ഇബ്രാഹീംകുഞ്ഞിനെ ആശുപത്രിയിൽ ചോദ്യംചെയ്യാമെന്ന് വിജിലൻസ്
text_fieldsമൂവാറ്റുപുഴ: പാലാരിവട്ടം പാലം നിർമാണവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എൽ.എെയ അദ്ദേഹം ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽതന്നെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാമെന്ന് വിജിലൻസ്. ഇബ്രാഹീംകുഞ്ഞിെൻറ ജാമ്യാപേക്ഷയിലും വിജിലൻസിെൻറ കസ്റ്റഡി അപേക്ഷയിലും വാദം കേൾക്കുേമ്പാഴാണ് ഇക്കാര്യം മൂവാറ്റുപുഴ വിജിലൻസ് കോടതിയെ അറിയിച്ചത്. അദ്ദേഹത്തിെൻറ ആരോഗ്യനില ഗുരുതരമാണെന്നും ഇക്കാര്യം പരിഗണിച്ചേ തീരുമാനം എടുക്കാനാകൂ എന്നും വ്യക്തമാക്കിയ ജഡ്ജി, അപേക്ഷകൾ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി.
കസ്റ്റഡിയിൽ ചോദ്യം ചെയ്താലേ അന്വേഷണം മുന്നോട്ടുപോകൂ എന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. ചികിത്സക്ക് കൊച്ചിൻ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ സൗകര്യമില്ലാത്തതിനാൽ ലേക്ഷോർ ആശുപത്രിയിൽതന്നെ തുടരണമെന്നാണ് ജില്ല മെഡിക്കൽ ഓഫിസർ ബുധനാഴ്ച കോടതിക്ക് നൽകിയ റിപ്പോർട്ട്. തുടർന്നാണ് ആശുപത്രിയിൽതന്നെ നാല് ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്യാമെന്ന് വിജിലൻസ് പ്രോസിക്യൂട്ടർ അറിയിച്ചത്. ഡോക്ടർമാരുടെ സേവനം എപ്പോഴും ആവശ്യമുള്ള അദ്ദേഹത്തെ അവരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനാകുമോ എന്ന് കോടതി ചോദിച്ചെങ്കിലും ആവശ്യമായ ചികിത്സ ലഭ്യമാക്കി ഡോക്ടർമാരെ ഒഴിവാക്കി ചോദ്യം ചെയ്യാമെന്നായിരുന്നു വിജിലൻസ് നിലപാട്.
കരാറുകാരനിൽനിന്ന് ഇബ്രാഹീംകുഞ്ഞ് കൈക്കൂലി ആവശ്യപ്പെട്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത് ശരിയല്ലെന്നും കൈക്കൂലി വാങ്ങിയെന്ന് സമ്മതിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പറയുന്നതെന്നും പ്രതിഭാഗം അഭിഭാഷൻ വാദിച്ചു. സർക്കാർ ഓഡിറ്റ് ചെയ്ത കണക്കിൽ പോലും മുൻമന്ത്രി അനധികൃതമായി എന്തെങ്കിലും ചെയ്തതായി പറയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, മുൻകൂർ പണം നൽകാൻ ടെൻഡറിൽ വ്യവസ്ഥയില്ലെന്നും 10 കോടി രൂപക്ക് ആദായനികുതി വകുപ്പിൽ പിഴ അടച്ചതുകൊണ്ട് അഴിമതിപ്പണം അല്ലാതാകുന്നില്ലെന്നും വിജിലൻസ് പ്രോസിക്യൂട്ടർ വാദിച്ചു.