ഫോറസ്റ്റ് റേഞ്ച് ഓഫിസുകളില്‍ വിജിലന്‍സ് റെയ്ഡ്; കണ്ടെത്തിയത് വമ്പന്‍ ക്രമക്കേടുകള്‍
text_fieldsതിരുവനന്തപുരം: വനം വകുപ്പിന്റെ വിവിധ ഓഫിസുകളില്‍ ‘ഓപറേഷന് വനരക്ഷ’ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക അഴിമതിയും ക്രമക്കേടുകളും കണ്ടെത്തി. സര്‍ക്കാര്‍ ഫണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നതായും റോഡ് നിർമാണം, ട്രൈബല്‍ സെറ്റില്‍മെന്റ് വികസന പ്രവര്‍ത്തനം, ഫയര്‍ ലൈന്‍ നിർമാണം, ജണ്ട നിർമാണം, സോളാര്‍ മതില് നിർമാണം തുടങ്ങിയവയിലാണ് ക്രമക്കേടും അഴിമതിയും കണ്ടെത്തിയത്.
71 ഫോറസ്റ്റ് റേഞ്ച് ഓഫിസുകളിലെ അഞ്ചു വര്‍ഷത്തെ ഫയലുകളാണ് പരിശോധിച്ചത്. വനം ഉദ്യോഗസ്ഥര്‍ കരാറുകാരില്‍നിന്ന് 1.07 കോടി രൂപ വാങ്ങിയതിന്റെ രേഖകള്‍ കിട്ടി. ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്ന് കണക്കില്‍പ്പെടാത്ത 11,500 രൂപ പിടികൂടി. വിവിധ ആവശ്യങ്ങള്‍ക്ക് നിർമിക്കുന്ന കെട്ടിടങ്ങള്‍, മൃഗങ്ങള്‍ക്ക് വെള്ളം കുടിക്കാനായി കാടില്‍ നിർമിക്കുന്ന കുളങ്ങള്‍, വനം വകുപ്പിന് കീഴിലെ റോഡുകളുടെ ടാറിങ്, റീ-ടാറിങ് തുടങ്ങിയവയിലെല്ലാം അഴിമതിയും നിർമാണ ഗുണനിലവാരത്തില്‍ വിട്ടു വീഴ്ച ചെയ്ത് പണം തട്ടുന്നതും കണ്ടെത്തി.
കെട്ടിട നിർമാണത്തിലെ അളവു വ്യത്യാസവും കണ്ടെത്തി. 2025ല്‍ പൂര്‍ത്തീകരിച്ച സോളാര്‍ വേലികള്‍ പോലും പ്രവര്‍ത്തന രഹിതമായതായി കണ്ടെത്തി. പല ഓഫിസുകളിലും ലേല നടപടി പാലിക്കാതെ മരം വിറ്റു. മിക്കയിടത്തും കരാര്‍ സംബന്ധമായ ഫയലുകളില്‍ ബില്ലുകള്‍, ക്വട്ടേഷന്‍ വിവരങ്ങള്‍, ഫണ്ട് ചെലവഴിച്ച വിവരങ്ങള്‍, രസീതുകള്‍ മുതലായവ സൂക്ഷിച്ചിട്ടില്ല. വന്യജീവി ആക്രമണങ്ങളില്‍ നഷ്ടപരിഹാര തുക അനുവദിച്ച ഫയലുകള്‍ പരിശോധിച്ചതില്‍ മിക്ക ഓഫിസുകളിലും മെഡിക്കല്‍ രേഖകള്‍ ഇല്ലാതെ തുക അനുവദിച്ചു.
തിരുവനന്തപുരം പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫിസില്‍ റേഞ്ച് ഓഫിസറുടെ ഡ്രൈവര്‍ ഡ്യൂട്ടി സമയം മദ്യപിച്ച് അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്ന് നടപടി സ്വീകരിക്കാനായി പൊലീസിന് കൈമാറി. ഇടുക്കി വള്ളക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെ വാട്ട്സ്ആപ്പ് പരിശോധിച്ചതില്‍ ഒരു കരാറുകാരന് 72.8 ലക്ഷം രൂപ പലപ്പോഴായി നിക്ഷേപിച്ചതിന്റെ രേഖകൾ കിട്ടി. റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെ നിർദേശ പ്രകാരം 1,36,500 രൂപ ഇടപ്പള്ളിയിലെ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചതിന്റെ രേഖകളും കണ്ടെത്തി. തേക്കടി റേഞ്ച് ഓഫിസിലെ റേഞ്ച് ഓഫിസറുടെ വാട്സ്ആപ്പില്‍ ഇതേ കരാറുകാരന് വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ 31.08 ലക്ഷം രൂപ നിക്ഷേപിച്ചശേഷം കൗണ്ടര്‍ ഫോയില്‍ അയച്ചതും പിടിച്ചെടുത്തു.
വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദേശ പ്രകാരം ശനിയാഴ്ച രാവിലെ 10.30 മുതലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

