സാമ്പത്തിക തട്ടിപ്പ് കേസിൽ ഡിവൈ.എസ്.പിയുടെ ഭാര്യ അറസ്റ്റിൽ
text_fieldsമലപ്പുറം: സാമ്പത്തിക തട്ടിപ്പ് കേസിൽ തൃശൂർ സഹകരണ വിജിലൻസ് ഡിവൈ.എസ്.പി കെ.എ. സുരേഷ് ബാബുവിന്റെ ഭാര്യ വി.പി. നുസ്രത്തിനെ (36) മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ചെറുവത്തേരി, ചൊവ്വൂർ ശിവാജി നഗർ സ്വദേശിനിയാണ്. മലപ്പുറം, പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകളിൽ ഇവർക്കെതിരെ കേസുണ്ട്.
മലപ്പുറം മേൽമുറി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. 4.85 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ തൃശൂരിൽനിന്ന് മലപ്പുറത്തേക്ക് എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മലപ്പുറം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അഭിഭാഷക ചമഞ്ഞും റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തുമുൾപ്പെടെ തട്ടിപ്പ് നടത്തിയതിന് നുസ്രത്തിനെതിരെ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഒമ്പത് കേസുകളുള്ളതായി പൊലീസ് വെളിപ്പെടുത്തി.
ഉന്നത സ്വാധീനമുപയോഗിച്ച് കേസ് ഒതുക്കാൻ ശ്രമിക്കുന്നുവെന്ന് തട്ടിപ്പിന് ഇരയായവർ നിരന്തരം ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് പ്രതിയെ തിങ്കളാഴ്ച വൈകീട്ട് മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തത്. അഭിഭാഷക ചമഞ്ഞ് നിരവധി പേരില്നിന്നായി ഇവർ സ്വർണവും പണവും തട്ടിയെടുത്തതായി പരാതിക്കാർ പറയുന്നു. നുസ്രത്തിന്റെ തട്ടിപ്പുകൾക്ക് ഡിവൈ.എസ്.പിയുടെ സഹായം ഉണ്ടായിരുന്നതായി പരാതിക്കാർ വാർത്തസമ്മേളനത്തിൽ ആരോപിച്ചിരുന്നു. പരാതിക്കാർ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകുകയും ചെയ്തിരുന്നു.
പ്രതിക്കെതിരെ പല കേസിലും വർഷങ്ങൾക്ക് മുമ്പ് തന്നെ അറസ്റ്റ് വാറന്റ് നിലവിലുണ്ടായിരുന്നു. ഇതിനിടെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

