വകുപ്പിന്‍റെ അധികാരി മുഖ്യമന്ത്രിയായിരിക്കാം, പക്ഷേ അത് ഭരണനിർവഹണത്തിന് മാത്രം... അതിൽ കൂടുതലൊന്നുമില്ല! -അജിത് കുമാറിന്‍റെ ക്ലീൻചിറ്റ് തള്ളി വിജിലൻസ് കോടതി
text_fieldsതിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന് വിജിലൻസ് നൽകിയ ക്ലീൻചിറ്റ് റിപ്പോർട്ട് തള്ളിയ തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവിന്‍റെ വിശദാംശങ്ങൾ പുറത്ത്. വിജിലൻസിന്‍റെ ക്ലീൻചിറ്റിന് മുഖ്യമന്ത്രിയുടെ അംഗീകാരമുണ്ടെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ വാദത്തെ രൂക്ഷഭാഷയിലാണ് കോടതി വിമർശിച്ചത്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെ ആരംഭിച്ച അന്വേഷണത്തിൽ ഭരണഘടനപരമായി 'ഉന്നതർ' എന്ന് വിളിക്കപ്പെടുന്നവരുടെ പങ്ക് എന്താണെന്ന് കോടതി ചോദിച്ചു. വിജിലൻസ് വകുപ്പിന്‍റെ അധികാരി മുഖ്യമന്ത്രിയായിരിക്കാം. പക്ഷേ അത് ഭരണനിർവഹണത്തിന് മാത്രമുള്ളതാണ്. അതിൽ കൂടുതലൊന്നുമില്ല. ഇന്ത്യ ജനാധിപത്യ രാജ്യമാണ്. ഒരു ഭരണഘടനയും സുപ്രീം കോടതിയും ഇവിടെയുണ്ട്, എല്ലാവരും ഭരണഘടനയ്ക്ക് വിധേയരാണ്. ഒരു വ്യക്തി കുറ്റകൃത്യം ചെയ്തിട്ടുണ്ടോ, ഇല്ലയോയെന്ന് തെളിയിക്കേണ്ടത് നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. അല്ലാതെ രാഷ്ട്രീയ ഭരണനേതൃത്വമല്ലെന്നും കോടതി ആഞ്ഞടിച്ചു. കുറ്റാരോപിതനായ ഉദ്യോഗസ്ഥനെതിരെ നടക്കുന്ന അന്വേഷണത്തിന്‍റെ ആദ്യഘട്ടമാകട്ടെ അവസാനമാകട്ടെ അതിൽ ഇടപെടാൻ രാഷ്ട്രീയ ഭരണനേതൃത്വത്തിന് എന്താണധികാരം. അന്തിമറിപ്പോർട്ടിൽ പോലും ഇത്തരം വ്യക്തികളുടെ അംഗീകാരം ആവശ്യമില്ല. അത്തരം അംഗീകാരം തേടുന്ന നടപടിക്രമമുണ്ടെങ്കിൽ അത് നിയമവ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
വിജിലൻസ് അന്വേഷണത്തിൽ കൃത്യതയില്ലെന്നും അതുകൊണ്ടുതന്നെ ക്ലീൻ ചിറ്റ് അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കണ്ടെത്തലുകളിൽ വ്യക്തതയില്ലാത്തതിനാൽ ഇനിയുള്ള അന്വേഷണം കോടതി നേരിട്ട് നടത്തും. പരാതിക്കാരന്‍റെയും, സാക്ഷികളുടെയും മൊഴി കോടതിനേരിട്ട് സ്വീകരിക്കുമെന്നും പ്രത്യേക ജഡ്ജും അന്വേഷണ കമീഷണറുമായ എ. മനോജ് അറിയിച്ചു.
പി.വി അന്‍വറിന്‍റെ പരാതിയിലായിരുന്നു അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണം ആരംഭിച്ചത്. അൻവർ ആരോപിച്ച വീട് നിർമാണം, ഫ്ളാറ്റ് വാങ്ങല്‍, സ്വര്‍ണക്കടത്ത് എന്നിവയില്‍ അജിത്കുമാര്‍ അഴിമതി നടത്തിയതായി കണ്ടെത്താനായില്ലെന്നായിരുന്നു വിജിലന്‍സിന്‍റെ കണ്ടെത്തൽ. വിജിലൻസ് പ്രത്യേക യൂനിറ്റ് സമർപ്പിച്ച റിപ്പോർട്ട് തെളിവുകളുടെ അഭാവത്തിൽ മുൻ വിജിലൻസ് ഡയറക്ടറായിരുന്ന യോഗേഷ് ഗുപ്ത തള്ളിക്കളഞ്ഞെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ സമ്മർദത്തെ തുടർന്ന് റിപ്പോർട്ട് യോഗേഷ് ഗുപ്ത തന്നെ അംഗീകരിച്ച് സർക്കാറിന് കൈമാറി. ഏപ്രിൽ 15ന് അനധികൃത സ്വത്ത് സമ്പാദനകേസിൽ എഡിജിപി എം.ആര്‍. അജിത് കുമാറിനെ കുറ്റവിമുക്തനാക്കുന്ന വിജിലൻസ് അന്വേഷണ റിപ്പോർട്ടിന് മുഖ്യമന്ത്രി അംഗീകാരം നൽകിയതോടെ പരാതിയുമായി അഭിഭാഷകനായ നാഗരാജ് തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിക്കുകയായിരുന്നു.
അജിത്ത് കുമാറിന് കീഴിൽ ജോലി ചെയ്തവരെക്കൊണ്ട് അദ്ദേഹത്തിനെതിരെയുള്ള പരാതി അന്വേഷിച്ചതെന്നും അതിനാൽ അൻവറിന്‍റെ പരാതിയിൽ കാര്യമായ അന്വേഷണമുണ്ടായില്ലെന്നുമായിരുന്നു നാഗരാജിന്‍റെ വാദം. ഭാര്യ സഹോദരന്‍റെ പേരിൽ സെന്‍റിന് 70 ലക്ഷം വരുന്ന ഭൂമി വാങ്ങി അവിടെ ആഡംബര വീട് നിർമിക്കുന്നത് അഴിമതി പണം കൊണ്ടാണ്. ഈ പണത്തിന്‍റെ സ്രോതസിനെക്കുറിച്ച് അന്വേഷിച്ചില്ല. കവടിയാറിൽ 31 ലക്ഷം രൂപയക്ക് വാങ്ങിയ ഫ്ലാറ്റ് ഇത് പിന്നീട് 65 ലക്ഷം രൂപയക്ക് മറിച്ച് വിറ്റു. മുഖ്യമന്ത്രിയുടെ പൊളിറ്റക്കല്‍ സെക്രട്ടറി പി. ശശി എ.ഡി.ജി.പിയെ വഴിവിട്ട് സഹായിച്ചെന്നും അതിനാൽ ക്ലീൻചിറ്റ് റദ്ദാക്കികൊണ്ട് പുനരേന്വേഷണം വേണമെന്നുമായിരുന്നു നാഗരാജിന്‍റെ വാദങ്ങൾ. ഹരജിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് റിപ്പോർട്ട് കോടതി വിളിച്ചു വരുത്തി പരിശോധിച്ചിരുന്നു. ഈ മാസം 30 ന് പരാതിക്കാരനായ നെയ്യാറ്റിൻകര പി. നാഗരാജന്‍റെ മൊഴി കോടതി രേഖപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

