പി.എസ്.സി പരീക്ഷ ക്രമക്കേട്: വിജിലൻസ് അന്വേഷണ നീക്കം നിയമ വകുപ്പ് ശിപാർശ മറികടന്ന്
text_fieldsകൊച്ചി: പി.എസ്.സി പരീക്ഷകളിൽ ക്രമക്കേട് നടന്നെന്ന പരാതികളിൽ വിജിലൻസ് അന്വേഷണത്തിനുള്ള സർക്കാർ നീക്കം നിയമ വകുപ്പിന്റെ ശിപാർശ മറികടന്ന്. അഴിമതി നിരോധന നിയമത്തിലെ 17എ വകുപ്പ് പ്രകാരം പി.എസ്.സി തലപ്പത്തുള്ളവർക്കടക്കം ഉത്തരവാദിത്തമുള്ള കേസിൽ സർക്കാറിന്റെ മുൻകൂർ അനുമതിയില്ലാതെ വിജിലൻസ് അന്വേഷണം പാടില്ലെന്നായിരുന്നു നിയമ വകുപ്പിന്റെ ശിപാർശ.
എന്നാൽ, പി.എസ്.സിയുടെ പരീക്ഷ ക്രമക്കേട് വിഷയം ഔദ്യോഗിക ചുമതലയുടെ ഭാഗമായി വരുന്നില്ല എന്നതിനാൽ സർക്കാറിന്റെ മുൻകൂർ അനുമതിയുടെ ആവശ്യമില്ലെന്ന നിയമോപദേശമാണ് ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ (ഡി.ജി.പി) ടി. ആസഫലി നൽകിയത്. ഈ നിയമോപദേശമാണ് വിജിലൻസ് അന്വേഷണത്തിനായി സർക്കാർ സ്വീകരിച്ചത്. പരീക്ഷ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന്റെ കാര്യത്തിൽ ബുധനാഴ്ചയിലെ മന്ത്രിസഭ യോഗത്തിൽ തീരുമാനമുണ്ടായേക്കും.
ഔദ്യോഗിക ചുമതലയുടെ ഭാഗമായി സ്വീകരിക്കുന്ന തീരുമാനങ്ങളും നടപടികളും മറ്റും കേസാകുമ്പോഴാണ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് സർക്കാറിന്റെ മുൻകൂർ അനുമതി ആവശ്യമുള്ളത്. എന്നാൽ, പി.എസ്.സി പരീക്ഷയുടെ ഉത്തരക്കടലാസ് ശരിയായി മൂല്യനിർണയം നടത്തിയില്ലെന്ന ആരോപണത്തിൽ അന്വേഷണം നടത്തുന്നതിന് മുൻകൂർ അനുമതി ആവശ്യമില്ലെന്നാണ് ഡി.ജി.പി സർക്കാറിനെ അറിയിച്ചത്. അത് കുറ്റകൃത്യമായി കാണേണ്ട കാര്യമാണ്. അതിനാൽ മുൻകൂർ അനുമതി ആവശ്യമില്ലെന്നുമാണ് ഡി.ജി.പി സർക്കാറിന് നൽകിയ നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടിയത്.
വിജിലൻസ് അന്വേഷണത്തിന് നിയമ വകുപ്പ് എതിർപ്പ് ഉന്നയിച്ചതിനെ തുടർന്നാണ് ആഭ്യന്തരമന്ത്രി ഡി.ജി.പിയുടെ നിയമോപദേശം തേടിയത്. അഴിമതി നിരോധന നിയമത്തിൽ 2018ലാണ് വകുപ്പ് 17 എ ഉൾപ്പെടുത്തിയത്. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായ തീരുമാനങ്ങളുടെ പേരിൽ ഉദ്യോഗസ്ഥരെയും മറ്റ് അധികാരികളെയും അനാവശ്യ വ്യവഹാരങ്ങളിലേക്ക് എത്തിക്കാതിരിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമവകുപ്പ് എതിർപ്പ് അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

