എം.ആർ. അജിത്കുമാറിനെതിരായ വിജിലൻസ് അന്വേഷണം; റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും
text_fieldsതിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് തിങ്കളാഴ്ച തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിക്കും. പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ അജിത്കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിലാണ് കോടതി തൽസ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ടത്. വിജിലൻസ് നൽകുന്ന റിപ്പോർട്ടിൻമേൽ കോടതി ഉന്നയിക്കുന്ന സംശയങ്ങള്‍ നിർണായമാകും.
പല തവണ ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് സമർപ്പിക്കാത്തതിനെ കോടതി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വിമർശിച്ചിരുന്നു. അജിത്കുമാറിനെതിരായ അന്വേഷണം പൂർത്തിയാക്കി സർക്കാരിൽ റിപ്പോർട്ട് സമർപ്പിച്ച ശേഷവും അന്വേഷണം പൂർത്തിയാക്കാൻ സമയം ആവശ്യപ്പെട്ട് കോടതിയോട് വിജിലൻസ് സമയം നീട്ടിച്ചോദിച്ചിരുന്നു. ഇതാണ് കോടതി വിമർശനത്തിന് ഇടയാക്കിയത്. അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് സർക്കാർ അംഗീകരിക്കുകയും ചെയ്തു.
എം.ആര്. അജിത്കുമാര്‍ ഭാര്യാസഹോദരനുമായി ചേര്‍ന്ന് സെന്റിന് 70 ലക്ഷം രൂപ വിലയുള്ള ഭൂമി തിരുവനന്തപുരം കവടിയാറില്‍ വാങ്ങി ആഡംബര കെട്ടിടം നിർമിക്കുന്നതില്‍ അഴിമതി പണമുണ്ടെന്നായിരുന്നു പി.വി. അൻവറിന്റെ വാദം. ഇതിനായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി എ.ഡി.ജി.പിയെ വഴിവിട്ട് സഹായിക്കുന്നതായും ഹരജിക്കാരന് ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

