ബ്ലീച്ചിങ് പൗഡർ വാങ്ങിയതിലെ ക്രമക്കേട് സംബന്ധിച്ച റിപ്പോർട്ട് തള്ളി മന്ത്രി: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു
text_fieldsകെ. മുരളീധരൻ
തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിങ് പൗഡർ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന ആരോപണം വിജിലൻസ് അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തുനൽകി.
ആരോപണം ഉയർന്നതിന് പിന്നാലെ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് അന്വേഷിക്കാൻ നിർദേശിച്ചിരുന്നു. അന്വേഷണ റിപ്പോർട്ടും ലഭിച്ചു. എന്നാൽ ക്രമക്കേട് നടന്നതിന് കൂടുതൽ തെളിവുകൾ മാധ്യമങ്ങളിലൂടെ പുറത്തുവന്ന സാഹചര്യത്തിൽ അന്വേഷണ റിപ്പോർട്ട് അംഗീകരിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
അതിന്റെ അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച് വിജിലൻസ് അന്വേഷണത്തിന് കൈമാറിയത്. 2026 മാർച്ച് 11നും മേയ് ആറിനും ഇടയിൽ നടന്ന ബ്ലീച്ചിങ് പൗഡർ പർച്ചേസിലൂടെ 7.32 കോടി രൂപയുടെ അനാവശ്യ ചെലവ് ഉണ്ടായെന്ന മാധ്യമവാർത്തകളുടെ പശ്ചാത്തലത്തിലാണ് നേരത്തെ അന്വേഷണത്തിന് നിർദേശം നൽകിയത്.
ലഭിച്ച റിപ്പോർട്ടിന് വിരുദ്ധമായി സ്റ്റോർ പർച്ചേസ് ചട്ടങ്ങൾ ലംഘിച്ച് നടത്തിയ പർച്ചേസിന് പിന്നിൽ വ്യാപകമായ ക്രമക്കേടുകളും ഗൂഢാലോചനയും നടന്നുവെന്ന പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം വിജിലൻസിന് കൈമാറുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കുറ്റക്കാരെ കണ്ടെത്തി പൊതുപണം ധൂർത്തടിച്ചവരിൽനിന്ന് ഈടാക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

