവിട്ടത്. വിജിലൻസ് സി.ഐ അബ്ദുൽ ജലീലിനാണ് അന്വേഷണ ചുമതല.
നിലവിൽ പല ഘട്ടങ്ങളിലായി പ്രസിദ്ധീകരിച്ച ഗുണഭോക്തൃ പട്ടികയിൽ 451 പേരാണ് ഇടം നേടിയത്. ഇതിൽ അവസാനം പ്രസിദ്ധീകരിച്ച 49 പേരുടെ പട്ടികയിൽ നിരവധി അനർഹർ കടന്നുകൂടിയെന്നും സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് തിരിമറി നടത്തിയതെന്നുമാണ് ആരോപണം. സ്വന്തമായി ഒരു സെന്റ് ഭൂമി പോലുമില്ലാത്ത പാടികളിൽ താമസിച്ച കുടുംബങ്ങൾ ഉൾപ്പെടെ ദുരന്തബാധിതരായ 173 പേർ ഇപ്പോഴും പുറത്ത് നിൽക്കുമ്പോൾ വർഷങ്ങൾമുമ്പ് പ്രദേശത്തുനിന്ന് താമസം മാറിപ്പോയവരടക്കമുള്ളവരെ പട്ടികയിൽ തിരുകിക്കയറ്റിയതായി ദുരന്തബാധിതർ ആരോപിക്കുന്നു.
എൽസ്റ്റൺ എസ്റ്റേറ്റിൽ ആവശ്യമായ വീട് നിർമിച്ചുനൽകാൻ നിരവധി സന്നദ്ധ സംഘടനകൾ തയാറായിട്ടും ദുരന്തബാധിതരിൽ പലരേയും ഗുണഭോക്തൃലിസ്റ്റിന് പുറത്ത് നിർത്തുന്നതിന് പിന്നിൽ ചില ഉദ്യോഗസ്ഥരുടെ ഇടപെടലാണെന്നാണ് ആരോപണം. ജില്ല ദുരന്ത നിവാരണ അതോറിറ്റിയെ പോലും നോക്കു കുത്തിയാക്കി കൈക്കൂലി വാങ്ങിയാണ് ഇത്തരം തിരിമറി നടത്തിയെന്നും ഇതി നു ത ങ്ങളുടെ പക്കൽ തെളിവുണ്ടെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചിരുന്നു.
റേഷൻ കാർഡ് മാനദണ്ഡമാക്കിയാണ് പട്ടിക തയാറാക്കിയതെന്ന് ബന്ധപ്പെട്ടവർ വിശദീകരിക്കുമ്പോൾ ഒരേ റേഷൻ കാർഡിൽ ഉള്ള രണ്ടുപേർക്ക് രണ്ടു വീടുകൾ ലഭിച്ചത് രാഷ്ട്രീയ സ്വാധീനമുപയോഗിച്ചാണെന്നാണ് ദുരന്തബാധിതർ പറയുന്നത്. കൂടാതെ, ദുരന്തത്തിനു ശേഷം പുതിയരേഖകൾ ഉണ്ടാക്കിയാണ് ചിലർ ടൗൺഷിപ്പിൽ വീടിന് അർഹരായതെന്നും ആരോണമുണ്ട്. അവസാനം പ്രസിദ്ധീകരിച്ച പട്ടികയിൽ കുറഞ്ഞത് 12 പേരെങ്കിലും അനർഹരാണെന്ന് ആക്ഷൻ കമ്മിറ്റി നൽകിയ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. അതേസമയം, 14 മാസമായിട്ടും പുനരധിവാസത്തിനുള്ള ഗുണഭോക്താക്കളുടെ അന്തിമപട്ടിക പുറത്തിറക്കാൻ സർക്കാറിന് കഴിയാത്തതും വലിയ പ്രതിഷേധത്തന് ഇടയാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

