ശബരിമല സ്വർണപ്പാളി; ദേവസ്വം ഇടപെടൽ മറച്ച് വിജിലൻസ് റിപ്പോർട്ട്
text_fieldsപത്തനംതിട്ട: ദ്വാരപാലക ശിൽപപാളികൾ കഴിഞ്ഞ സെപ്റ്റംബറിൽ അറ്റകുറ്റപ്പണിക്ക് ചെന്നൈയിലേക്ക് കൊണ്ടുപോയതിലെ ബോർഡ് ഇടപെടൽ ദേവസ്വം വിജിലൻസ് മറച്ചുവെച്ചു. പാളികളിൽ വീണ്ടും സ്വർണംപൂശാൻ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിന് സാങ്കേതിക വൈദഗ്ധ്യമില്ലെന്നും സന്നിധാനത്തുതന്നെ പരമ്പരാഗതരീതിയിൽ ജോലി നിര്‍വഹിക്കണമെന്നുമായിരുന്നു തിരുവാഭരണം കമീഷണറുടെ ആദ്യ ഉത്തരവ്. എന്നാൽ, ഏഴ് ദിവസത്തിനുശേഷം ഇത് തിരുത്തി സ്വർണപ്പാളികൾ ചെന്നൈക്ക് കൊടുത്തുവിടാൻ അനുമതി നൽകി. ഇത് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ ഇടപെടലിലാണെന്നാണ് ഹൈകോടതി വ്യക്തമാക്കിയത്.
എന്നാൽ, ഹൈകോടതി നിർദേശപ്രകാരം സ്വർണക്കൊള്ള ആദ്യം അന്വേഷിച്ച ദേവസ്വം വിജിലൻസ് ഇക്കാര്യം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. തിരുവാഭരണം കമീഷണറുടെ ജൂലൈ 30ലെ ഉത്തരവിനെക്കുറിച്ച് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ടെങ്കിലും നിലവിലെ ദേവസ്വം ഇടപെടലിൽ മൗനംപാലിച്ചു.
തിരുവാഭരണം കമീഷണറുടെ ഉത്തരവിന് പിന്നാലെ ഉണ്ണികൃഷ്ണൻ പോറ്റി തിരുവാഭരണ കമീഷണറെ വിളിക്കുകയും സ്മാർട്ട് ക്രിയേഷൻസിൽ തന്നെയാണ് സ്വർണം പൂശിയതെന്നതിനാൽ അറ്റകുറ്റപ്പണി ചെയ്യാൻ കഴിയുമെന്ന് അറിയിച്ചെന്നുമാണ് റിപ്പോർട്ടിലുള്ളത്. 2019ൽ ചെയ്തപ്പോൾ 40 വർഷത്തെ വാറന്റി നൽകിയിട്ടുണ്ടെന്നും അറിയിച്ചു. തുടർന്ന് തിരുവാഭരണം കമീഷണർ സ്മാർട്ട് ക്രിയേഷൻസിൽ വിളിച്ച് ഇത് സ്ഥിരീകരിച്ചു. തുടർന്നാണ് മുൻതീരുമാനം തിരുത്തി പുതിയ ഉത്തരവ് ഇറക്കിയതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. തിരുവാഭരണ കമീഷണറുടെ മൊഴിയും ദേവസ്വം വിജിലൻസ് എടുത്തിരുന്നു.
ആഗസ്റ്റ് എട്ടിനാണ് സന്നിധാനത്ത് പരമ്പരാഗത രീതിയിൽ സ്വർണം പൂശാമെന്ന ഉത്തരവ് തിരുവാഭരണം കമീഷണർ തിരുത്തിയത്. സ്വര്‍ണംപൂശിയ ഘടകങ്ങള്‍ ഇലക്ട്രോപ്ലേറ്റിങ്ങിനായി സ്മാർട്ട് ക്രിയേഷന്‍സിലേക്ക് കൊണ്ടുപോകാന്‍ ശിപാര്‍ശ ചെയ്ത് മറ്റൊരു കത്ത് നല്‍കുകയായിരുന്നു. ഇതിനായി അടിയന്തര ദേവസ്വം ബോര്‍ഡ് യോഗം വിളിക്കണമെന്നും നിർദേശിച്ചിരുന്നു. പുതിയ കത്ത് നിലവിലെ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ ഇടപെടലിലാണെന്നാണ് ഹൈകോടതിയുടെ നിരീക്ഷണം.
2019ൽ സ്വർണംപൂശിയ പാളികളാണ് മങ്ങലുണ്ടായെന്ന പേരിൽ സെപ്റ്റംബർ എട്ടിന് വീണ്ടും ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഇതിനാവശ്യമുള്ള അധികസ്വർണം ഉണ്ണികൃഷ്ണൻ പോറ്റിയാണ് നൽകിയത്. വീണ്ടും ഇത് കൊണ്ടുപോയത് 2019ലെ സ്വർണക്കൊള്ള മറയ്ക്കാനാണെന്നാണ് ഹൈകോടതി ഉത്തരവിൽ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

