കിൻഫ്ര സ്ഥലമേറ്റെടുപ്പിൽ കൃത്രിമം ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസെടുത്തു
text_fieldsകണ്ണൂർ: കിൻഫ്ര വ്യവസായ പാർക്കിന് സ്ഥലമേറ്റെടുപ്പ് നടത്തിയതിന്റെ മറവിൽ വൻ അഴിമതി നടത്തിയ സംഭവത്തിൽ ഹൈകോടതി ഉത്തരവിനു പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസെടുത്തു. സ്പെഷൽ തഹസിൽദാർ എൽ.എ (കിൻഫ്ര )ചാലോട് ഓഫിസിലെ റവന്യൂ ഇൻസ്പെക്ടർ ആയിരുന്ന കെ. ഷാജി, വാല്വേഷൻ അസിസ്റ്റൻറ് ആയിരുന്ന പി. പ്രദീപ് കുമാർ, തഹസിൽദാർ ആയിരുന്ന വി.ഇ. ഷെർലി, പട്ടാനൂർ വില്ലേജ് ഓഫിസറായിരുന്ന പി.പി. സക്കീർ എന്നിവർക്കെതിരെയാണ് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദേശപ്രകാരം കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് കേസെടുത്തത്. മുണ്ടയാടൻ രാജൻ എന്നയാൾ നൽകിയ പരാതിയിലാണ് റവന്യൂ വിജിലൻസ് ആദ്യം അന്വേഷണം നടത്തിയത്.
തുടർന്ന് കോഴിക്കോട് ഉത്തര മേഖല ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് കലക്ടർക്ക് കൈമാറി മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. സർക്കാറിന് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയതായി അന്ന് കണ്ടെത്തിയതിനാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ കലക്ടർക്കും ലാൻഡ് റവന്യൂ കമീഷണർക്കുമാണ് റിപ്പോർട്ട് നൽകിയത്.
കണ്ണൂർ ചാലാട് സ്വദേശി മനോജ് മൂർക്കോത്ത് ഇതേ വിഷയത്തിൽ നടപടിയാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും പരാതി നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം ജൂൺ 21ന് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. 672 പേരുടെ ഭൂമി ഏറ്റെടുപ്പിൽ 260 പേരുടെ ഭൂമിക്ക് മതിയായ രേഖകളില്ലെന്ന് പറഞ്ഞ് കോടതിയിൽ കെട്ടിവെച്ചു.
ഇതിൽ നാലുപേർ മാത്രമാണ് രേഖ ഹാജരാക്കിയത്. 82 കോടി രൂപ സർക്കാറിന് നഷ്ടമുണ്ടാക്കിയതായാണ് കണക്ക്. ഇത്രയും വലിയ നഷ്ടമുണ്ടാക്കിയിട്ടും നടപടിയില്ലാതെ വന്നതോടെ മനോജ് മൂർക്കോത്ത് അഡ്വ. കെ. മോഹനൻ മുഖേന ഹൈകോടതിയെ സമീപിച്ചു. കോടതി ഇടപെട്ടതിനു പിന്നാലെ വിജിലൻസ് സമഗ്ര അന്വേഷണം നടത്തുകയായിരുന്നു. വൻ ക്രമക്കേട് കണ്ടെത്തിയതോടെയാണ് സർക്കാറിന് റിപ്പോർട്ട് നൽകി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തത്. ഇനി ഇവർക്കെതിരെ വകുപ്പുതല നടപടിയും ഉടൻ ഉണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

