പാലാരിവട്ടം പാലം: ഇബ്രാഹീംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി വിജിലൻസ്
text_fieldsകൊച്ചി: പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹീം കുഞ്ഞ് എം.എൽ.എയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി വിജിലൻസ്. ഗവർണറുടെ അനുമതി ലഭിച്ചത ോടെയാണ് ക്രിമിനൽ ചട്ടം 41 പ്രകാരം ചോദ്യം ചെയ്യലിന് വിളിച്ചുവരുത്താൻ ആലോചിക്കുന്നത്. മുമ്പ് കേസിലെ സാക്ഷിയെന്ന നിലയിലാണ് വിജിലൻസ് മൊഴിയെടുത്തത്.
കേസിൽ ആരോപണവിധേയനായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപറേഷൻ മുൻ എം.ഡി എ.പി.എം. മുഹമ്മദ് ഹനീഷിനെയും ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയേക്കും. മാനേജിങ് ഡയറക്ടറായിരിക്കെ പാലം നിർമാണത്തിെൻറ മേൽനോട്ടത്തിൽ പിഴവുണ്ടായി എന്നതാണ് ഇദ്ദേഹത്തിനെതിരായ ആരോപണം. ഹനീഷിനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചതായും സൂചനയുണ്ട്.
റോഡ്സ് ആൻഡ് ബ്രിഡ്്ജസ് കോർപറേഷൻ അസി. ജനറൽ മാനേജർ എം.ഡി. തങ്കച്ചെൻറ നിയമനത്തിലും അഴിമതി നടന്നതായി വിജിലൻസ് സംശയിക്കുന്നു. ഇതിൽ ഇബ്രാഹീംകുഞ്ഞ് ഇടപെടുകയും അഭിമുഖമടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാതെ ചട്ടങ്ങൾ ലംഘിച്ച് നിയമിച്ചെന്നുമാണ് സംശയിക്കുന്നത്.
മറ്റുതസ്തികകളിലേക്ക് പരസ്യം നൽകുകയും മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്തപ്പോൾ അസി. ജനറൽ മാനേജറുടെ നിയമനത്തിന് മാത്രം അതുണ്ടായില്ലെന്നാണ് വിലയിരുത്തൽ. ഇക്കാര്യങ്ങളിലെല്ലാം വിശദീകരണം തേടും.
ബുധനാഴ്ച വരെ നീളുന്ന നിയമസഭ സമ്മേളനം കഴിഞ്ഞശേഷമായിരിക്കും ഇബ്രാഹീംകുഞ്ഞിന് ഹാജരാകാൻ നോട്ടീസ് നൽകുക. നിയമസഭ സമ്മേളനത്തിനിടെ അംഗങ്ങളെ ചോദ്യം ചെയ്യുകയോ അറസ്റ്റുചെയ്യുകയോ വേണമെങ്കിൽ സ്പീക്കറുടെ അനുമതി ആവശ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
