
സംസ്ഥാനത്ത് മെഡിക്കല്‍ ഓക്‌സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രതാ നിര്‍ദേശം
text_fieldsതിരുവനന്തപുരം: ആശുപത്രികളില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ള രാസ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. കോവിഡ് വ്യാപനത്തിെൻറ സമയത്ത് മിക്ക ആശുപത്രികളും ഓക്‌സിജന്‍ ഉപയോഗിച്ചുവരുന്നുണ്ട്. പൈപ്പുകള്‍, ഹോസുകള്‍, വാല്‍വുകള്‍ തുടങ്ങിയവയിലൂടെ ഓക്‌സിജന്‍ വിതരണ സംവിധാനങ്ങളിലെ ചോര്‍ച്ച, അന്തരീക്ഷത്തിലെ മെഡിക്കല്‍ ഓക്‌സിജന്‍, അനുചിതമായ വൈദ്യുതീകരണം, അനുചിതമായ ഉപകരണങ്ങളുടെ പ്രവര്‍ത്തനം എന്നിവയാണ് പ്രധാന അപകട ഘടകങ്ങള്‍.
ഇതൊഴിവാക്കി രോഗികളുടേയും ജീവനക്കാരുടേയും സുരക്ഷിതത്വം ഉറപ്പാക്കാനാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണം. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ബയോ മെഡിക്കല്‍ എൻജിനീയര്‍മാര്‍ ടെക്‌നിക്കല്‍ ഏജന്‍സിയുടെ സഹായത്തോടെ ആശുപത്രികളുടേയും ഐ.സി.യു.കളുടേയും സുരക്ഷിതത്വം ഉറപ്പാക്കാൻ ഒരു നിശ്ചിത കാലയളവില്‍ ടെക്‌നിക്കല്‍ ഓഡിറ്റ് നടത്തേണ്ടതാണ്.
അത്യാഹിതം സംഭവിക്കാതിരിക്കാന്‍ അപകട സാധ്യതയുള്ളവ കണ്ടെത്തി പരിഹരിക്കണം. ഐ.സി.യു.കള്‍, ഓക്‌സിജന്‍ വിതരണമുള്ള വാര്‍ഡുകള്‍, ഓക്സിജെൻറയും രാസവസ്തുക്കളുടേയും സംഭരണം, ഗതാഗത സംവിധാനങ്ങള്‍ എന്നിവ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തണം. എര്‍ത്തിംഗ് ഉള്‍പ്പെടെ വൈദ്യുത സംവിധാനങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ പരിശോധിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ഇതോടൊപ്പം ജീവനക്കാര്‍ക്ക് മികച്ച പരിശീലനവും നല്‍കേണ്ടതാണ്.
അപകടം ഉണ്ടായാല്‍ അത് തരണം ചെയ്യാൻ ഓരോ ആശുപത്രിയിലും ഇന്‍സിഡൻറ് റെസ്‌പോണ്‍സ് ടീം സജ്ജമാക്കണം. അപകടമുണ്ടായാല്‍ പലായനം ചെയ്യാനുള്ള പദ്ധതി നേരത്തേ തയാറാക്കണം. അടിസ്ഥാന ഫയര്‍ സേഫ്റ്റി ഉപകരണങ്ങള്‍, ഐ.സി.യു പോലുള്ള അടച്ചിട്ട സ്ഥലങ്ങളില്‍ ഇടക്കിടെ വായു പുറത്ത് പോകാനുള്ള ക്രോസ് വെൻറിലേഷന്‍, മെക്കാനിക്കല്‍ വെൻറിലേഷന്‍ തുടങ്ങിയവ സ്ഥാപിക്കേണ്ടതാണ്.
തീപിടുത്ത സാധ്യതയുള്ള കര്‍ട്ടന്‍ തുടങ്ങിയ വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കണം. ഫയര്‍ ആൻഡ് സേഫ്റ്റി കമ്മിറ്റി അപകട സാധ്യതകള്‍ തിരിച്ചറിഞ്ഞ് അത് പരിഹരിക്കുകയും വേണം. എത്രയും വേഗം എല്ലാ ആശുപത്രികളും ഇന്‍സിഡൻറ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ച് ജില്ല കണ്‍ട്രോള്‍ റൂമില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.
തീപിടുത്തം തടയാനും നിയന്ത്രിക്കാനുമുള്ള സംവിധാനങ്ങള്‍ ആശുപത്രികള്‍ സജ്ജമാക്കണം. ആശുപത്രിക്കുള്ളില്‍ പുകവലി, രോഗീ പരിചരണത്തിനുള്ള വെള്ളം തിളപ്പിക്കുക, ചൂടാക്കുക, പാചകം എന്നിവ ഒഴിവാക്കണം. മോക്ക് ഡ്രില്ലുകള്‍ നടത്തണം. കൂടാതെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അവബോധം നൽകണം. ഐ.സി.യുവിനുള്ളില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ശസ്ത്രക്രിയ നടത്തുന്നെങ്കില്‍ ഫയര്‍ ആൻഡ് സേഫ്റ്റി മാനദണ്ഡങ്ങള്‍ അനുസരിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.