കെ.എ.എസ്: ആറുമാസമായിട്ടും നിയമനമില്ല; വിഡിയോയുമായി ഒന്നാം റാങ്ക് ജേതാവ്
text_fieldsതിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവിസ് (കെ.എ.എസ്) പരീക്ഷയുടെ റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് ആറുമാസം പിന്നിട്ടിട്ടും നിയമനം നടന്നില്ല. ഫേസ്ബുക്കിൽ വീഡിയോയുമായി കെ.എ.എസ് സ്ട്രീം ഒന്നിലെ ഒന്നാം റാങ്ക് ജേതാവ് തിരുവനന്തപുരം കിളിമാനൂർ സ്വദേശി ദേവനാരായണൻ. ഒരു വർഷം മാത്രമാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി. നിയമനത്തെക്കുറിച്ച് അന്വേഷിക്കുന്ന അമ്മയോട് മറുപടി പറയാൻ തനിക്കാവുന്നില്ല. കേരളത്തിന്റെ സ്വന്തം സിവിൽ സർവിസ് പരീക്ഷ എഴുതിയ തന്റെ അവസ്ഥ ഇതാണെങ്കിൽ പി.എസ്.സിയെ വിശ്വസിച്ച് പരീക്ഷയെഴുതിയ മറ്റ് ചെറുപ്പക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും ദേവനാരായണൻ ചോദിക്കുന്നു.
ലക്ഷക്കണക്കിനുപേർ എഴുതിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത് 2026 ജനുവരി 30നാണ്. 674 പേർ മെയിൻ പരീക്ഷക്ക് യോഗ്യത നേടി. 60 ഓളം പേരാണ് മെയിൻ ലിസ്റ്റിൽ ഇടംപിടിച്ചത്. ഇതിൽനിന്ന് വിജ്ഞാപനപ്രകാരമുള്ള 31 ഒഴിവിലേക്ക് 31 പേരെ തെരഞ്ഞെടുക്കാനുള്ള ഫയൽ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ദേവനാരായണൻ പറയുന്നു. റാങ്ക് ലിസ്റ്റ് നിലവിൽവന്ന ദിവസം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഒന്നായിരുന്നു. ഒരുപാട് അനുമോദനം ലഭിച്ചു. നിരവധിപേർക്ക് പ്രചോദനമാകാൻ കഴിഞ്ഞു. എന്നാലിപ്പോൾ നിയമനത്തെകുറിച്ച് ചോദിക്കുന്നവരോട് ഒന്നും പറയാനാവുന്നില്ല.
കെ.എ.എസിന് പഠിക്കുന്ന ഉദ്യോഗാർഥികളുടെ സംശയങ്ങൾക്ക് സത്യസന്ധമായി മറുപടി നൽകാനാവുന്നില്ല. രാത്രിയും പകലും കഷ്ടപ്പെട്ട് പഠിച്ചാണ് റാങ്ക് ലിസ്റ്റിൽ ഒന്നാമനായത്. യുവാക്കളുടെ വിദ്യാഭ്യാസ, തൊഴിൽ ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന മുഖ്യമന്ത്രിയിലും സർക്കാറിലുമാണ് പ്രതീക്ഷയെന്നും ദേവനാരായണൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

