ദുരിതബാധിതർക്ക് ആശ്വാസവുമായി മന്ത്രിമാരും എം.പിയും
text_fieldsചമ്പക്കുളം സെന്‍റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ ദുരിതബാധിതരുടെ പരാതികൾ കെ.സി. വേണുഗോപാൽ എം.പി, മന്ത്രിമാരായ ടി. സിദ്ദീഖ്, എം. ലിജു എന്നിവർ കേൾക്കുന്നു
ആലപ്പുഴ: കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന കുട്ടനാട് മേഖലകളിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി എം. ലിജു, കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദീഖ്, കെ.സി. വേണുഗോപാൽ എം.പി എന്നിവരടങ്ങുന്ന സംഘം സന്ദർശിച്ചു. റെജി ചെറിയാൻ എം.എൽ.എയും ജില്ല കലക്ടർ ഷാജി വി.നായരും കുട്ടനാട്ടിലെ ജനപ്രതിനിധികളും മുതിർന്ന ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ സംഘം അടിയന്തര ആശ്വാസ നടപടികൾ ഉറപ്പുനൽകി. ചമ്പക്കുളം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, ഫാദർ തോമസ് പോരുകര സ്കൂൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലെ മുറികളിലെത്തി മന്ത്രിമാരും എം.പിയും ദുരിതബാധിതരുമായി സംസാരിച്ചു.
മടവീഴ്ച മൂലമുണ്ടായ വ്യാപക കൃഷിനാശം, വീടുകളിൽ വെള്ളം കയറിയത് തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾ കർഷകരും ദുരിതബാധിതരും ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിന് പിന്നാലെ പോരുകര സ്കൂളിൽ കർഷകരുടെയും ദുരിതബാധിതരുടെയും പ്രത്യേക യോഗം ചേർന്നു.
ക്യാമ്പുകളിൽ കൃത്യമായ വൈദ്യസഹായം, ഭക്ഷണം, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ എന്നിവ തടസ്സമില്ലാതെ ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യുമെന്നും കുട്ടനാടൻ കർഷകരുടെ പ്രശ്നങ്ങൾക്ക് ശാശ്വതവുമായ പരിഹാരങ്ങൾ കണ്ടെത്തുമെന്നും മന്ത്രി ടി. സിദ്ദീഖ് വ്യക്തമാക്കി. പുനഃകൃഷി ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് തിങ്കളാഴ്ച തിരുവനന്തപുരത്ത് സഹകരണ, കൃഷി, ധനകാര്യ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പങ്കെടിപ്പിച്ച് പ്രത്യേക യോഗം ചേരും.
കർഷകർക്ക് അടിയന്തര സാമ്പത്തിക സഹായം എത്തിക്കുന്നതോടൊപ്പം അവരെ കാർഷിക മേഖലയിൽ നിലനിർത്തുന്നതിനാവശ്യമായ എല്ലാ നടപടികളും ചർച്ച ചെയ്തു നടപ്പാക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
തോട്ടപ്പള്ളി സ്പിൽവേ ഭാഗത്തും ലീഡിങ് ചാനലിലും കഴിഞ്ഞ എട്ടുവർഷമായി നടത്തിയ ആഴംകൂട്ടൽ പ്രവർത്തികളുടെ ഫലപ്രാപ്തി വിലയിരുത്താൻ പ്രത്യേകപഠനം നടത്തുമെന്ന് മന്ത്രി എം. ലിജു പറഞ്ഞു. കൃഷിക്കാരും മറ്റ് ദുരിതബാധിതതരും പങ്കുവെച്ച കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടെന്നും ഇവയ്ക്കെല്ലാം ശാശ്വതമായ പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.
നഷ്ടമുണ്ടായ കർഷകർക്കും പാവപ്പെട്ടവർക്കും യുദ്ധകാലാടിസ്ഥാനത്തിൽ സഹായം എത്തിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കെ.സി. വേണുഗോപാൽ എം.പി.യും പറഞ്ഞു. കർഷകർ നേരിടുന്ന പ്രശ്നങ്ങൾ അതീവ ഗൗരവമുള്ളതാണ്.
അത് പരിഹരിച്ചേ മതിയാകൂ. മഴക്ക് മുമ്പ് നടത്തേണ്ട മുന്നൊരുക്കങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് ചമ്പക്കുളം പഞ്ചായത്തിലെ മടവീഴ്ചയുണ്ടായ മൂല പൊങ്ങമ്പ്ര പാടശേഖരവും പുളിങ്കുന്ന് പഞ്ചായത്തിലെ മടവീഴ്ചയിൽ കനത്തനാശനഷ്ടമുണ്ടായ 152 ഹെക്ടർ വിസ്തൃതിയുള്ള വടക്കേകരി മാടതാനികരി പാടശേഖരവും തെക്കെ മണപ്പിള്ളി പാടശേഖരവും കൃഷി മന്ത്രി സന്ദർശിച്ചു.
എ.ഡി.എം സി. പ്രേംജി, ആർ.ഡി.ഒ. ജെ. മോബി, പ്രിൻസിപ്പൽ കൃഷി ഓഫിസർ വി.പി. സിന്ധു, ഡെപ്യൂട്ടി കലക്ടർ (ദുരന്തനിവാരണം) എസ്. ബിജു, തഹസീൽദാർ പി.കെ. സൗമ്യ, ജില്ല പഞ്ചായത്ത് അംഗം സി.വി. രാജീവ്, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

