എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് മുഖ്യമന്ത്രിയുടെ അറിവോടെ
text_fieldsതിരുവനന്തപുരം: ബന്ധുനിയമന കേസില്‍ മുന്‍മന്ത്രി ഇ.പി. ജയരാജനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയന്‍െറ അറിവോടെ. തിരുവനന്തപുരം സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ്-രണ്ട് എസ്.പിയുടെ മേല്‍നോട്ടത്തില്‍ നടന്ന പ്രാഥമിക അന്വേഷണം ആഴ്ചകള്‍ക്കുമുമ്പുതന്നെ പൂര്‍ത്തിയായിരുന്നു. എസ്.പി ജയകുമാര്‍ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസിന് കൈമാറുകയും ചെയ്തു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദ അന്വേഷണം വേണമെന്നായിരുന്നു അദ്ദേഹത്തിന്‍െറ നിലപാട്. ഇത് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം, തുടര്‍നടപടി കൈക്കൊള്ളും മുമ്പ് ഫയല്‍ വിശദമായി പരിശോധിക്കണമെന്ന നിലപാടാണ് ജേക്കബ് തോമസ് കൈക്കൊണ്ടത്. തുടര്‍ന്ന് ഫയല്‍ പരിശോധിച്ച ജേക്കബ് തോമസ് എഫ്.ഐ.ആര്‍ ഇടേണ്ടിവരുമെന്ന് മുഖ്യമന്ത്രിയെ ധരിപ്പിക്കുകയും ചെയ്തു. എന്നാല്‍, ധിറുതിപിടിച്ച നടപടി വേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഇതേതുടര്‍ന്ന് നടപടി താല്‍ക്കാലികമായി മരവിപ്പിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം നടക്കുന്ന സമയത്ത് എഫ്.ഐ.ആര്‍ തയാറാക്കിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടോയെന്ന് സംശയം ഉയരുന്നുണ്ട്. എന്നാല്‍, തങ്ങള്‍ സ്വാഭാവിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക മാത്രമാണ് ചെയ്തതെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നു.
അതേസമയം, ബന്ധുനിയമന കേസിലെ തുടരന്വേഷണം വിജിലന്‍സിന് കീറാമുട്ടിയാകും. കേസിലെ മുഖ്യപരാതിക്കാരായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും ഇതില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ ഓഫിസിനെ അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍, പ്രാഥമിക അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. പക്ഷേ, തുടരന്വേഷണ വേളയില്‍ അന്വേഷണം പലതലങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടിവരും. മുഖ്യമന്ത്രിയുടെ ഓഫിസും അന്വേഷണപരിധിയില്‍ വന്നേക്കാം. ഇല്ലാത്തപക്ഷം അത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയും തള്ളാനാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
