വിജിലൻസ്, ഉദ്യോഗസ്ഥരെ നിരീക്ഷിക്കും ക്യാമറ, വിജിലൻസിനെ നിരീക്ഷിക്കും; നിയമ ലംഘനം മാത്രമല്ല വിജിലൻസിനെയും എ.ഐ. ക്യാമറയിൽ നിരീക്ഷിക്കുന്നതായി സംശയം
text_fieldsAI picture
തിരുവനന്തപുരം: എ.ഐ. ക്യാമറ വഴി വിജിലൻസിനെ നിരീക്ഷിച്ച് മോട്ടോർവാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥർ. വിജിലൻസിന്റെ നീക്കങ്ങൾ എ.ഐ. ക്യാമറയിലൂടെ നിരീക്ഷിച്ച് റെയ്ഡിന് തടയിടുകയാണ് മോട്ടോർവാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥർ ചെയ്യുന്നത്. ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ചുമത്താൻ സ്ഥാപിച്ച ക്യാമറകൾ ഉപയോഗിച്ച് എം.വി.ഡി. ഉദ്യോഗസ്ഥർ വിജിലൻസിന്റെ റെയ്ഡ് നീക്കങ്ങൾ ചോർത്തുന്നതായാണ് സംശയം ഉയർന്നത്. വാഹനങ്ങളുടെ നമ്പർ തിരിച്ചറിയാൻ സംവിധാനമുള്ള ക്യാമറ യൂണിറ്റുകളിൽ വിജിലൻസ് വാഹനങ്ങളുടെ നമ്പർ ഉൾക്കൊള്ളിച്ചാണ് നിരീക്ഷണം ഒരുക്കിയതെന്നാണ് സൂചന.
വിജിലൻസ് വാഹനങ്ങൾ ക്യാമറക്ക് മുന്നിലൂടെ കടന്നുപോകുമ്പോൾ എം.വി.ഡി. ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകളിൽ സന്ദേശം ലഭിക്കും വിധമായിരുന്നു ക്രമീകരണം. സന്ദേശം ലഭിക്കുന്ന ഉദ്യോഗസ്ഥർ വിവരം വേണ്ടപ്പെട്ടവർക്ക് കൈമാറി ഒറ്റുകാരാകുന്നതോടെ വിജിലൻസ് വെറും കൈയോടെ മടങ്ങേണ്ടിവരും. സംഭവത്തെക്കുറിച്ച് ഇപ്പോൾ വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലം എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വിജിലൻസ് പരിശോധന ഇതുസംബന്ധിച്ചായിരുന്നു.
അതേസമയം, ഔദ്യോഗികമായി വിജിലൻസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വിജിലൻസ് ഹിറ്റ് ലിസ്റ്റിലുള്ള എം.വി.ഡി. ഉദ്യോഗസ്ഥർക്ക് റെയ്ഡ് വിവരങ്ങൾ സ്ഥിരമായി ചോർന്നുകിട്ടുന്നതാണ് സംശയത്തിന് ഇടനൽകിയത്. അടുത്തിടെ തദ്ദേശസ്ഥാപനങ്ങളിൽ നടന്ന വിജിലൻസ് പരിശോധന ആരംഭിക്കും മുന്നേ കൊല്ലം ജില്ലയിലെ എം.വി.ഡി. ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഇതോടെ ഓഫിസുകളിൽ എത്തുന്നതിൽനിന്ന് ഇടനിലക്കാരെ വിലക്കാനും അനധികൃത ഇടപാടുകൾ നിർത്തിവെക്കുകയുമാണ് ചെയ്തത്.
സംസ്ഥാനവ്യാപകമായുള്ള പരിശോധനകൾക്ക് ഉദ്യോഗസ്ഥരെ വിന്യസിക്കാൻ വിജിലൻസ് വാഹനങ്ങൾ വിവിധ ഓഫിസുകളിലേക്ക് കേന്ദ്രീകരിക്കാറുണ്ട്. ദേശീയ-സംസ്ഥാന പാതകളിലെ ക്യാമറകൾ വഴി ഈ നീക്കം ചോർത്തുന്നതായാണ് വിജിലൻസിന്റെ സംശയം. വാഹന നമ്പർ തിരിച്ചറിയാൻ കഴിയുന്ന എ.എൻ.പി.ആർ. ക്യാമറകളാണ് ദുരുപയോഗം ചെയ്തതെന്നാണ് വിജിലൻസിൽ നിന്നുള്ള സ്ഥിരീകരിക്കാത്ത വിവരം. നിരീക്ഷിക്കേണ്ട വാഹനങ്ങളുടെ വിവരങ്ങൾ ക്യാമറ നിയന്ത്രിക്കുന്ന സോഫ്റ്റ്‍വെയറിൽ നൽകും. പിന്നീട് ഈ വാഹനങ്ങൾ കടന്നുപോകുമ്പോൾ സിസ്റ്റം മുന്നറിയിപ്പ് സന്ദേശം നൽകുകയും ചെയ്യും. ഇതനുസരിച്ച് നടത്തുന്ന അനധികൃത ഇടപാടുകൾ നിർത്തിവെക്കുകയാണ് രീതിയെന്നും സൂചന നൽകുന്നുണ്ട്. കെൽട്രോൺ ഒരുക്കിയ കൺട്രോൾ റൂമുകളുടെ നിയന്ത്രണം വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്കാണ്.
അതേസമയം, പല ഉദ്യോഗസ്ഥരും കൈക്കൂലി നേരിട്ട് വാങ്ങാറില്ലെന്നും ഇൻഷുറൻസ് തുക, ചിട്ടി പണം എന്നിങ്ങനെയുള്ള പദ്ധതികളിൽ അടക്കാനാണ് നിർദേശിക്കുന്നതെന്നും പറയുന്നു. അഴിമതിക്ക് എതിരെ വിജിലൻസ് ശക്തമായി നടപടി സ്വീകരിക്കുമ്പോൾ അതിനെ മറികടക്കാൻ ഉദ്യോഗസ്ഥർ മറ്റു വഴികൾ തേടുന്നതായും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

