Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഴിമതി ആരോപണത്തിൽ നടപടി; മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിർമാണം വിജിലൻസ് അന്വേഷിക്കുന്നു, ഉത്തരവിട്ട് രമേശ് ചെന്നിത്തല

text_fields
bookmark_border
https://www.madhyamam.com/tags/road-development
cancel
camera_alt

രമേശ് ചെന്നിത്തല

കോഴിക്കോട്: നഗരപാത വികസന പദ്ധതിയായ മാനാഞ്ചിറ -വെള്ളിമാടുകുന്ന് റോഡ് നിർമാണത്തിൽ അഴിമതി ആരോപണം ഉയർന്നതിനെ കുറിച്ച് വിജിലൻസ് അന്വേഷിക്കുന്നു. പദ്ധതിയുടെ ടെണ്ടർ നടപടികളിലും നിർമാണത്തിലും വ്യാപക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തും. കോഴിക്കോട് നോർത്ത് എം.എൽ.എ കെ. ജയന്ത് നൽകിയ പരാതിയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിട്ടു.

പ്രോജക്ട് റിപ്പോർട്ടിൽ (ഡി.പി.ആർ) പറഞ്ഞ രീതിയിലല്ല റോഡ് നിർമാണം പൂർത്തിയാക്കിയതെന്നും, ഇത് സർക്കാരിന് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും പരാതിയിൽ വ്യക്തമാക്കുന്നു. കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിൽ നടന്ന റോഡ് നിർമാണത്തിൽ കരാർ വ്യവസ്ഥകൾ പലതും കാറ്റിൽപ്പറത്തിയെന്നാണ് പ്രധാന ആക്ഷേപം. കോഴിക്കോട് -വായനാട് ദേശീയപാതയിൽ കോഴിക്കോട് കോർപറേഷൻ പരിധിയിൽ വരുന്ന ഗതാഗത തിരക്കുള്ള പാതയാണിത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ധൃതിപിടിച്ച് പണികൾ പൂർത്തിയാക്കി അന്നത്തെ മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ റോഡ് ഷോയും ആഘോഷങ്ങളും സംഘടിപ്പിച്ചാണ് ഈ റോഡ് നാടിന് സമർപ്പിച്ചത്. എന്നാൽ, കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത റോഡിലാണ് ഇപ്പോൾ അഴിമതി ആരോപണങ്ങളും വിജിലൻസ് അന്വേഷണവും എത്തിനിൽക്കുന്നത്.

മാനാഞ്ചിറ മുതല്‍ വെള്ളിമാടുകുന്ന് വരെ 24 മീറ്റര്‍ വീതിയില്‍ 8.4 കിലോമീറ്ററിലാണ് നാലുവരിപ്പാത. ഇരുവശത്തുമായി രണ്ട് മീറ്റർ വീതിയിൽ നടപ്പാതയും ഓവുചാലും യൂട്ടിലിറ്റി ഡെക്റ്റും പദ്ധതിയുടെ ഭാഗമാണ്. 250 മീറ്റർ ഇടവിട്ട് ക്രോസ് ഡക്ടുകളുമുണ്ട്. ഏഴ് സിഗ്നലുകളും 21 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും 350 തെരുവു വിളക്കുകളും പദ്ധതിയിലുണ്ട്. നടപ്പാതക്ക് പുറത്ത് അരമീറ്റർ വീതിയിൽ മണ്ണിട്ട് ബലപ്പെടുത്തിയ ഇടത്ത് വൈദ്യുതി പോസ്റ്റുകളും ജങ്നുകളിൽ കൾവേർട്ടും പദ്ധതിയിൽ ഉൾപ്പെടുന്നു.

മാനാഞ്ചിറ മുതൽ മലാപ്പറമ്പ് വരെ 5.3 കിലോമീറ്റർ ദൂരത്തിന് 77 കോടി രൂപയാണ് നിർമാണ ചെലവ്. ഒരു കിലോമീറ്ററിന് ചിലവ് 14.5 കോടി രൂപ. സർക്കാരിന് സാമ്പത്തിക നഷ്ടം വരുത്തിയതിലും കരാർ വ്യവസ്ഥകൾ അട്ടിമറിച്ചതിലുമാണ് വിജിലൻസ് അന്വേഷണത്തിന് ഒരുങ്ങുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story