അനധികൃത സ്വത്ത് സമ്പാദന കേസ്: എം.ആർ. അജിത് കുമാറിന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്
text_fieldsതിരുവനന്തപുരം: ഡി.ജി.പി കസേരക്ക് പിന്നാലെ എം.ആർ. അജിത്കുമാറിന് വിജിലൻസിന്റെ ‘ഗുഡ് സർട്ടിഫിക്കറ്റും’. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപന, മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഓഫിസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് വിജിലൻസ് എ.ഡി.ജി.പിക്ക് അനുകൂലമായ റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങുന്നത്. അജിത്കുമാറിനെതിരെ തൃശൂർ പൂരം അലങ്കോലമാക്കിയതിലും ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിലുമുള്ള ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്.
പി.വി. അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങളിലൊന്നും കഴമ്പില്ലെന്നാണ് വിജിലൻസ് റിപ്പോർട്ട്. സ്വർണക്കടത്ത് കേസിൽ പി.വി. അൻവറിന് തെളിവ് ഹാജരാക്കാനായില്ലെന്നും അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ടാഴ്ചക്കകം വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കും.
കവടിയാറിലെ ആഡംബര വീട് നിർമാണത്തിനായി എസ്.ബി.ഐയിൽ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ട്. വീട് നിർമാണം യഥാസമയം സർക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി പത്ത് ദിവസത്തിനുള്ളിൽ ഇരട്ടിവിലയ്ക്ക് മറിച്ച്വിറ്റു എന്നും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചുവെന്നുമുള്ള ആരോപണം ശരിയല്ലെന്നാണ് കണ്ടെത്തൽ. 2009ലാണ് കോണ്ടൂർ ബില്‍ഡേഴ്സുമായി ഫ്ലാറ്റ് വാങ്ങാൻ 37 ലക്ഷം രൂപക്ക് കരാർ ഒപ്പിടുന്നത്. ഇതിനായി 25 ലക്ഷം രൂപ വായ്പയെടുത്തു. 2013ൽ കമ്പനി ഫ്ലാറ്റ് കൈമാറി. പക്ഷേ, ഫ്ലാറ്റ് സ്വന്തം പേരിലേക്ക് രജിസ്റ്റർ ചെയ്യാൻ വൈകി എന്നാണ് കണ്ടെത്തൽ. നാല് വർഷം താമസിച്ചശേഷം 2016ലാണ് 65 ലക്ഷം രൂപക്ക് ഫ്ലാറ്റ് വിൽക്കുന്നത്. വില്പനക്ക് പത്ത് ദിവസം മുമ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സ്വന്തം പേരിലേക്ക് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇക്കാലയളവിനിടയിലെ മൂല്യവര്‍ധനയാണ് ഫ്ലാറ്റിന്റെ വിലയിലുണ്ടായത്. സർക്കാറിനെ അറിയിക്കുന്നതടക്കം എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ട്.
കസ്റ്റംസിലെ ചിലരുടെ സഹായത്തോടെ കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ്.പി ആയിരുന്ന സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിന്റെ വിഹിതം അജിത്കുമാറിന് ലഭിച്ചു എന്നുമായിരുന്നു മറ്റൊരു ആരോപണം. എന്നാൽ സുജിത് ദാസിന്റെ കാലയളവിലാണ് ഏറ്റവും കൂടുതൽ സ്വർണം പിടികൂടിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ കേസുകളിൽ പ്രതി ചേർത്തിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഓഫിസിലെ മരംമുറിയിലും അജിത്കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും കണ്ടെത്താനായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

